
ഡല്‍ഹി: പഹല്‍ഗാം ആക്രമണവും ഓപ്പറേഷന്‍ സിന്ദൂറും ഇന്ത്യാ-പാക് വെടിനിര്‍ത്തലും ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാകിസ്താനുമായുളള വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെടുന്നത്. ഇന്ത്യാ-പാകിസ്താന്‍ വെടിനിര്‍ത്തലിനെക്കുറിച്ച് ആദ്യം പ്രഖ്യാപിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണെന്ന കാര്യവും രാഹുല്‍ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രിക്ക് അയച്ച കത്ത് രാഹുല്‍ ഗാന്ധി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
'ബഹുമാനപ്പെട്ട പ്രധാനമന്ത്രി, പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഉടന്‍ വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ഏകകണ്ഠമായ ആവശ്യം ഞാന്‍ ആവര്‍ത്തിക്കുകയാണ്. പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, വെടിനിര്‍ത്തല്‍ എന്നിവയെക്കുറിച്ച് ജനങ്ങളും അവരുടെ പ്രതിനിധികളും അറിയാന്‍ പാര്‍ലമെന്റ് പ്രത്യേക സമ്മേളനം വിളിക്കേണ്ടത് അനിവാര്യമാണ്. വെടിനിര്‍ത്തല്‍ ആദ്യം പ്രഖ്യാപിച്ചത് യുഎസ് പ്രസിഡന്റ് ആണല്ലോ. ഭാവിയിലെ വെല്ലുവിളികള്‍ അതിജീവിക്കാനുളള അവസരം കൂടി ഇങ്ങനെയൊരു കൂടിച്ചേരലിലൂടെ കൈവരും. ഈ ആവശ്യം താങ്കള്‍ ഗൗരവമായിത്തന്നെ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു'- എന്നാണ് രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും പാര്‍ലമെന്റ് പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നതിനു പിന്നാലെ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചിരുന്നു. യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തിരുന്നില്ല. ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നടങ്കം പിന്തുണ പ്രഖ്യാപിച്ചു. തുടര്‍ന്നായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പിലാക്കിയത്.
അതേസമയം, ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചതായി ആദ്യം പ്രഖ്യാപിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്. വെടിനിര്‍ത്തലിനായി പ്രവര്‍ത്തിച്ചത് അമേരിക്കയാണെന്ന് ട്രംപ് ആവര്‍ത്തിക്കുമ്പോള്‍ ചര്‍ച്ചയില്‍ മൂന്നാംകക്ഷിയില്ലെന്നാണ് ഇന്ത്യയുടെ വാദം. ഈ പശ്ചാത്തലത്തിലാണ് കൃത്യമായ മറുപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നത്.
Content Highlights: Rahul gandhi letter to narendra modi demanding special parliament session to discuss operation sindoor