'നിങ്ങളിൽ പലരും ഈ സിനിമ മുൻപ് കണ്ടിട്ടുണ്ടാകും…എങ്കിലും തിയേറ്റര്‍ അനുഭവം ഒന്നുവേറെ തന്നെയാണല്ലോ…'; പ്രിയദർശൻ

'തേന്മാവിന്‍ കൊമ്പത്ത്' വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ

'നിങ്ങളിൽ പലരും ഈ സിനിമ മുൻപ് കണ്ടിട്ടുണ്ടാകും…എങ്കിലും തിയേറ്റര്‍ അനുഭവം ഒന്നുവേറെ തന്നെയാണല്ലോ…'; പ്രിയദർശൻ
dot image

മലയാള സിനിമയിലെ എവര്‍ഗ്രീന്‍ ക്ലാസിക് ചിത്രങ്ങളിലൊന്നായ, മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ 'തേന്മാവിന്‍ കൊമ്പത്ത്' വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ഇപ്പോഴിതാ സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്. ചില സിനിമകള്‍ കാലാതീതമായി പ്രേക്ഷമനസ്സില്‍ നിലനിൽകാറുണ്ടെന്നും അങ്ങനെയൊരു ചിത്രമാണ്‌ തേന്മാവിൻ കൊമ്പത്ത് എന്ന് പ്രിയദർശൻ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

'ചില സിനിമകള്‍ കാലാതീതമായി പ്രേക്ഷമനസ്സില്‍ നിലനില്‍ക്കാറുണ്ട്. അവ എക്കാലത്തും ആസ്വദിക്കപ്പെടാറുമുണ്ട്. അങ്ങനെയൊരു ചിത്രമാണ്‌, മോഹന്‍ലാലുമായി ചേര്‍ന്ന് ഞാന്‍ ചെയ്ത 'തേന്‍മാവിന്‍ കൊമ്പത്ത്'. രണ്ട് ദേശീയ പുരസ്‌കാരങ്ങളും 5 സംസ്ഥാന പുരസ്‌കാരങ്ങളും നേടിയ ഈ ചിത്രം, സാധാരണയായി അവാർഡ് സിനിമകൾക്ക് ലഭിക്കാറില്ലാത്ത ആഘോഷത്തോടെ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. അതും 4K ദൃശ്യമികവോടെ, പുതിയ സാങ്കേതികവിദ്യയിൽ. മാണിക്യനെയും കാർത്തുമ്പിയെയും കാലങ്ങളായി നെഞ്ചിലേറ്റിയ പ്രിയപ്പെട്ട പ്രേക്ഷകർ ഈ റീ-റിലീസ് ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

'മുപ്പത്തിരണ്ട് വർഷങ്ങൾക്ക് മുമ്പ് ഈ സിനിമ റിലീസ് ചെയ്യുമ്പോൾ ഒരു വയസ്സുണ്ടായിരുന്ന കുഞ്ഞിന്, ഇന്ന് മുപ്പത്തിമൂന്ന് വയസ്സുള്ള യുവാവാണ്. ഒരുപക്ഷേ നിങ്ങളിൽ പലരും ഈ സിനിമ മുമ്പ് കണ്ടിട്ടുണ്ടാകും. എങ്കിലും തിയേറ്റര്‍ അനുഭവം ഒന്നുവേറെ തന്നെയാണല്ലോ.എനിക്കൊരു അഭ്യർത്ഥനയുണ്ട്: കൂട്ടുകാരോടൊപ്പം ഈ സിനിമ കാണണം. ബിഗ് സ്‌ക്രീനിൽ, ആ സിനിമയുടെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലണം. ഉത്സവപ്രതീതിയോടെ ഈ ചിത്രം നിങ്ങള്‍ വീണ്ടും ആഘോഷിക്കും എന്നുറപ്പാണ്‌. ഒക്ടോബർ 8ന് ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിൽ', പ്രിയദർശൻ കുറിച്ചു.

1994ല്‍ പുറത്തിറങ്ങിയ ചിത്രം പുതിയ സാങ്കേതിക മികവോടെ ഒക്ടോബര്‍ 8ന് ആഗോളതലത്തില്‍ വീണ്ടും പ്രദര്‍ശനത്തിനെത്തും. മോഹന്‍ലാല്‍, ശോഭന, നെടുമുടി വേണു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ്. പ്രസിദ്ധി ക്രിയേഷന്‍സിന്റെയും സൂര്യ സിനി ആര്‍ട്‌സിന്റെയും ബാനറില്‍ എന്‍. ഗോപാലകൃഷ്ണനാണ് ചിത്രം നിര്‍മ്മിച്ചത്. റീ റിലീസിനായി ചിത്രം 4Kയില്‍ റീ മാസ്റ്റര്‍ ചെയ്തത് മാറ്റിനി നൗവും ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ്.

Content Highlights: Priyadarshan shares a note on thenmavin kombath rerelease

dot image
To advertise here,contact us
dot image