ഐപിഎല്ലിന്‍റെ പുതുക്കിയ ഫിക്‌സ്ചര്‍ ഇന്ന്; ഫൈനല്‍ മെയ് 30ന് നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്

മത്സരങ്ങള്‍ മൂന്ന് വേദികളിലായി ചുരുക്കുന്ന കാര്യവും ബിസിസിഐ പരിഗണിക്കുന്നുണ്ട്

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ പുതുക്കിയ മത്സരക്രമം ഇന്ന് രാത്രിയോടെ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. അതിര്‍ത്തിയിലെ ഇന്ത്യ-പാക് സംഘര്‍ഷങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ച ടൂര്‍ണമെന്റ് വീണ്ടും ആരംഭിക്കാന്‍ ബിസിസിഐ തീരുമാനിച്ചതോടെയാണ് പുതിയ ഫിക്‌സ്ചര്‍ ഇന്ന് ഇറക്കുന്നത്. മെയ് 16 വെള്ളിയാഴ്ച മുതല്‍ മത്സരങ്ങള്‍ പുനഃരാരംഭിക്കാനാണ് ബിസിസിഐ ആലോചിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശനിയാഴ്ച വൈകിട്ടോടെ ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പുതിയ നീക്കം. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐപിഎല്‍ ഫൈനല്‍ ഇപ്പോള്‍ ആദ്യം നിശ്ചയിച്ചിരുന്ന മെയ് 25 ന് പകരം മെയ് 30 ന് നടത്താനും സാധ്യതയുണ്ട്. ഈ പുതുക്കിയ സമയക്രമം പാലിക്കുന്നതിന് വേണ്ടി കൂടുതല്‍ ഡബിള്‍ ഹെഡര്‍ മത്സരങ്ങള്‍ നടത്താനും വേദികള്‍ പരിമിതപ്പെടുത്താനും സാധ്യതയുണ്ട്. മത്സരങ്ങള്‍ മൂന്ന് വേദികളിലായി ചുരുക്കുന്ന കാര്യമാണ് ബിസിസിഐ പരിഗണിക്കുന്നത്. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്ക് മാത്രമായി മത്സരങ്ങള്‍ ചുരുക്കുന്ന കാര്യമാണ് ബിസിസിഐ പരിഗണിക്കുന്നത്.

അതേസമയം പഞ്ചാബ് കിങ്‌സ് ഒഴികെയുള്ള എല്ലാ ഐപിഎല്‍ ടീമുകളോടും ചൊവ്വാഴ്ചയോടെ അവരുടെ ഹോം വേദിയിലേക്ക് മുഴുവന്‍ താരങ്ങളെയും എത്തിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടിരിന്നു. പഞ്ചാബ് കിംഗ്‌സിന്റെ ഹോം മത്സരങ്ങള്‍ ധരംശാലയില്‍ നിന്ന് നിഷ്പക്ഷ വേദിയിലേക്ക് മാറ്റുമെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഐപിഎല്‍ നിര്‍ത്തിവെച്ചതോടെ നാട്ടിലേക്ക് മടങ്ങിയ വിദേശതാരങ്ങള്‍ തിരിച്ചെത്തുന്ന കാര്യത്തില്‍ പല ടീമുകളും ബിസിസിഐയെ ആശങ്ക അറിയിച്ചിട്ടുമുണ്ട്. അതിര്‍ത്തി സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ഐപിഎല്‍ നിര്‍ത്തിവെച്ചതോടെ ഭൂരിഭാഗം വിദേശതാരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുകളും വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നാട്ടിലേക്ക് മടങ്ങിയിരുന്നു.10 ടീമുകളിലായി 62 വിദേശ താരങ്ങളാണ് ഐപിഎല്ലില്‍ കളിക്കുന്നത്.

ഐപിഎല്‍ പ്ലേ ഓഫിലേക്കുള്ള പോരാട്ടം കടുത്തിരിക്കെയാണ് ടൂര്‍ണമെന്റ് നിര്‍ത്തലാക്കേണ്ടി വന്നത്. 11 മത്സരങ്ങളില്‍ നിന്നായി 16 പോയിന്റ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ഒന്നാമതും സമാനസ്ഥിതിയിലുള്ള റോയല്‍ ചലഞ്ചേഴ്‌സ് രണ്ടാം സ്ഥാനത്തുമുണ്ട്. 11 മത്സരങ്ങളില്‍ നിന്നായി 15 പോയിന്റുള്ള പഞ്ചാബ് മൂന്നാം സ്ഥാനത്തും 12 മത്സരങ്ങളില്‍ നിന്നായി 14 പോയിന്റുള്ള മുംബൈ ഇന്ത്യന്‍സ് നാലാമതുമുണ്ട്.

13 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സിനും 11 പോയന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും 10 പോയിന്റുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനും പ്ലേ ഓഫ് സാധ്യകള്‍ നിലനില്‍ക്കുന്നു. ഏഴ് പോയിന്റ് മാത്രമുള്ള ഹൈദരാബാദും ആറ് പോയിന്റ് വീതമുള്ള രാജസ്ഥാനും ചെന്നൈയും പ്ലേ ഓഫിലെത്താതെ പുറത്തായി.

Content Highlights: IPL 2025: BCCI likely to restart league on Friday, final could take place on 30 May, claims report

dot image
To advertise here,contact us
dot image