'അന്ന് ആരാധകരാണ് സൂപ്പർ‌താരങ്ങളായത്, നിങ്ങൾ ശാന്തത കൈവിട്ടില്ല': പ്രീതി സിന്റ

'ഇത്തരം ഒരു പ്രതിസന്ധിയിൽ ആരാധകർ അസ്വസ്ഥരായില്ല. തിക്കും തിരക്കും കൂട്ടിയില്ല.'

dot image

ഐപിഎല്ലിൽ പഞ്ചാബ് കിങ്സും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ധരംശാലയിൽ നടന്ന മത്സരം പാതിവഴിയിൽ അവസാനിപ്പിച്ചപ്പോൾ സമാധാനപൂർവ്വം ​ഗ്രൗണ്ട് വിട്ട് മടങ്ങിയ ആരാധകരോട് നന്ദി പറഞ്ഞ് പഞ്ചാബ് കിങ്സ് ഉടമ പ്രീതി സിന്റ. 'കുറച്ച് ദിവസത്തിന് ശേഷം ഞാൻ വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ഇന്ത്യൻ റെയിൽവേയ്ക്കും റെയിൽ​ഗതാ​ഗത വകുപ്പ് മന്ത്രി അശ്വിന് വൈഷ്ണവിനും നന്ദി പറയുന്നു. പഞ്ചാബിന്റെയും ഡൽഹിയുടെയും താരങ്ങളും കുടുംബാംഗങ്ങളും ധരംശാലയിൽ നിന്ന് സുരക്ഷിതമായി മടങ്ങിയിരിക്കുന്നു,' സമൂഹമാധ്യമങ്ങളിൽ പ്രീതി സിന്റ കുറിച്ചു.

'ഐസിസി ചെയർമാൻ ജയ് ഷായ്ക്കും ഐപിഎൽ ചെയർമാൻ അരുൺ ധുമാലിനും സുരക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃതം നൽകിയ ബിസിസിഐയുടെയും പഞ്ചാബ് കിങ്സിന്റെയും എല്ലാവർക്കും പ്രത്യേകമായി നന്ദി പറയുന്നു. എല്ലാ കാര്യങ്ങളും മികച്ച രീതിയിൽ പൂർത്തിയാക്കി. എല്ലാറ്റിനുമുപരിയായി ധരംശാലയിലുണ്ടായിരുന്ന ആരാധകരോടാണ് നന്ദി പറയുന്നുള്ളത്,' പ്രീതി സിന്റ പ്രതികരിച്ചു.

'ഇത്തരം ഒരു പ്രതിസന്ധിയിൽ ആരാധകർ അസ്വസ്ഥരായില്ല. തിക്കും തിരക്കും കൂട്ടിയില്ല. ആരാധകരാണ് യഥാർത്ഥത്തിൽ സൂപ്പർ താരങ്ങളായത്. അന്നത്തെ ​ദിവസം ആരാധകർക്കൊപ്പം ചിത്രങ്ങളെടുക്കാൻ ഞാൻ വിസമ്മതിച്ചു. അത് ആ മണിക്കൂറിന്റെ അനിവാര്യതയായിരുന്നു. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് എന്റെ ഉത്തരവാദിത്തമായിരുന്നു. എല്ലാവരുടെയും സുരക്ഷ ഇത്ര എളുപ്പമാക്കി നൽകിയതിന് എല്ലാവർക്കും നന്ദി പറയുന്നു,' പ്രീതി സിന്റ വ്യക്തമാക്കി.

ഐപിഎല്ലിൽ മാർച്ച് എട്ടിന് നടന്ന പഞ്ചാബ് കിങ്സ് - ഡൽഹി ക്യാപിറ്റൽസ് പോരാട്ടം പുരോ​ഗമിക്കവെയാണ് പെട്ടെന്ന് മത്സരം നിർത്തിവെയ്ക്കേണ്ടി വന്നത്. ഫ്ലെഡ്ലൈറ്റിനേറ്റ തകരാറാണ് മത്സരം നിർത്തുവാൻ കാരണമായതെന്ന് ആദ്യം അധികൃതർ അറിയിച്ചു. എന്നാൽ പിന്നീടാണ് അതിര്‍ത്തിയില്‍ പാകിസ്താന്‍ ആക്രമണം ശക്തമായതിനെ തുടര്‍ന്ന്

മേഖലയിൽ ബ്ലാക്ഔട്ട് പ്രഖ്യാപിച്ചതാണ് മത്സരം നിർത്തുവാൻ കാരണമായതെന്ന് വ്യക്തമായത്. മത്സരം നിർത്തിയതിന് പിന്നാലെ സ്റ്റേഡിയത്തിലുണ്ടായിരുന്ന ആരാധകരെ ശാന്തമായി മടക്കി അയക്കാൻ അധികൃതർക്ക് കഴിഞ്ഞിരുന്നു.

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് 10.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 122 റൺസെടുത്തിരുന്നു. ഐപിഎൽ പുനരാരംഭിക്കുമ്പോൾ ഈ മത്സരത്തിന്റെ തുടർച്ചയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഐപിഎല്ലിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽ പോയിന്റ് ടേബിൾ കണക്കുകൾ പ്രകാരം ഈ മത്സരം പൂർത്തിയായിട്ടില്ലെന്നാണ് സൂചിപ്പിക്കുന്നത്.

Content Highlightsl: PBKS owner Preity G Zinta thankful to the fans leaving Dharamshala stadium quite calm

dot image
To advertise here,contact us
dot image