

'തുടരും' സിനിമയിൽ ശോഭനയ്ക്കായി താൻ ചെയ്ത ഡബ്ബിങ് പിന്നീട് ശോഭന തന്നെ മാറ്റി ഡബ്ബ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ഭാഗ്യലക്ഷ്മി. വർഷങ്ങളായി ശോഭനയ്ക്ക് ഡബ്ബ് ചെയ്തുവരുന്ന ആളാണ് താനെന്നും, സംഭവത്തെക്കുറിച്ച് താൻ പറഞ്ഞത് മറുപടി പ്രതീക്ഷിച്ചുകൊണ്ടല്ലെന്നും തന്റെ ഭാഗത്തുനിന്നുണ്ടായ ഒരു ദുരനുഭവം പങ്കുവെക്കുക മാത്രമായിരുന്നെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. പോർട്ടായൽ ബൈ ഗദ്ധാഫിക്ക് നൽകിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം പറഞ്ഞത്.
'ശോഭനയ്ക്ക് ഞാൻ ഡബ്ബ് ചെയ്യില്ല എന്നൊന്നും പറയുന്നില്ല. ഞാൻ ചോദിക്കും, നിങ്ങൾ രണ്ടിൽ ഒരു തീരുമാനം എടുത്തിട്ട് അതുറപ്പാണെങ്കിൽ മാത്രം എന്നെ വിളിച്ചാൽ മതിയെന്ന്. അല്ലെങ്കിൽ എന്നെ വിളിക്കണ്ട. ആദ്യം അവരോട് ചോദിക്കൂ. അവർക്ക് സ്വന്തമായി ഡബ്ബിങ് ചെയ്യണമെന്ന് ആഗ്രഹവും താത്പര്യവുമുണ്ടെങ്കിൽ അവർ ചെയ്യട്ടെ എന്നാണ് ഞാൻ പറയുക'.
'ഞാൻ പറഞ്ഞതിന്റെ അർത്ഥം അവർ മറുപടി പറയണം എന്നുള്ളതല്ല. എനിക്കുണ്ടായ ഒരു ദുരനുഭവമാണ് ഞാൻ പറഞ്ഞത്. ഇത്രയും വർഷം ഞാൻ വർക്ക് ചെയ്തിട്ട്, ഒരു സാമാന്യ മര്യാദയ്ക്ക് എന്നോട് പറയേണ്ടതായിരുന്നു. ‘ഞാനൊന്ന് ഡബ്ബ് ചെയ്തോട്ടെ, എന്റെ ഒരു ആഗ്രഹമാണ്’ എന്ന് അവർക്ക് പറയാമായിരുന്നു. അങ്ങനെ അവർക്ക് ഒരു ആഗ്രഹം തോന്നുന്നതിൽ ഒരു തെറ്റുമില്ല. അത് തെറ്റാണെന്ന് പറയേണ്ട ആവശ്യവുമില്ല'.
'നിങ്ങൾ കാശ് വാങ്ങിയിട്ടല്ലേ എന്ന് കുറെ പേർ കമന്റ് ചെയ്തിരുന്നു. അപ്പോൾ അവരും കാശ് വാങ്ങിയിട്ടല്ലേ? അവരും ഫ്രീ ആയിട്ടല്ലല്ലോ ചെയ്യുന്നത്. ഓരോരുത്തരും അവർക്കുണ്ടായ അനുഭവങ്ങളും ദുരിതങ്ങളും പറയുമ്പോൾ അതിന്റെ അർത്ഥം പൈസ വാങ്ങിയോ വാങ്ങിയില്ലയോ എന്നല്ല', ഭാഗ്യലക്ഷ്മി പറഞ്ഞു.
തനിക്ക് തോന്നുന്ന കാര്യങ്ങൾ തുറന്ന് പറയുന്ന സ്വഭാവം മാറ്റാൻ പോകുന്നില്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. മറ്റു ഡബ്ബിങ് ആർട്ടിസ്റ്റുകളെ അപേക്ഷിച്ച് തനിക്ക് ചുറ്റും വിരോധവും ശത്രുതയും ഉണ്ടാകാനുള്ള പ്രധാന കാരണം ഈ തുറന്നുപറച്ചിലാണെന്നാണ് മനസിലാക്കുന്നതെന്നും അവർ പറഞ്ഞു.
Content Highlights: Bhagyalakshmi opens about shobhana and thudarum movie dubbing incident