തീപാറും എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെ കീഴടക്കി; ലാ ലിഗ കിരീടത്തിനരികെ ബാഴ്‌സ

ഈ വിജയത്തോടെ ലാ ലിഗ കിരീടത്തിലേക്ക് ബാഴ്‌സ അടുത്തു.

dot image

സ്പാനിഷ് ലാ ലിഗയിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്‌സലോണയ്ക്ക് ആവേശവിജയം. ഒളിംപിക് സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡിനെ ബാഴ്‌സ കീഴടക്കിയത്.

ഈ വിജയത്തോടെ ലാ ലിഗ കിരീടത്തിലേക്ക് ബാഴ്‌സ അടുത്തു. 35 മത്സരങ്ങളില്‍ നിന്ന് 82 പോയിന്റുകളാണ് ബാഴ്‌സയുടെ സമ്പാദ്യം. 75 പോയിന്റുമായി രണ്ടാമതുള്ള റയലിനേക്കാള്‍ ഏഴ് പോയിന്റ് മുന്നിലാണ് റയല്‍. ഇനി ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം കൂടി നേടിയാല്‍ അവര്‍ക്ക് ലാ ലിഗ ചാമ്പ്യന്മാരാകാം.

രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം ആവേശകരമായ തിരിച്ചുവരവ് നടത്തിയാണ് ബാഴ്സ വിജയം പിടിച്ചെടുത്തത്. ആദ്യ പകുതി തീര്‍ന്നപ്പോള്‍ രണ്ട് ഗോളിന്റെ ലീഡ് വഴങ്ങിയ റയല്‍ രണ്ടാം പകുതിയില്‍ സമനില പിടിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. റയലിന് വേണ്ടി സ്റ്റാര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ ഹാട്രിക്ക് നേടിയെങ്കിലും വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ബാഴ്‌സക്കായി റാഫീഞ്ഞ ഇരട്ട ഗോളുകള്‍ നേടി തിളങ്ങി. കൂടാതെ എറിക്ക് ഗാര്‍ഷ്യ, ലമീന്‍ യമാല്‍ എന്നിവരും റയലിന്റെ വല കുലുക്കി.

ബാഴ്‌സയുടെ തട്ടകത്തില്‍ ആവേശകരമായ മത്സരത്തിനാണ് തുടക്കം മുതലേ ആരാധകര്‍ സാക്ഷ്യം വഹിച്ചത്. മത്സരത്തിന്റെ 5-ാം മിനിറ്റില്‍ തന്നെ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് എംബാപ്പെ റയലിനെ മുന്നിലെത്തിച്ചു. 14-ാം മിനിറ്റില്‍ എംബാപ്പെ തന്നെ റയലിന്റെ ലീഡ് ഇരട്ടിയാക്കി.

19-ാം മിനിറ്റില്‍ എറിക് ഗാര്‍ഷ്യയിലൂടെ ബാഴ്‌സ തിരിച്ചടി തുടങ്ങി. തൊട്ടുപിന്നാലെ 32-ാം മിനിറ്റില്‍ ലമീന്‍ യമാല്‍ ഗോളടിച്ച് ബാഴ്‌സയെ സമനിലയിലെത്തിച്ചു. 34, 45 മിനിറ്റുകളില്‍ റാഫീഞ്ഞയും ഗോളുകള്‍ നേടിയതോടെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ബാഴ്‌സ 4-2ന് മുന്നിലെത്തി.

രണ്ടാം പകുതിയില്‍ ബാഴ്‌സയ്ക്ക് ഒരു ഗോള്‍ പോലും നേടാന്‍ സാധിച്ചില്ലെങ്കിലും വിജയം കൈവിട്ടില്ല. 70-ാം മിനിറ്റില്‍ എംബാപ്പെ തന്റെ ഹാട്രിക് പൂര്‍ത്തിയാക്കി റയലിന് പ്രതീക്ഷ നല്‍കിയെങ്കിലും ബാഴ്‌സ ലീഡ് കൈവെടിയാതെ പിടിച്ചുനിന്നു.

സീസണില്‍ തുടരെ നാലാം എല്‍ ക്ലാസിക്കോയിലാണ് റയല്‍ പരാജയം വഴങ്ങുന്നത്. ലാ ലിഗയില്‍ രണ്ട് എല്‍ ക്ലാസിക്കോയും സ്പാനിഷ് സൂപ്പര്‍ കപ്പ്, സ്പാനിഷ് കപ്പ് ഫൈനല്‍ എന്നീ പോരാട്ടങ്ങളിലുമാണ് റയല്‍ പരാജയപ്പെട്ടത്.

Content Highlights: Barcelona beats Real Madrid in seven-goal El Clasico thriller

dot image
To advertise here,contact us
dot image