ഏഷ്യന് ഗെയിംസ് ഫുട്ബോളില് നിന്ന് ഇന്ത്യ പുറത്ത്; പ്രീ ക്വാര്ട്ടറില് സൗദിയോട് കീഴടങ്ങി

മറുപടിയില്ലാത്ത രണ്ട് ഗോളുകള്ക്കായിരുന്നു ഇന്ത്യയുടെ പരാജയം

dot image

ഹാങ്ചൗ: 19-ാമത് ഏഷ്യന് ഗെയിംസിലെ പുരുഷ വിഭാഗം ഫുട്ബോളില് ഇന്ത്യ പുറത്ത്. ഹാങ്ചൗവിലെ ഹുവാങ്ലോങ് സ്പോര്ട്സ് സെന്റര് സ്റ്റേഡിയത്തില് നടന്ന പ്രീ ക്വാര്ട്ടര് പോരാട്ടത്തില് കരുത്തരായ സൗദി അറേബ്യയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്ക്കായിരുന്നു ഛേത്രിയും സംഘവും കീഴടങ്ങിയത്. മുന്നേറ്റ താരം മൊഹമ്മദ് ഖലീല് മാരന് നേടിയ ഇരട്ട ഗോളുകള്ക്കായിരുന്നു സൗദിയുടെ വിജയം.

സൗദിയുടെ മുന്നേറ്റങ്ങളോടെയായിരുന്നു മത്സരം ആരംഭിച്ചത്. 22-ാം മിനിറ്റില് സൗദി താരം മുസാബ് അല് ജുവൈര് തൊടുത്ത ഷോട്ട് കീപ്പര് ധീരജിനെ മറികടന്നെങ്കിലും ക്രോസ് ബാറില് തട്ടി മടങ്ങി. 25-ാം മിനിറ്റില് ബോക്സിന് പുറത്ത് പന്ത് ലഭിച്ച മാരന് തൊടുത്ത ഷോട്ട് ധീരജ് രക്ഷപ്പെടുത്തി. 40-ാം മിനിറ്റില് അല് ജുവൈര് എടുത്ത ഫ്രീകിക്കും ധീരജ് സേവ് ചെയ്തു. ഇരുടീമുകളുടെയും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കണ്ട ആദ്യപകുതി ഗോള്രഹിതമായി അവസാനിച്ചു.

എന്നാല് രണ്ടാം പകുതിയില് സൗദിയുടെ ആധിപത്യമാണ് കണ്ടത്. ആറ് മിനിറ്റിനുള്ളില് പിറന്ന രണ്ട് ഗോളുകള് മത്സരത്തിന്റെ ഗതി മാറ്റുകയായിരുന്നു. 51-ാം മിനിറ്റിലായിരുന്നു സൗദി ആദ്യ ലീഡെടുത്തത്. ഇന്ത്യയുടെ റഹീം അലിയെ മറികടന്ന് സൗദി താരം അല് ഷബത് മാരന് പന്ത് കൈമാറി. പാസ് സ്വീകരിച്ച മാരന് ഹെഡറിലൂടെ ഇന്ത്യന് വല കുലുക്കി. 57-ാം മിനിറ്റില് സൗദി സ്കോര് രണ്ടാക്കി ഉയര്ത്തി. സൗദിയുടെ ടോപ് സ്കോററായ മാരന് തന്നെയായിരുന്നു ഇത്തവണയും ഗോള് നേടിയത്. സൗദി പ്രോ ലീഗ് ക്ലബ്ബായ അല് നസറില് സൂപ്പര് താരം ക്രിസ്റ്റിയാനോ റൊണാള്ഡോയുടെ സഹതാരമാണ് 22കാരനായ മാരന്.

dot image
To advertise here,contact us
dot image