ഓര്‍ഡര്‍ എത്തിക്കുന്നതിനിടയിലും റോഡിലിറങ്ങി പൊട്ടിയ പൈപ്പ് നന്നാക്കി; ഇന്ത്യന്‍ ഡെലിവറി യുവാവിന് ദുബായുടെ ആദരം

പര്‍വേസിന്റെ പ്രവൃത്തി ഒരു സ്വദേശി മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ വീഡിയോ വൈറലാവുകയും അധികൃതരുടെ ശ്രദ്ധയിലെത്തുകയുമായിരുന്നു

ഓര്‍ഡര്‍ എത്തിക്കുന്നതിനിടയിലും റോഡിലിറങ്ങി പൊട്ടിയ പൈപ്പ് നന്നാക്കി; ഇന്ത്യന്‍ ഡെലിവറി യുവാവിന് ദുബായുടെ ആദരം
dot image

ദുബായ്: ഇന്ത്യന്‍ യുവാവ് മുഹമ്മദ് പര്‍വേസിനെ ആദരിച്ച് തൊഴില്‍ കാര്യ സ്ഥിരം സമിതി. റോഡരികിലെ പൊട്ടിയ പൈപ്പില്‍ നിന്ന് വെള്ളം ശക്തമായി ഒഴുകി ഗതാഗതത്തിന് തടസ്സമായത് കണ്ടതോടെ ഡെലിവറി യാത്ര നിര്‍ത്തി നിരന്തര ശ്രമത്തിലൂടെ പൈപ്പ് ശരിയാക്കി വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞതിനാണ് ദുബായുടെ ആദരം.

പര്‍വേസിന്റെ പ്രവൃത്തി ഒരു സ്വദേശി മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ വീഡിയോ വൈറലാവുകയും അധികൃതരുടെ ശ്രദ്ധയിലെത്തുകയുമായിരുന്നു. ഓര്‍ഡര്‍ എത്തിക്കാനായി ബൈക്കില്‍ പോകുന്നതിനിടെയാണ് റോഡിലെ വെള്ളക്കെട്ടും ഗതാഗതതടസ്സവും പര്‍വേസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

റോഡരികിലെ പൈപ്പില്‍ നിന്നാണ് വെള്ളം ശക്തമായി ഒഴുകുന്നതെന്ന് മനസ്സിലാക്കിയ അദ്ദേഹം ബൈക്ക് നിര്‍ത്തി പൈപ്പ് ശരിയാക്കാന്‍ ശ്രമിച്ചത്. ആദ്യ ശ്രമങ്ങളില്‍ വിജയിച്ചില്ലെങ്കിലും പിന്മാറാതെ വീണ്ടും വീണ്ടും ശ്രമിച്ച പര്‍വേസ് ഒടുവില്‍ പൈപ്പ് നേരെയാക്കി റോഡിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിച്ചു.

ആരും ആവശ്യപ്പെടാതെ സ്വന്തം ജോലി വൈകുമെന്നത് പോലും കണക്കാക്കാതെ ഒരു പൊതുപ്രശ്‌നം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയ പര്‍വേസിന്റെ പ്രവൃത്തിയാണ് വഴിയാത്രക്കാരനായ സ്വദേശി പകര്‍ത്തിയത്. സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തബോധവും നന്മയും ശ്രദ്ധിക്കപ്പെട്ടു.

തുടര്‍ന്ന് മുഹമ്മദ് പര്‍വേസിനെ ജബല്‍ അലിയിലെ പെര്‍മനന്റ് കമ്മിറ്റി ഓഫ് ലേബര്‍ അഫയേഴ്‌സ് ഓഫീസിലേക്ക് ക്ഷണിച്ച് ആദരിച്ചു. ജിഡിആര്‍എഫ്എ ദുബായുടെ കീഴിലുള്ള പെര്‍മനന്റ് കമ്മിറ്റി ഓഫ് ലേബര്‍ അഫയേഴ്‌സിലെ അബ്ദുള്ള ലഷ്‌കരി പര്‍വേസിനെ സ്‌നേഹത്തോടെ ചേര്‍ത്തുപിടിച്ച് അഭിനന്ദിക്കുകയും സര്‍ട്ടിഫിക്കറ്റും സമ്മാനവും കൈമാറുകയും ചെയ്തു.

അപ്രതീക്ഷിതമായി ലഭിച്ച ആദരത്തിലും സ്‌നേഹപൂര്‍വമായ സ്വീകരണത്തിലും സന്തോഷം പ്രകടിപ്പിച്ച പര്‍വേസ് അധികൃതര്‍ക്ക് നന്ദി അറിയിച്ചു. ഐ ലവ് യൂ ദുബായ്-എന്ന വാക്കുകളോടെയാണ് അദ്ദേഹം തന്റെ സന്തോഷം പങ്കുവെച്ചത്. ഓര്‍ഡര്‍ എത്തിക്കാനുള്ള തിരക്കിനിടയിലും 'ഇത് എന്റെ കാര്യമല്ല' എന്നു പറഞ്ഞ് കടന്നുപോകാതെ പൊതുനന്മയ്ക്കായി ഏതാനും നിമിഷങ്ങള്‍ മാറ്റിവെച്ച ഒരു സാധാരണ തൊഴിലാളിയുടെ മനസ്സിനെയാണ് ദുബായ് ചേര്‍ത്തുപിടിച്ചത്. പാഴായൊഴുകിയ വെള്ളം തടഞ്ഞ ആ കൈകള്‍ക്ക് ലഭിച്ചത് ഒരു സര്‍ട്ടിഫിക്കറ്റും സമ്മാനവും മാത്രമായിരുന്നില്ല. നന്മയെ തിരിച്ചറിഞ്ഞ നഗരത്തിന്റെ ഹൃദയം നിറഞ്ഞ ആദരം കൂടിയായിരുന്നു.


Content Highlights: Dubai honored Indian youth Mohammad Parvez for his civic-minded action after he stopped his delivery journey to repair a broken roadside water pipe

dot image
To advertise here,contact us
dot image