സെമിയില്‍ ഓസീസ് വീണു; ഫൈനലില്‍ 'സ്‌പെയ്ന്‍ VS ഇംഗ്ലണ്ട്'

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്റെ വിജയം
സെമിയില്‍ ഓസീസ് വീണു; ഫൈനലില്‍ 'സ്‌പെയ്ന്‍ VS ഇംഗ്ലണ്ട്'

സിഡ്‌നി:2023 ഫിഫ വനിതാ ലോകകപ്പ് ഫൈനലില്‍ സ്‌പെയിന്‍ ഇംഗ്ലണ്ടിനെ നേരിടും. സെമിയില്‍ ഓസ്‌ട്രേലിയ കീഴടക്കിയാണ് ഇംഗ്ലീഷ് പെണ്‍പട ഫൈനലിലേക്ക് ടിക്കറ്റ് എടുത്തത്. ബുധനാഴ്ച നടന്ന ആവേശകരമായ സെമി ഫൈനലില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്റെ വിജയം. നിലവിലെ യൂറോ കപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ആദ്യമായാണ് ലോകകപ്പ് ഫൈനലിലെത്തുന്നത്.

ആതിഥേയരായ ഓസ്‌ട്രേലിയയെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഇംഗ്ലണ്ട് മത്സരം ആരംഭിച്ചത്. മത്സരത്തിന്റെ 36-ാം മിനിറ്റില്‍ തന്നെ ലീഡെടുക്കാന്‍ സാധിച്ചത് ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം കൂട്ടി. എല്ലെ ടൂണെയാണ് ഓസീസ് വല കുലുക്കിയത്. ഒന്നാം പകുതിയില്‍ ഒരു ഗോളിന് ഇംഗ്ലണ്ട് മുന്നിട്ടുനിന്നു.

സമനില ഗോള്‍ നേടാനായി ആക്രമിച്ചുകളിക്കുന്ന ഓസ്‌ട്രേലിയയെയാണ് രണ്ടാം പകുതിയില്‍ കണ്ടത്. 63-ാം മിനിറ്റില്‍ ആതിഥേയര്‍ തിരിച്ചടിച്ചു. സ്റ്റാര്‍ ഫോര്‍വേര്‍ഡ് സാം കെര്‍ ആണ് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ആശ്വാസഗോള്‍ നേടിയത്. എന്നാല്‍ 71-ാം മിനിറ്റില്‍ ഇംഗ്ലണ്ട് വീണ്ടും ലീഡെടുത്തു. ലൗറന്‍ ഹെംപാണ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 86-ാം മിനിറ്റില്‍ അലെസ്സിയ റൂസ്സോ ഗോള്‍ നേടിയതോടെ ഇംഗ്ലണ്ട് ആധികാരിക വിജയം ഉറപ്പിച്ചു.

ഞായറാഴ്ചയാണ് വനിതാ ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടം. ചൊവ്വാഴ്ച നടന്ന സെമി ഫൈനലില്‍ സ്വീഡനെ വീഴ്ത്തിയെത്തുന്ന സ്‌പെയിനാണ് കലാശപ്പോരില്‍ ഇംഗ്ലണ്ട് നേരിടുന്നത്. ഇരു ടീമുകളും കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com