ഭൂമിയ്ക്ക് തന്നെ ഭാരം! ഭൂമിയുടെ ഭാരം എത്രയാണ്? അത് കൂടുകയോ കുറയുകയോ ചെയ്യുമോ?

ഭൂമിയുടെ ഭാരം നിരന്തരം മാറിക്കൊണ്ടിരിക്കുകയാണോ? ഓരോ വര്‍ഷവും എന്താണ് സംഭവിക്കുന്നത്?

ഭൂമിയ്ക്ക് തന്നെ ഭാരം! ഭൂമിയുടെ ഭാരം എത്രയാണ്? അത് കൂടുകയോ കുറയുകയോ ചെയ്യുമോ?
dot image

നമ്മള്‍ ദിവസവും നടക്കുന്നതും കെട്ടിടങ്ങള്‍ പണിയുന്നതും വാഹനങ്ങള്‍ ഓടിക്കുന്നതും എല്ലാം സംഭവിക്കുന്നത് ഒരേ ഭൂമിയിലാണ്. പക്ഷേ കോടിക്കണക്കിന് വര്‍ഷങ്ങളായി ഒരിടത്തും പോകാതെ നില്‍ക്കുന്നതുപോലെ തോന്നുന്ന ഭൂമിക്ക് പോലും ഒരു മാറ്റമുണ്ട്. ഭൂമിയുടെ ഭാരം മാറിക്കൊണ്ടിരിക്കുന്നുണ്ടോ? .

ഭൂമിയുടെ ഭാരം എത്രയാണ്?

ഭൂമിയുടെ ഭാരം ഏകദേശം 5.9722 × 10²4 കിലോഗ്രാം ആണ്. അതായത് 5ന് പിന്നാലെ 24 പൂജ്യങ്ങള്‍ വരുന്നത്ര വലിയ സംഖ്യ. ഇത്രയും വലിയ മാസ് ആയതിനാല്‍ വര്‍ഷംതോറും നടക്കുന്ന ചെറിയ മാറ്റങ്ങള്‍ ഭൂമിയുടെ ആകെ ഭാരത്തിനെ കാര്യമായി ബാധിക്കുന്നില്ല.

ഭൂമിയുടെ ഭാരം എങ്ങനെ മാറുന്നു?

ഭൂമിയുടെ ഭാരം മാറുന്നതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ചില വസ്തുക്കള്‍ ഭൂമിയിലേക്ക് എത്തുന്നു. ചിലത് ഭൂമിയില്‍ നിന്ന് പുറത്തേക്ക് പോകുന്നു. ബഹിരാകാശത്തുനിന്നുള്ള പൊടിപടലങ്ങളും ചെറിയ പാറക്കഷണങ്ങളും ഉല്‍ക്കകളും ഭൂമിയില്‍ പതിക്കുമ്പോള്‍ ഭൂമിയുടെ മാസ് കൂടും.അതേസമയം ഭൂമിയുടെ മുകളിലെ അന്തരീക്ഷത്തിലുള്ള വളരെ ലഘുവായ ചില വാതകങ്ങള്‍ ബഹിരാകാശത്തേക്ക് രക്ഷപ്പെടുന്നുണ്ട്. ഇതിലൂടെ ഭൂമിക്ക് മാസ് നഷ്ടപ്പെടുകയും ചെയ്യുന്നു.

weight of the Earth

ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് എത്തുന്നത്

ഭൂമി ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരു ഗോളമല്ല. ചുറ്റുമുള്ള ബഹിരാകാശത്തില്‍ നിന്നുള്ള ചെറിയ കണങ്ങളും വസ്തുക്കളും നിരന്തരം ഭൂമിയിലെത്തുന്നുണ്ട്. പൊടി, ചെറിയ ഉല്‍ക്കാശകലങ്ങള്‍, മറ്റ് ബഹിരാകാശ വസ്തുക്കള്‍ എന്നിവ ഭൂമിയില്‍ പതിക്കുമ്പോള്‍ അവയുടെ ഭാരം ഭൂമിയുടെ ഭാരത്തിന്റെ ഭാഗമാകുന്നു. വര്‍ഷത്തില്‍ ഏകദേശം 16,000 മുതല്‍ 40,000 ടണ്‍ വരെ മാസ് ഇത്തരത്തില്‍ ഭൂമിയിലേക്ക് എത്തുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഭൂമിയില്‍ നിന്ന് പുറത്തേക്ക് പോകുന്നത്?

അന്തരീക്ഷത്തിലെ ഹൈഡ്രജന്‍, ഹീലിയം പോലുള്ള വളരെ ലഘുവായ വാതകങ്ങളുടെ ഒരു ഭാഗം ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തെ മറികടന്ന് ബഹിരാകാശത്തേക്ക് പോകുന്നു. വര്‍ഷംതോറും ഏകദേശം 95,000 ടണ്‍ ഹൈഡ്രജനും 1,600 ടണ്‍ ഹീലിയവും പുറത്തേക്ക് പോകുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിന് പുറമേ ബഹിരാകാശ ദൗത്യങ്ങളിലൂടെ റോക്കറ്റുകളും ഉപഗ്രഹങ്ങളും പേടകങ്ങളും ഭൂമിക്ക് പുറത്തേക്ക് അയയ്ക്കുമ്പോഴും ചെറിയ അളവില്‍ മാസ് ഭൂമിയുടെ സിസ്റ്റത്തില്‍ നിന്ന് പുറത്തേക്ക് പോകുന്നു.

weight of the Earth

ഭൂമിയുടെ ഭാരം കുറയുകയാണോ?

ലഭ്യമായ ഈ കണക്കുകള്‍ പ്രകാരം ഭൂമിക്ക് ലഭിക്കുന്ന ഭാരത്തേക്കാള്‍ നഷ്ടപ്പെടുന്ന ഭാരം കൂടുതലായതിനാല്‍ ഭൂമി വളരെ ചെറിയ തോതില്‍ ഭാരം നഷ്ടപ്പെടുത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വര്‍ഷത്തില്‍ ആയിരക്കണക്കിന് ടണ്‍ എന്നത് കേള്‍ക്കുമ്പോള്‍ വലിയ സംഖ്യയായി തോന്നും. പക്ഷേ ഭൂമിയുടെ ആകെ ഭാരവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ ചെറിയ മാറ്റം മാത്രമാണ്.

ഭൂമിക്ക് പെട്ടെന്ന് ഭാരം കുറയുമോ?

ഭൂമിയുടെ മാസ് ഏകദേശം 5.97 × 10²4 കിലോഗ്രാം ആണ്. അതിനാല്‍ വര്‍ഷംതോറും നടക്കുന്ന ഈ ചെറിയ നഷ്ടങ്ങളും വര്‍ധനകളും ഭൂമിയുടെ ആകെ ഭാരത്തില്‍ കാര്യമായ മാറ്റമുണ്ടാക്കുന്നില്ല. അതായത് നമുക്ക് ദിവസേന അനുഭവപ്പെടുന്ന ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിലോ ഭൂമിയുടെ വലുപ്പത്തിലോ പെട്ടെന്ന് വലിയ മാറ്റമുണ്ടാകുമെന്ന് കരുതേണ്ടതില്ല.

weight of the Earth

ഭൂമി പൂര്‍ണമായും സ്ഥിരം ഭാരമുള്ള ഗ്രഹമല്ല.

ബഹിരാകാശത്തില്‍ നിന്ന് വസ്തുക്കള്‍ ഭൂമിയിലെത്തുകയും ഭൂമിയില്‍ നിന്ന് ചില വസ്തുക്കള്‍ പുറത്തേക്ക് പോകുകയും ചെയ്യുന്നതിനാല്‍ അതിന്റെ ഭാരത്തില്‍ ചെറിയ മാറ്റങ്ങള്‍ തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഭൂമിയുടെ ഭീമമായ ആകെ ഭാരവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മാറ്റം വളരെ ചെറുതാണ്. അതുകൊണ്ട് നമുക്ക് അതിന്റെ വ്യത്യാസം ദൈനംദിന ജീവിതത്തില്‍ അനുഭവപ്പെടില്ല.

Content Highlights :But even the Earth, which seems to have remained in the same place for billions of years, is undergoing change. Is the Earth's mass changing?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image