ഡ്രെെവിങ് ടെസ്റ്റിൽ എവിടെയാണ് തെറ്റുപറ്റിയതെന്ന് ഇനി കണ്ടെത്താം; പുതിയ സ്മാർട്ട് സംവിധാനവുമായ് ദുബായ് ആർടിഎ

ഡ്രെെവിങ് പരീക്ഷകളിൽ നിഷ്പക്ഷത ഉറപ്പുവരുത്താനും അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് റോഡ് സുരക്ഷ വർധിപ്പിക്കാനും സഹായിക്കുമെന്നും അധികൃതർ അറിയിച്ചു

ഡ്രെെവിങ് ടെസ്റ്റിൽ എവിടെയാണ് തെറ്റുപറ്റിയതെന്ന് ഇനി കണ്ടെത്താം; പുതിയ സ്മാർട്ട് സംവിധാനവുമായ് ദുബായ് ആർടിഎ
dot image

ദുബായിൽ ഡ്രെെവിങ് ലെെസൻസ് നേടുന്നവർക്കായുള്ള യാർഡ് ടെസ്റ്റിങ് രീതി കൂടുതൽ സുതാര്യവും കൃത്യതയുള്ളതുമാക്കാൻ നെക്സ്റ്റ്-ജനറേഷൻ സ്മാർട്ട് ടെസ്റ്റ് സിസ്റ്റം അവതരിപ്പിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). എഐ, കമ്പ്യൂട്ടർ വിഷൻ, അഡ്വാൻസ്ഡ് ഡാറ്റ അനലറ്റിക്സ് എന്നിവ സമന്വയിപ്പിച്ചാണ് ലെെറ്റ് വെഹിക്കിൾ യാർഡ് ടെസ്റ്റുകൾക്കായി ഈ ആധുനിക സംവിധാനം സജ്ജീകരിച്ചിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

ഡ്രെെവിങ് പരീക്ഷകളിൽ നിഷ്പക്ഷത ഉറപ്പുവരുത്താനും അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് റോഡ് സുരക്ഷ വർധിപ്പിക്കാനും ഇത് സഹായിക്കുമെന്നും അധികൃതർ അറിയിച്ചു. ഡ്രെെവിങ് പരീക്ഷകൾ കൂടുതൽ കൃത്യമായ മാനദണ്ഡങ്ങളോടെ വിലയിരുത്താൻ ഈ സംവിധാനം വഴിയൊരുക്കുമെന്നും അധികൃതർ വ്യക്തമാക്കി. പരീക്ഷാ ഫലങ്ങൾ കണക്കാക്കുന്നതിൽ മനുഷ്യ ഇടപെടലുകൾ ഒഴിവാക്കാൻ ഇതുവഴി സാധിക്കും. പഠിതാക്കൾക്ക് തങ്ങളുടെ പ്രകടനം എങ്ങനെയുണ്ടായിരുന്നുവെന്നും പിഴവുകൾ എഴിടെയാണ് സംഭവിച്ചതെന്നും വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്ന ദൃശ്യരൂപത്തിലുള്ള ഫീഡ്ബാക്കും ഇതുവഴി ലഭിക്കും.

മികച്ച സാങ്കേതികവിദ്യകളാണ് ടെസ്റ്റ് വാഹനം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആൾമാറാട്ടം തടയാൻ ഫേസ് റെക്ക​ഗ്നിഷൻ സാങ്കേതികവിദ്യ വഴി ലേണറുടെ ഐഡന്റിറ്റി ഉറപ്പുവരുത്തും. കൂടാതെ റിയൽ-ടെെം കെെനമാറ്റിക് പൊസിഷനിങ് ടെക്നോളജി ഉപയോ​ഗിക്കുന്നതിലൂടെ രണ്ട് സെന്റീമീറ്റർ വരെയുള്ള കൃത്യതയോടെ വാഹനത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കാനാകും. പരീക്ഷ നടക്കുമ്പോൾ വാഹനത്തിന്റെ സഞ്ചാരപാതയും തെറ്റുകൾ സംഭവിച്ച സ്ഥലങ്ങളും ഇന്ററാക്ടീവ് ത്രീഡി മാപ്പിലൂടെ രേഖപ്പെടുത്താമെന്നും അധികൃതർ പറഞ്ഞു. ഡ്രെെവിങ്ങിലെ പ്രധാന സുരക്ഷാ ശീലങ്ങൾ വിലയിരുത്താൻ സ്മാർട്ട് ക്യാമറകൾ ഉപയോ​ഗിച്ച് ലേണറുടെ ഹാൻഡ് പൊസിഷൻ, മിറർ പരിശോധന, ബ്ലെെൻഡ് സ്പോർട്ട് ചെക്കുകൾ എന്നിവ സിസ്റ്റം സ്വയം നിരീക്ഷിക്കുന്നു. ടെസ്റ്റിനിടെ അപകടങ്ങൾ ഒഴിവാക്കാൻ മുന്നറിയിപ്പ് നൽകുന്ന തരത്തിലും അപകടസാധ്യത കണ്ടാൽ സ്വയം ബ്രേക്ക് പ്രയോ​ഗിക്കുന്ന തരത്തിലുമുള്ള ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ് സംവിധാനവും ഇതിലുണ്ട്. ഏത് കാലാവസ്ഥയിലും പ്രവർത്തിക്കുമെന്നും അധികൃതർ പറഞ്ഞു.

പരീക്ഷ പൂർത്തിയാക്കിയ ശേഷം പഠിതാക്കൾക്ക് തങ്ങളുടെ ഡ്രെെവിങ് യാത്രയുടെ ദൃശ്യങ്ങൾ റീപ്ലേ ചെയ്ത് കാണാനും സാധിക്കും. തെറ്റുകൾ എവിടെ സംഭവിച്ചുവെന്നും അതിനുള്ള കാരണങ്ങൾ എന്താണെന്നും ​ദൃശ്യ തെളിവുകളോടെ മനസ്സിലാക്കാൻ സാധിക്കും. കൂടാതെ ടെസ്റ്റ് പാസായവർക്കും പാസാകാത്തവർക്കും തങ്ങളുടെ പ്രകടനത്തെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാൻ ഇത് ഉപകരിക്കും. ഈ സ്മാർട്ട് സംവിധാനത്തിൽ നിന്ന് ലഭിക്കുന്ന ഡാറ്റാ ലേണേഴ്സിന്റെ പരിശീലന സമ്പ്രദായവുമായി ബന്ധിപ്പിക്കും. ഇത് ഓരോ വ്യക്തിയുടെയും ഡ്രെെവിങ്ങിലെ പോരായ്മകൾ കണ്ടെത്തി അതിനനുസൃതമായി പരിശീലന പരിപാടികൾ ക്രമീകരിക്കാനും ഡ്രെെവിങ് നിലവാരം മെച്ചപ്പെടുത്താനും സഹായിക്കും. ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി സുരക്ഷിതവും സ്മാർട്ടുമായ ​ഗതാ​ഗത സംവിധാനം കെട്ടിപ്പടുക്കാനുമുള്ള ദുബായിയുടെ ലക്ഷ്യങ്ങൾക്ക് കരുത്തു പകരുന്നതാണ് ആർടിഎയുടെ ഈ പുതിയ ചുവടുവെപ്പെന്ന് അധികൃതർ പറഞ്ഞു.

Content Highlights: Dubai RTA has introduced an AI powered Smart Test System that shows learner drivers exactly where mistakes occurred during driving tests.

dot image
To advertise here,contact us
dot image