ഇത് സംഭവിച്ചുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല; ടൂറിസ്റ്റ് ഫാമിലി സംവിധായകന് സൂപ്പർസ്റ്റാറിന്റെ വക സ്പെഷ്യൽ കോൾ

പതിയെ തുടങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങൾ ലഭിച്ചതോടെ ഷോ വർധിക്കുന്ന കാഴ്ചയാണുണ്ടാകുന്നത്

dot image

ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അബിഷൻ ജിവിന്ത് സംവിധാനം ചെയ്യുന്ന കോമഡി എൻ്റർടൈയ്നർ ചിത്രമാണ് 'ടൂറിസ്റ്റ് ഫാമിലി'. 'ആവേശം' എന്ന ചിത്രത്തിൽ ബിബിമോൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മിഥുൻ ജയ് ശങ്കറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മെയ് ഒന്നിന് റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തമിഴ്നാട് ബോക്സ് ഓഫീസിൽ മുന്നേറുന്ന കാഴ്ചയാണുണ്ടാകുന്നത്. ഇപ്പോഴിതാ സിനിമയുടെ സംവിധായകൻ അബിഷൻ ജിവിന്ത് പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാകുന്നത്.

ചിത്രം കണ്ട് സൂപ്പർസ്റ്റാർ രജനികാന്ത് വിളിച്ചെന്നാണ് സംവിധായകൻ പങ്കുവെച്ചത്. 'സൂപ്പർ സൂപ്പർ സൂപ്പർ എക്സ്ട്രാഓർഡിനറി' എന്ന് രജനികാന്ത് പറഞ്ഞുവെന്നാണ് ചിത്രത്തിന്‍റെ ക്യാപ്ഷനില്‍ നിന്നും മനസിലാകുന്നത്. 'ഈ ഫോൺ കോൾ യഥാർത്ഥത്തിൽ സംഭവിച്ചുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. സൂപ്പർ ഹ്യൂമനിൽ നിന്ന് ഒരു സ്പെഷ്യൽ കോൾ ലഭിച്ചു', എന്നാണ് അബിഷൻ ജിവിന്ത് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ചിത്രം ഏഴ് ദിവസം കൊണ്ട് തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്നും 21 കോടി സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. പതിയെ തുടങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങൾ ലഭിച്ചതോടെ ഷോ വർധിക്കുന്ന കാഴ്ചയാണുണ്ടാകുന്നത്.

കേരളത്തിലും സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. 80 ലക്ഷമാണ് സിനിമ ഇതുവരെ കേരളത്തിൽ നിന്നും നേടിയത്. ഈ വർഷം പുറത്തിറങ്ങിയതിലെ ഒരു മികച്ച സിനിമയാണ് 'ടൂറിസ്റ്റ് ഫാമിലി' എന്നാണ് പേക്ഷകർ ഒന്നടങ്കം പറയുന്നത്. ചിത്രത്തിലെ ഹ്യൂമറും, ഇമോഷൻസും, ഡ്രാമയുമെല്ലാം സംവിധായകൻ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ടെന്നും മികച്ചു നിൽക്കുന്ന പ്രകടനങ്ങള്‍ സിനിമയ്‌ക്കൊരു മുതൽക്കൂട്ടാണെന്നും പ്രതികരണങ്ങൾ ഉണ്ട്

ഗുഡ് നൈറ്റ്, ലവർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ നിർമിച്ച മില്യൺ ഡോളർ സ്റ്റുഡിയോസും ഒപ്പം എംആർപി എൻ്റർടൈയ്ൻമെൻ്റ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. യോഗി ബാബു, കമലേഷ്, എം. ഭാസ്കർ, രമേഷ് തിലക്, ബക്സ്, ഇളങ്കോ കുമാരവേൽ, ശ്രീജ രവി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നതും അബിഷൻ ജിവിന്ത് ആണ്. ഷോൺ റോൾഡൻ ആണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. നേരത്തെ ഗുഡ് നൈറ്റ്, ലവർ തുടങ്ങിയ സിനിമകൾക്ക് സംഗീതമൊരുക്കിയതും ഷോൺ റോൾഡൻ ആയിരുന്നു. അരവിന്ദ് വിശ്വനാഥൻ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ഭരത് വിക്രമൻ ആണ്.

Content Highlights: Tourist Family director gets a call from Rajinikanth

dot image
To advertise here,contact us
dot image