രണ്ടടിച്ച് ന്യൂകാസില്‍ യുണൈറ്റഡ്; പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരെ നിർണായക വിജയം

ചെല്‍സിക്കെതിരായ വിജയത്തോടെ ന്യൂകാസില്‍ യുണൈറ്റഡ് പട്ടികയിലെ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു

dot image

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരെ ന്യൂകാസില്‍ യുണൈറ്റഡിന് വിജയം. സെന്റ് ജെയിംസ് പാര്‍ക്കില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സിയെ ന്യൂകാസില്‍ കീഴടക്കിയത്. സാന്‍ഡ്രോ ടൊണാലി, ബ്രൂണോ ഗ്വിമറെയ്‌സ് എന്നിവരാണ് ന്യൂകാസിലിന് വേണ്ടി ഗോളുകള്‍ സ്വന്തമാക്കിയത്.

സ്വന്തം കാണികള്‍ക്ക് മുന്നില്‍ നടന്ന മത്സരത്തില്‍ രണ്ട് മിനിറ്റിനുള്ളില്‍ തന്നെ ഗോളടിക്കാന്‍ ന്യൂകാസിലിന് സാധിച്ചു. ജേക്കബ് മര്‍ഫി കൊടുത്ത താഴ്ന്ന ക്രോസില്‍ നിന്ന് സാന്‍ഡ്രോ ടൊണാലിയാണ് ചെല്‍സിയുടെ വല കുലുക്കിയത്. ആദ്യ പകുതിയില്‍ തന്നെ ചെല്‍സിയുടെ നിക്കോളാസ് ജാക്‌സണ് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടി വന്നു. ഇതോടെ 35-ാം മിനിറ്റു മുതല്‍ പത്ത് പേരായി ചുരുങ്ങിയാണ് ചെല്‍സി കളിച്ചത്.

രണ്ടാം പകുതിയില്‍ ചെല്‍സി തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. റീസ് ജെയിംസിലൂടെയും മാര്‍ക്ക് കുക്കുറെല്ലയിലൂടെയും മികച്ച അവസരങ്ങള്‍ ചെല്‍സിക്ക് ലഭിച്ചെങ്കിലും ന്യൂകാസില്‍ ഗോള്‍കീപ്പര്‍ നിക്ക് പോപ്പ് വില്ലനായി. മത്സരത്തിന്റെ നിശ്ചിതസമയം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ വീണ്ടും ചെല്‍സിയുടെ വല കുലുങ്ങി. 90-ാം മിനിറ്റില്‍ ബ്രൂണോ ഗ്വിമറെയ്‌സ് നേടിയ ഗോളിലൂടെ ന്യൂകാസില്‍ വിജയം ഉറപ്പിച്ചു.

ചെല്‍സിക്കെതിരായ വിജയത്തോടെ ന്യൂകാസില്‍ യുണൈറ്റഡ് പട്ടികയിലെ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. 36 മത്സരങ്ങളില്‍ നിന്ന് 66 പോയിന്റാണ് ന്യൂകാസിലിന്റെ സമ്പാദ്യം. 63 പോയിന്റുമായി അഞ്ചാമതാണ് ചെല്‍സി.

Content Highlights: Premier League: Newcastle secure a vital three points against 10-man Chelsea

dot image
To advertise here,contact us
dot image