'ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നത് പാക് ക്രിക്കറ്റ് ബോര്‍ഡ് ഒളിച്ചുവെച്ചു'; ആരോപണവുമായി PSL താരം

'ശേഷിക്കുന്ന മത്സരങ്ങള്‍ ദുബായില്‍ നടത്തണമെന്നായിരുന്നു മിക്ക വിദേശ താരങ്ങളും യോഗത്തില്‍ ആവശ്യപ്പെട്ടത്'

dot image

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഗുരുതര ആരോപണവുമായി ബംഗ്ലാദേശ് താരവും പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ (പിഎസ്എല്‍) ലാഹോര്‍ ക്വാലന്‍ഡേഴ്‌സ് ടീം അംഗവുമായ റിഷാദ് ഹൊസൈന്‍. അതിര്‍ത്തിയില്‍ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പിഎസ്എല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിസിബിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് റിഷാദ് രംഗത്തെത്തിയത്. ക്രിക് ബസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

കറാച്ചിയില്‍ രണ്ടുതവണ ഡ്രോണ്‍ ആക്രമണം ഉണ്ടായ വിവരം പിഎസ്എല്‍ താരങ്ങളില്‍ നിന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് മറച്ചുവെച്ചെന്നും ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കറാച്ചിയില്‍ മാത്രമായി നടത്താന്‍ നീക്കം നടന്നെന്നുമാണ് റിഷാദ് ഹൊസൈന്റെ ആരോപണം. താരങ്ങള്‍ ആശങ്ക അറിയിച്ചതിന് പിന്നാലെയാണ് മത്സരം യുഎഇയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്നും താരം തുറന്നുപറഞ്ഞു.

'സംഘര്‍ഷം നിലനിന്നിരുന്ന സാഹചര്യത്തില്‍ താരങ്ങളുടെ ആശങ്കകള്‍ മനസിലാക്കുന്നതിനായി ഒരു യോഗം നടത്തിയിരുന്നു. ശേഷിക്കുന്ന മത്സരങ്ങള്‍ ദുബായില്‍ നടത്തണമെന്നായിരുന്നു മിക്ക വിദേശ താരങ്ങളും യോഗത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ബാക്കിയുള്ള മത്സരങ്ങള്‍ കറാച്ചിയില്‍ നടത്താമെന്ന നിലപാടാണ് പാക് ബോര്‍ഡ് സ്വീകരിച്ചത്. കഴിഞ്ഞ ദിവസം രണ്ട് ഡ്രോണ്‍ ആക്രമണങ്ങള്‍ ഇവിടെ നടന്നിരുന്നു. എന്നാല്‍ അക്കാര്യം അധികൃതര്‍ ഞങ്ങളില്‍ നിന്ന് മറച്ചു വെയ്ക്കാനാണ് ശ്രമിച്ചത്. ഞങ്ങളെല്ലാം അത് പിന്നീടാണ് അറിഞ്ഞത്. അക്കാര്യം അറിഞ്ഞതിനുശേഷമാണ് താരങ്ങള്‍ ദുബായിലേക്ക് മാറാന്‍ ഉറപ്പിച്ചത്. ദുബായില്‍ എത്താന്‍ സഹായിച്ചതിന് പാക് ക്രിക്കറ്റ് ബോര്‍ഡിന് നന്ദി പറയുന്നു', റിഷാദ് ഹൊസൈന്‍ പറഞ്ഞു.

ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് പാകിസ്താന്‍ സൂപ്പര്‍ ലീഗ് നിര്‍ത്തിവെയ്‌ക്കേണ്ടി വന്നത്. സമാനമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗും നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. ഐപിഎല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയില്‍ തന്നെ പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗ് ഇനിയെന്ന് പുനരാരംഭിക്കുമെന്നതില്‍ വ്യക്തതയില്ല.

Content Highlights: Pakistan Cricket Under Fire After PSL Player Makes Explosive Claim

dot image
To advertise here,contact us
dot image