

മോഹൻലാലിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിലുള്ള അഭിമാനം പങ്കുവെച്ച് ബോളിവുഡ് നടൻ അർജുൻ രാംപാൽ. മോഹൻലാൽ നായകനാകുന്ന ഓപ്പറേഷൻ ഗംഗ എന്ന ചിത്രത്തിലാണ് അർജുൻ രാംപാൽ ഒരു പ്രധാന വേഷത്തിലെത്തുന്നത്.
മോഹൻലാലിനൊപ്പം അഭിനയിച്ചത് പ്രചോദനാത്മകമായ അനുഭവമായിരുന്നു എന്നും അർജുൻ രാംപാൽ പറഞ്ഞു. 'സാർ, താങ്കൾക്കൊപ്പം സ്‌ക്രീൻ സ്‌പേസ് ഷെയർ ചെയ്യാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച് വലിയ ബഹുമതിയാണ്. പ്രചോദിപ്പിക്കുന്ന അനുഭവമായിരുന്നത്. അസാധ്യ കഴിവുള്ള അനുഗ്രഹീത അഭിനേതാവാണ് താങ്കൾ. ഒരുപാട് നന്ദി,' അർജുൻ പറയുന്നു. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
ജോർജിയയിലാണ് ഓപ്പറേഷൻ ഗംഗ എന്ന ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നത്. വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിനും അർജുൻ രാംപിലിനുമൊപ്പം ഭാഗ്യശ്രീ ബോർസെ, ആദിൽ ഹുസൈൻ, പാർത്ഥിപൻ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രം മോഹൻലാലിന്റെ 367ാമത് സിനിമയാണ്.

ഉക്രെയ്ൻ- റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യമാണ് 'ഓപ്പറേഷൻ ഗംഗ'. ഈ പശ്ചാത്തലത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിനായി, പോളണ്ട്, ജോർജിയ, കസഖ്സ്ഥാൻ, ഡൽഹി, ഡെഹ്‌റാഡൂൺ, കൊച്ചി എന്നിവിടങ്ങളിലായി 180 ദിവസത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നിരുന്നു.
പാൻ-ഇന്ത്യൻ ചിത്രം 'ധുരന്തറി'ന്റെ വൻ വിജയത്തിന് ശേഷം പ്രശസ്ത സംഗീതസംവിധായകൻ ശാശ്വത് സച്ച്‌ദേവ് 'ഓപ്പറേഷൻ ഗംഗ'യുടെ സംഗീതമൊരുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. പുഷ്പ 1, പുഷ്പ 2 എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ മിറോസ്ലാവ് കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ധുരന്തർ, കിൽ എന്നീ ചിത്രങ്ങളുടെ ആക്ഷൻ ഡയറക്ടർ സീ യങ് ഓയും ചിത്രത്തിന്റെ ഭാഗമാണ്.
Content Highlights: Arjun Rampal shares photos with Mohanlal from the sets of Operation Ganga movie. He says it's an honour and privillege to work with Mohanlal