
ചിരഞ്ജീവി, ശ്രീദേവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കെ രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത് 1990 ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ജഗദേക വീരുഡു അതിലോക സുന്ദരി'. ഫാന്റസി ഡ്രാമയായി എത്തിയ ചിത്രം വമ്പൻ വിജയമാണ് സ്വന്തമാക്കിയത്. 15 കോടിയായിരുന്നു ചിത്രം അന്ന് സ്വന്തമാക്കിയത്. പുറത്തിറങ്ങി 35 വർഷത്തിന് ശേഷം ചിത്രം ഇപ്പോൾ റീറിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് റീ റിലീസിലും ലഭിക്കുന്നത്.
മെയ് 10നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ സൂപ്പര്‍ഹിറ്റ് ചിത്രം റീ റിലീസ് ചെയ്തത്. എല്ലായിടത്തും അതിശയകരമായ പ്രേക്ഷക തിരക്ക് ആണ് ഉണ്ടാകുന്നത്. ചിത്രം ആദ്യ ദിനം 1.75 കോടി രൂപ ഗ്രോസ് നേടിയെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ഒരു ചിത്രം റീറിലീസില്‍ നേടുന്ന ഏറ്റവും മികച്ച ഓപ്പണിംഗാണ് ഇത്. ചിത്രം 2D യിലും 3D യിലുമാണ് റീറിലീസ് ചെയ്തിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിരഞ്ജീവി സിനിമകളെല്ലാം വലിയ പരാജയങ്ങളായിരുന്നു. 'ജഗദേക വീരുഡു അതിലോക സുന്ദരി'യുടെ ഈ വിജയം ചിരഞ്ജീവിക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
വാരാന്ത്യത്തിലും ചിത്രം മികച്ച കളക്ഷൻ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഘവേന്ദ്ര റാവുവും ജന്ധ്യാലയും ചേർന്നാണ് 'ജഗദേക വീരുഡു അതിലോക സുന്ദരി'യുടെ തിരക്കഥ എഴുതിയത്. ചിരഞ്ജീവി, ശ്രീദേവി എന്നിവര്‍ക്ക് പുറമേ അമരീഷ് പുരി, പ്രഭാകർ, അല്ലു രാമലിംഗയ്യ, റാമി റെഡ്ഡി എന്നിവരും പ്രധാന വേഷത്തില്‍ എത്തി. ഇളയരാജയാണ് സംഗീതം ഒരുക്കിയത്. സിനിമയിലെ ഗാനങ്ങൾ എല്ലാം വലിയ തരംഗമായിരുന്നു. രാജു എന്ന ഗൈഡും ദേവരാജാവായ ഇന്ദ്രന്‍ പുത്രിയായ ഇന്ദ്രജയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്‍റെ കഥ. 1990 ലെ തെലുങ്കിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം കൂടിയാണ് ജഗദേക വീരുഡു അതിലോക സുന്ദരി.
Content Highlights: 35 year old Chiranjevi film creates record at re release