

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ക്ക്, ഇത് വീണ്ടുമൊരു ആഘോഷദിനമായിരിക്കും. ഏകദിന ഫോര്‍മാറ്റിലെ ഏറ്റവും വലിയ രണ്ട് ഇതിഹാസങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ബുധനാഴ്ച വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ തങ്ങളുടെ സാന്നിധ്യവും മനോഹരമായ ഷോട്ടുകളും റെക്കോര്‍ഡുകളും കൊണ്ട് ഗുവഹാത്തിയെ ധന്യമാക്കുമെന്നാണ് പ്രതീക്ഷ.
2027 ലോകകപ്പിലേക്കുള്ള വഴിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവസാനമായി ഒരിക്കല്‍ കൂടി തങ്ങളുടെ മിന്നുന്ന പ്രകടനം പുറത്തെടുക്കാന്‍ ഈ രണ്ട് ഇതിഹാസങ്ങള്‍ക്കും അവസരമൊരുങ്ങുമ്പോള്‍, 'രോ-കോ' ട്രെയിന്‍ അസമിലെ ഗുവഹാത്തിയിലുള്ള ബര്‍സപാര സ്റ്റേഡിയത്തില്‍ എത്തുമ്പോള്‍ പ്രത്യേകതയേറെയാണ്. ഇരുവരും തങ്ങളുടെ കരിയറിലെ മികച്ച ചില ഇന്നിങ്‌സുകള്‍ കളിച്ച സംസ്ഥാനമാണിത്. ഗുവഹാത്തി രോഹിത് ശര്‍മ്മയ്ക്ക് എന്നും മികച്ച പ്രകടനങ്ങള്‍ സമ്മാനിച്ച സ്ഥലമാണ്. ഇവിടെ കളിച്ച രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി 235.00 ശരാശരിയിലും 127.71 സ്‌ട്രൈക്ക് റേറ്റിലും ഒരു സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും അടക്കം 235 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്. 2018-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 117 പന്തില്‍ പുറത്താകാതെ നേടിയ 152 റണ്‍സാണ് അദ്ദേഹത്തിന്റെ ഈ മൈതാനത്തെ മികച്ച സ്‌കോര്‍.
അതുപോലെ വിരാട് കോഹ്ലിക്കും അസമില്‍ വളരെ മികച്ച റെക്കോര്‍ഡാണുള്ളത്. ഗുവഹാത്തിയിലെ ബര്‍സപാരയിലും നെഹ്റു സ്റ്റേഡിയത്തിലുമായി വിരാട് കളിച്ച 3 ഏകദിന മത്സരങ്ങളിലും സെഞ്ചുറി നേടിയിട്ടുണ്ട്. 119.33 ശരാശരിയിലും 120.13 സ്‌ട്രൈക്ക് റേറ്റിലും 358 റണ്‍സാണ് അദ്ദേഹം ഇവിടെ അടിച്ചുകൂട്ടിയത്. 140 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 2010-ല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരെ 110 റണ്‍സ് നേടിയ കോഹ്ലി, 2018-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 140 റണ്‍സും, 2023-ല്‍ 87 പന്തില്‍ 113 റണ്‍സും ഇതേ നഗരത്തില്‍ നേടി.
തിരുവനന്തപുരത്ത് നടന്ന ആദ്യ മത്സരത്തില്‍ 15,000 ഏകദിന റണ്‍സുകളും 86-ാമത് അന്താരാഷ്ട്ര സെഞ്ചുറിയും തികച്ച വിരാട്, അസമിലെ തന്റെ ആരാധകര്‍ക്ക് മുന്നില്‍ മറ്റൊരു മാസ്റ്റര്‍ക്ലാസ് സെഞ്ചുറിയോടെ ഇന്ത്യക്ക് പരമ്പര വിജയം സമ്മാനിക്കാനാണ് ലക്ഷ്യമിടുന്നത്. മറുവശത്ത്, രോഹിത് ശര്‍മ്മയ്ക്കും ഒരു വലിയ നാഴികക്കല്ലിന്റെ അരികിലാണ്. ഏകദിന ക്രിക്കറ്റില്‍ 12,000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാകാന്‍ രോഹിതിന് ഇനി 73 റണ്‍സ് കൂടി മതി. കൂടാതെ ഏകദിനത്തില്‍ ഓപ്പണറായി 10,000 റണ്‍സ് തികയ്ക്കാന്‍ അദ്ദേഹത്തിന് 103 റണ്‍സ് കൂടി ആവശ്യമാണ്.
content highlights: India vs West Indies 2nd ODI: Cricket World Eagerly Awaits 'Ro-Ko' Fireworks