ഓപണർ അല്ലെങ്കിൽ വൺഡൗൺ; ടെസ്റ്റ് ടീമിൽ രോഹിത്തിന് പകരക്കാരൻ സായി സുദർശൻ: റിപ്പോർട്ട്

മെയ് അവസാനമാകും ഇം​ഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുക

dot image

ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് വിരമിച്ച രോഹിത് ശർമയ്ക്ക് പകരം തമിഴ്നാട് താരം സായി സുദർശൻ ഇന്ത്യൻ ടീമിലേക്കെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഐപിഎല്ലിൽ ​ഗുജറാത്ത് ടൈറ്റൻസിനായി മികച്ച പ്രകടനമാണ് സുദർശൻ കാഴ്ചവെയ്ക്കുന്നത്. മെയ് അവസാനമാകും ഇം​ഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുക. ഇതിന് മുമ്പ് ഇം​ഗ്ലണ്ട് ലയൺസിനെതിരെ ഇന്ത്യ എ ടീം നാല് ദിവസം നീളുന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങൾ കളിക്കും. ഈ പരമ്പരയ്ക്കായുള്ള ടീമിനെ അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും. സീനിയർ താരങ്ങൾ ഉൾപ്പെടെ ഈ പരമ്പരയുടെ ഭാ​ഗമാകുമെന്നാണ് റിപ്പോർട്ടുകൾ. സായി സുദർശനും പരമ്പരയിൽ അവസരം ലഭിച്ചേക്കും.

അതിനിടെ ഇം​ഗ്ലണ്ട് പരമ്പരയിൽ ശുഭ്മൻ ​ഗില്ലിനെ ക്യാപ്റ്റനായും റിഷഭ് പന്തിനെ ഉപനായകനായും പരി​ഗണിക്കുവാനാണ് ബിസിസിഐ നീക്കം. ഓസ്‌ട്രേലിയൻ പരമ്പരയിൽ രണ്ട് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച ജസ്പ്രീത് ബുംമ്രയെ ബിസിസിഐ ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നില്ലെന്നും സൂചനകളുണ്ട്. ബുംമ്രയെ തുടർച്ചയായി പരിക്കുകൾ അലട്ടുന്നത് താരത്തെ ദീർഘകാലത്തേയ്ക്ക് ടെസ്റ്റ് നായകനായി തിരഞ്ഞെടുക്കുന്നതിൽ നിന്നും ബിസിസിഐയെ പിന്തിരിപ്പിക്കുന്ന ഘടകം.

വിദേശ സാഹചര്യങ്ങളിൽ ഇന്ത്യയുടെ മികച്ച ടെസ്റ്റ് ബാറ്റർമാരിൽ ഒരാളെന്നതാണ് റിഷഭ് പന്തിന് അനുകൂലമാകുന്നത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ മികച്ച പ്രകടനം റിഷഭ് പന്ത് പുറത്തെടുത്തിരുന്നു. 42ന് മുകളിലാണ് ഈ രാജ്യങ്ങളിൽ പന്തിന്റെ ബാറ്റിങ് ശരാശരി. പരിചയ സമ്പന്നനായ കെ എൽ രാഹുലിനെയും ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. രാഹുൽ ഇതിനോടകം 33 വയസ് പിന്നിട്ടിരിക്കുന്നു. ബാറ്റിങ്ങിൽ സ്ഥിരത പുലർത്താത്തതും രാഹുലിനെ ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് പരി​ഗണിക്കാത്തതിന് കാരണമായി.

Content Highlights: Sai Sudarshan might Replace Rohit Sharma In Indian Team

dot image
To advertise here,contact us
dot image