
വാടാനപ്പള്ളി: ആംബുലൻസിന്റെ മറവിൽ രാസലഹരി കച്ചവടം നടത്തിവന്നിരുന്ന രണ്ടുപേർ അറസ്റ്റിൽ. ആംബുലൻസിന്റെ ഉടമയും ഡ്രൈവറുമായ ചേറ്റുവ പുത്തൻപീടികയിൽ വീട്ടിൽ നസറുദ്ദീൻ (30), ചാവക്കാട് കൊട്ടിൽപറമ്പിൽ വീട്ടിൽ അസ്ലാം (24) എന്നിവരാണ് പിടിയിലായത്. ചേറ്റുവ-ചാവക്കാട് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ലഹരിക്കച്ചവടം.
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി മയക്കുമരുന്നിനെതിരെ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നിർദേശപ്രകാരം റൂറൽ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും വാടാനപ്പള്ളി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തി ചേറ്റുവ പാലത്തിനു സമീപം നിർത്തിയിട്ടിരുന്ന ആംബുലൻസിൽ പരിശോധന നടത്തുകയായിരുന്നു. 0.86 ഗ്രാം എംഡിഎംഎയാണ് വാഹനത്തിൽനിന്ന് പിടിച്ചെടുത്തത്.
ആംബുലൻസ് ചേറ്റുവ കടവിലും എംഇഎസ് സെന്ററിലും കൊണ്ടിട്ട് ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലങ്ങളിലേക്ക് ആംബുലൻസിൽ രാസലഹരി എത്തിച്ചു കൊടുക്കുന്നതായിരുന്നു ഇവരുടെ രീതി. രാസലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും വിപണനം നടത്തുവാനുള്ള സിപ് ലോക്ക് കവറുകളും വാഹനത്തിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ആംബുലൻസിലിരുന്ന് രാസലഹരി ഉപയോഗിക്കുവാനുള്ള സൗകര്യവും ഇവർ ഒരുക്കിക്കൊടുത്തിരുന്നു. ഇവർക്ക് രാസലഹരി കൈമാറിയ സംഘത്തെപ്പറ്റിയുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
റൂറൽ ഡിസിബി ഡിവൈഎസ്പി ഉല്ലാസ് കുമാർ, കൊടുങ്ങല്ലൂർ ഡിവൈഎസ്പി വികെ രാജു എന്നിവരുടെ നേതൃത്വത്തിൽ വാടാനപ്പള്ളി സബ് ഇൻസ്പെക്ടർ ശ്രീലക്ഷ്മി, റൂറൽ ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് സബ് ഇൻസ്പെക്ടർ സി ആർ പ്രദീപ്, സബ് ഇൻസ്പെക്ടർമാരായ ജയരാജ്, മുഹമ്മദ് റാഫി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സികെ ബിജു, സുരേഖ്, ജിനേഷ്, അരുൺ, ഷിജു, സിവിൽ പൊലീസ് ഓഫിസർ എ ബി നിഷാന്ത് എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്നും പ്രതികളെയും പിടികൂടിയത്.
Content Highlights: two arrested for selling drugs behind an ambulance