
മോഹൻലാൽ-തരുൺ മൂർത്തി ചിത്രം 'തുടരും' തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മലയാളത്തിലെ പല റെക്കോർഡുകളും തിരുത്തിക്കുറിച്ചാണ് മോഹൻലാൽ ചിത്രം ജൈത്രയാത്ര തുടരുന്നത്. ഇപ്പോൾ സിനിമയിൽ ഏറെ കയ്യടി കിട്ടിയ മോഹൻലാലിന്റെ ഫൈറ്റ് സീനിന് ഉപയോഗിച്ച ‘കടേറും കൊമ്പാ’ എന്ന പാട്ടിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ജേക്സ് ബിജോയ് സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നതും ജേക്സ് തന്നെയാണ്. ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയാണ്. സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
അതേസമയം ആഗോളതലത്തിൽ തുടരും ഇതുവരെ 190 കോടിയിലധികം രൂപയാണ് നേടിയിരിക്കുന്നത്. അടുത്ത ദിവസം തന്നെ സിനിമ ആഗോളതലത്തിൽ 200 കോടി എന്ന സംഖ്യ മറികടക്കുമെന്നാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രണ്ടുമാസത്തിനിടെ 200 കോടി ക്ലബിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രമാകും തുടരും. മാർച്ച് മാസത്തിൽ പുറത്തിറങ്ങിയ എമ്പുരാനും 200 കോടി ക്ലബിൽ ഇടം നേടിയിരുന്നു.
ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.
Content Highlights: Thudarum movie song making video out