ആ പോയത് നമ്മുടെ ജോർജ് സാറല്ലേ? തുടരുമിനും വർഷങ്ങൾക്ക് മുൻപ് സ്‌ക്രീനിലെത്തിയ പ്രകാശ് വർമയെ കണ്ടെത്തി ആരാധകർ

2000ത്തില്‍ പുറത്തിറങ്ങി ഏറെ നിരൂപകശ്രദ്ധ നേടിയ മലയാള ചിത്രത്തിലെ രംഗമാണ് ഇപ്പോള്‍ വെെറലാകുന്നത്.

dot image

മോഹൻലാൽ ചിത്രമായ തുടരും മികച്ച പ്രതികരണങ്ങളുമായി ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. സിനിമയിൽ ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനമാണ് വില്ലനായി എത്തിയ പ്രകാശ് വർമ്മ നടത്തിയത്. നടൻ അവതരിപ്പിച്ച സി ഐ ജോർജ് എന്ന കഥാപാത്രം വലിയ കയ്യടിയാണ് നേടിയത്. എന്നാൽ തുടരുമിനും വർഷങ്ങൾക്കും മുൻപ് പ്രകാശ് വർമ്മ ഒരു മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞാലോ? ഇപ്പോഴിതാ അത്തരത്തിൽ ഒരു പോസ്റ്റാണ് വൈറലാകുന്നത്.

വി കെ പ്രകാശ് സംവിധാനം ചെയ്ത് 2000 ത്തിൽ പുറത്തിറങ്ങിയ 'പുനരധിവാസം' എന്ന ചിത്രത്തിലെ രംഗമാണ് ഇപ്പോൾ ട്രെൻഡിങ് ആകുന്നത്. ചിത്രത്തിലെ ഒരു രംഗത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി നന്ദിത ദാസ് എയർപോർട്ടിൽ നിന്നിറങ്ങി വരുമ്പോൾ മുന്നിലായി നടന്നുപോകുന്ന പ്രകാശ് വർമയെ കാണാനാകും. ഒന്നോ രണ്ടോ സെക്കൻ്റുകൾ മാത്രം ആണ് അദ്ദേഹം സ്ക്രീനിൽ വന്നുപോകുന്നത്. ചിത്രത്തിന്റെ സഹസംവിധായകനായി പ്രകാശ് പ്രവർത്തിച്ചിരുന്നു. അങ്ങനെയാണ് പുനരധിവാസം എന്ന സിനിമയിൽ അഭിനയിക്കാനുള്ള അവസരം പ്രകാശ് വർമയ്ക്ക് ലഭിച്ചത്. മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റ ബേസ് എന്ന സോഷ്യൽ മീഡിയ പേജിൽ സെബാസ്റ്റ്യൻ സേവ്യർ എന്നയാളാണ് ഇത് കണ്ടെത്തി പോസ്റ്റ് ഇട്ടത്. പിന്നാലെ ഇത് വെെറലാവുകയായിരുന്നു.

അതേസമയം ആഗോളതലത്തിൽ തുടരും ഇതുവരെ 190 കോടിയിലധികം രൂപയാണ് നേടിയിരിക്കുന്നത്. അടുത്ത ദിവസം തന്നെ സിനിമ ആഗോളതലത്തിൽ 200 കോടി എന്ന സംഖ്യ മറികടക്കുമെന്നാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രണ്ടുമാസത്തിനിടെ 200 കോടി ക്ലബിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രമാകും തുടരും. മാർച്ച് മാസത്തിൽ പുറത്തിറങ്ങിയ എമ്പുരാനും 200 കോടി ക്ലബിൽ ഇടം നേടിയിരുന്നു.

ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് തുടരുമില്‍ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.

Content Highlights: Prakash varma in cinema years before Thudarum

dot image
To advertise here,contact us
dot image