'രക്ഷകൻ ചമഞ്ഞ് ട്രംപ് നടത്തുന്നത് അധിനിവേശം'; യുഎന്നിൽ രൂക്ഷ വിമർശനം; ട്രംപിന് മുന്നിൽ നയതന്ത്ര വെല്ലുവിളിയോ?

ഐക്യരാഷ്ട്രസഭയിൽ ഡോണൾഡ് ട്രംപിൻ്റെ ഏകപക്ഷീയ നയങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. അലയടിച്ച അമേരിക്കൻ വിരുദ്ധ വികാരത്തെ ട്രംപ് എങ്ങനെ നേരിടും എന്ന ആകാംക്ഷയിലാണ് ലോകം

'രക്ഷകൻ ചമഞ്ഞ് ട്രംപ് നടത്തുന്നത് അധിനിവേശം'; യുഎന്നിൽ രൂക്ഷ വിമർശനം; ട്രംപിന് മുന്നിൽ നയതന്ത്ര വെല്ലുവിളിയോ?
അനു തങ്കച്ചന്‍
1 min read|29 Sep 2026, 07:25 pm
dot image

കഴിഞ്ഞ ദിവസങ്ങളിൽ ലോകം ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തേയ്ക്ക് ഉറ്റുനോക്കുകയായിരുന്നു. വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനം ഇത്തവണയും ലോക ശ്രദ്ധ ആകർഷിച്ചു. 193 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇത്തവണയും ഒത്തുചേർന്നു. ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഭീതിജനകമായ യുദ്ധാന്തരീക്ഷം നിലനിൽക്കെയാണ് 2026ലെ പൊതുസമ്മേളനം ഇത്തവണ ന്യൂയോർക്കിൽ ചേർന്നത്. ഭൗമ രാഷ്ട്രീയത്തെ സംബന്ധിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നിലപാടുകൾ വളരെയേറെ അസ്വീകാര്യമാകുന്ന കാലത്താണ് ഇത്തവണത്തെ യുഎൻ പൊതുസഭ ചേരുന്നത്. റഷ്യയും, ചൈനയും, ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും നേതൃത്വം നൽകുന്ന ബ്രിക്സ് കൂട്ടായ്മ അമേരിക്കയുടെ അധീശത്വ നിലപാടിന് വിരുദ്ധമായ മറ്റൊരു ലോകക്രമം വിഭാവനം ചെയ്യുന്നതും ഈ കാലഘട്ടത്തിൽ പ്രാധാന്യമുള്ളതാണ്.

1947ലെ യുഎൻ ആസ്ഥാന കരാർ ലംഘിച്ച് അമേരിക്ക

പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ വീസ നിഷേധിച്ച്‌, ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയ അമേരിക്കയുടെ നടപടി ഇതിനകം ചർച്ചയായിട്ടുണ്ട്. അമേരിക്ക ചെയ്തത് മര്യാദയില്ലാത്ത കാര്യമാണെന്ന അധിക്ഷേപവും വ്യാപകമായി ഉയരുന്നുണ്ട്. പ്രസ്തുത നടപടി 1947ലെ യുഎൻ ആസ്ഥാന കരാറിന്റെ (1947 UN Headquarters Agreement) ലംഘനമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. യുഎൻ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് അമേരിക്കയിലെ ന്യൂയോർക്കിലാണ്. അമേരിക്കയിലേക്ക് ആർക്ക് വരണമെങ്കിലും അമേരിക്ക വീസ അനുവദിക്കേണ്ടതായിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ ചർച്ചകൾ നടക്കുമ്പോൾ മറ്റ് രാജ്യതലവന്മാർക്ക് അതിൽ സംബന്ധിക്കണമെങ്കിലും അമേരിക്കൻ വീസ കൂടിയേ തീരൂ. സ്വാഭാവികമായും അമേരിക്കയെ എതിർക്കുന്ന രാജ്യങ്ങളും അക്കൂട്ടത്തിൽ ഉണ്ടാകാം. ഇവരുടെ വീസ നിഷേധിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭയിലെ ചർച്ചകളിലുള്ള ഇവരുടെ പങ്കാളിത്തത്തിന് തടയിടാൻ അമേരിക്കയ്ക്ക് സാധിച്ചേക്കാം എന്ന് മുൻകൂട്ടി കണ്ടാണ് ഐക്യരാഷ്ട്രസഭയുടെ സ്ഥാപനനടപടികൾ നടത്തുമ്പോൾ തന്നെ അമേരിക്കയുമായി ഉണ്ടാക്കിയ കരാറാണ് 1947ലെ യുഎൻ ആസ്ഥാന കരാർ.

Palestine President Mahmoud Abbas
പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്

കരാർ പ്രകാരം ഐക്യരാഷ്ട്രസഭയുടെ ചർച്ചകളിൽ പങ്കെടുക്കുന്ന എല്ലാ രാജ്യതലവന്മാർക്കും പ്രതിനിധികൾക്കും അമേരിക്ക അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച്‌ പൂർണ്ണമായ പ്രവേശന അനുമതി നൽകണം എന്നാണ് വ്യവസ്ഥ. ഈ കരാർ നിലനിൽക്കെയാണ് അമേരിക്ക പലസ്തീന് വീസ അനുമതി നിഷേധിച്ചത്. എന്നാൽ അതേസമയം അമേരിക്കയുമായി നിരന്തരം കൊമ്പുകോർക്കുന്ന ഇറാന് അനുമതി നൽകുകയും ചെയ്തു. എന്താണ് സത്യത്തിൽ യു എൻ പൊതുസഭയിൽ സംഭവിക്കുന്നത് എന്ന് മനസിലാകാതെ ഉറ്റുനോക്കുകയായിരുന്നു രാഷ്ട്രീയനിരീക്ഷകർ അടക്കമുള്ളവർ. പക്ഷെ പൊതുസമ്മേളനം തുടങ്ങി, ഡൊണാൾഡ് ട്രംപ് പ്രസംഗം ആരംഭിച്ചതോടെ എല്ലാവർക്കും കാര്യങ്ങൾ പിടികിട്ടി തുടങ്ങി.

ട്രംപിനെ തള്ളാതെയും കൊള്ളതെയും ലുല

തുടക്ക കാലം മുതൽ ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൽ ആദ്യം സംസാരിക്കുക ബ്രസീൽ ആണ്. ആദ്യം ബ്രസീൽ സംസാരിക്കണം എന്ന നിബന്ധനയൊന്നും ഐക്യരാഷ്ട്രസഭയിൽ ഇല്ല. പക്ഷെ തുടക്ക കാലങ്ങളിൽ, അതായത് രണ്ടാം ലോക മഹായുദ്ധ കാലത്തിന് തൊട്ട് പിന്നാലെ നടത്തപ്പെട്ട ഐക്യരാഷ്ട്രസഭ പൊതുസമ്മേളനങ്ങളിൽ, ലോകരാജ്യങ്ങൾക്ക് ആദ്യം എഴുന്നേറ്റ് നിന്ന് തങ്ങളുടെ നിലപാട് പറയാൻ വിമുഖത ഉണ്ടായിരുന്ന സാഹചര്യത്തിൽ ധൈര്യസമേതം ചങ്കൂറ്റത്തോടെ യുഎന്നിൽ സംസാരിച്ച രാജ്യമാണ് ബ്രസീൽ. പിന്നീട് ഇങ്ങോട്ട് അത് തുടർന്നു എന്ന് മാത്രം.

2026 സെപ്തംബർ 22 മുതൽ 26 വരെ ആയിരുന്നു ഐക്യരാഷ്ട്രസഭയുടെ 81-ാം പൊതുസമ്മേളനം. ആദ്യ ഊഴം ബ്രസീലിന്റേത് തന്നെ. പോഡിയം അലങ്കരിച്ചത് പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ. ഐക്യരാഷ്ട്രസഭയെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ലുല പ്രസംഗം ആരംഭിച്ചത് തന്നെ. മനുഷ്യത്വം പരിരക്ഷിക്കുന്നതിൽ യുഎൻ അതിദയനീയമായി പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയ ലുല, ജനാധിപത്യം ഇന്ന് ഭീഷണി നേരിടുന്നതായും പറഞ്ഞു. "ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ പലസ്തീൻ ജനതയുടെ മനസ്സിൽ എന്നും ഒരു ട്രോമയായി നിലനിൽക്കും. പലസ്തീനിൽ നടക്കുന്നത് വംശഹത്യയാണ്. മനുഷ്യരാശിയെ ഉന്മൂലനം ചെയ്തുകൊണ്ട് പശ്ചിമേഷ്യയിൽ സുസ്ഥിരത കൊണ്ടുവരാൻ സാധിക്കില്ല" എന്ന് ലുല തുറന്നടിച്ചു.

Brazilian President Luiz Inácio Lula da Silva
ഐക്യരാഷ്ട്രസഭയിൽ ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ സംസാരിക്കുന്നു

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെയും ലുല ഒളിയമ്പ് എയ്തു. "ലോകത്തിൽ ചില സൂപ്പർ പവറുകൾ ആഡംബരത്തോടെ അധികാരം കൈയ്യാളുകയാണ്. ചില രാജ്യങ്ങളുടെ വിധി അവർ തീരുമാനിക്കുന്നു. എന്നാൽ ഓരോ രാജ്യത്തിനും അതിന്റെതായ സ്വത്വമുണ്ട്; അതിന്റെ അടിസ്ഥാനത്തിൽ അവരുടെ വിധി അവർ തന്നെ നിർണ്ണയിക്കട്ടെ" എന്ന ലുലയുടെ അമ്പ് ട്രംപിനെ ലക്ഷ്യം വെച്ചായിരുന്നു എന്ന് വ്യക്തം. പല രാജ്യങ്ങളുടെയും രക്ഷകവേഷം കെട്ടിയാടുന്ന അമേരിക്കയ്‌ക്ക് കിട്ടിയ ഒന്നാന്തരം കൊട്ട് തന്നെ ആയിരുന്നു ലുലയുടെ വാക്കുകൾ. ലോകത്തിലെ ഏറ്റവും വലിയ മിലിറ്ററി പവറിന്റെ മുന്നിൽ ബ്രസീൽ പിന്മുറ്റമാണെന്ന് കരുതേണ്ട എന്ന് ലുല പറഞ്ഞതോടെ കാര്യങ്ങൾ കൂടുതൽ കൃത്യമായി. ബ്രസീലിൽ അടുത്ത് വരാനിരിക്കുന്ന തിരെഞ്ഞെടുപ്പിൽ ബാഹ്യശക്തികളുടെ ഇടപെടലിലൂടെ ജനാധിപത്യത്തിന് ഭംഗം വരാൻ അനുവദിക്കില്ലെന്നും ലുല തുറന്നടിച്ചു.

"ലോകത്തിൽ ചില സൂപ്പർ പവറുകൾ ആഡംബരത്തോടെ അധികാരം കൈയ്യാളുകയാണ്. ചില രാജ്യങ്ങളുടെ വിധി അവർ തീരുമാനിക്കുന്നു. എന്നാൽ ഓരോ രാജ്യത്തിനും അതിന്റെതായ സ്വത്വമുണ്ട്; അതിന്റെ അടിസ്ഥാനത്തിൽ അവരുടെ വിധി അവർ തന്നെ നിർണ്ണയിക്കട്ടെ" - ലുല ഡ സിൽവ

ബ്രസീലിയൻ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന തിരുവ ചുമത്തി ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ടതില്ലെന്നും ബ്രസീൽ വരും വർഷങ്ങളിൽ കയറ്റുമതി കൂട്ടാനാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞതോടെ ട്രംപിൻറെ പരിപ്പ് ബ്രസീലിൽ വേവില്ല എന്ന് ലുല പറയാതെ പറഞ്ഞു.

എങ്കിലും അമേരിക്കയെ പൂർണ്ണമായും തള്ളിക്കളയാനോ വെറുപ്പിക്കാനോ ലുല തയ്യാറല്ല. നിലനിൽക്കുന്ന കരാറുകൾ തന്നെയാണ് അതിന് കാരണം. "ഞങ്ങൾക്ക് ആവശ്യം സഹകരണമാണ്. കുറ്റകൃത്യങ്ങളെ തീറ്റിപോറ്റുന്ന ആയുധങ്ങളുടെ ഒഴുക്ക് തടയാനുള്ള സഹകരണം. ഇതാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെട്ടിട്ടുള്ളത്". അമേരിക്കയുമായി നയതന്ത്രത്തിൽ തുടരാൻ ബ്രസീൽ ആഗ്രഹിക്കുന്നു എന്നും എന്നാൽ പൂർണ്ണമായും അമേരിക്കയ്ക്ക് അടിമപ്പെടാൻ തയ്യാറല്ലെന്നും വ്യക്തമാക്കുന്നതായിരുന്നു ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തിലെ ലുലയുടെ വാക്കുകൾ.

അനുമതി നല്കിയത് അധിക്ഷേപിക്കാനും ഭീഷണിപ്പെടുത്താനും

അമേരിക്ക ഇറാന് വീസ അനുമതി നല്കുകയും എന്നാൽ പലസ്തീന് നിഷേധിക്കുകയും ചെയ്തത് എന്തിന് എന്ന ചോദ്യമാണ് പ്രസ്തുത വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഉയർന്നത്. ഇറാന് അനുമതി നൽകിയതിന് പിന്നിൽ ട്രംപ് എന്തെങ്കിലും കുബുദ്ധി കണ്ടിരിക്കാം എന്നും വിലയിരുത്തപ്പെട്ടിരുന്നു.

2026ലെ ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തിൽ രണ്ടാമതായി സംസാരിച്ചത് ട്രംപ് ആയിരുന്നു. പ്രസംഗത്തിന്റെ ആദ്യം അമേരിക്കയെ കുറിച്ചും, തന്നെ കുറിച്ചുമുള്ള വീരസ്യം പറഞ്ഞതിന് തൊട്ടു പിന്നാലെ ട്രംപ് ഇറാന് നേരെ തിരിഞ്ഞു. കഴിഞ്ഞ 51 വർഷമായി ഇറാൻ തീവ്രവാദമാണ് ചെയ്യുന്നത് എന്ന് പറഞ്ഞു തുടങ്ങിയ ട്രംപ് പിന്നീട് ഭീഷണിയുടെ കെട്ടുകൾ ഓരോന്നായി അഴിക്കാൻ തുടങ്ങി. തീവ്രവാദത്തെ സ്പോൺസർ ചെയ്യുകയാണ് ഇറാൻ എന്ന് പറഞ്ഞ ട്രംപ്, ഇറാനിൽ ഒരൊറ്റ ആണവായുധം പോലും അവശേഷിക്കാൻ സമ്മതിക്കില്ലെന്നും പ്രഖ്യാപിച്ചു.

US President Donald Trump
ഐക്യരാഷ്ട്രസഭയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

"ഇസ്രയേലിനെതിരെ നടത്തുന്ന ആക്രമണങ്ങൾ മനുഷ്യരാശിക്ക് വേണ്ടിയുള്ള സേവനമാണെന്ന് ഇറാൻ പറയുന്നു. ഞാനൊരു തീരുമാനം എടുക്കേണ്ടിയിരിക്കുന്നു. ഇറാനെ മുന്നത്തെക്കാൾ മികച്ച രാജ്യമായി മാറ്റുന്ന ഒരു കരാർ? അല്ലെങ്കിൽ പൂർണ്ണമായ ഉന്മൂലനം? ഒരിക്കൽകൂടി മനുഷ്യരെയും രാജ്യങ്ങളെയും നശിപ്പിക്കാൻ ഇറാന് അവസരം കൊടുക്കില്ല" എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. ഇറാൻ്റെ നല്ല ഭാവിക്ക് വേണ്ടി നിരവധി ഉപാധികൾ മുന്നോട്ട് വെച്ചെന്നും എന്നാൽ അവയൊന്നും ഇറാൻ സ്വീകരിച്ചില്ലെന്നും ട്രംപ് അവകാശവാദം ഉന്നയിച്ചു. ഒരുപക്ഷെ ഇറാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്, അമേരിക്ക മുന്നോട്ട് വെച്ച ഉപാധികൾ അംഗീകരിക്കാതിരുന്നതാണ് എന്നും ട്രംപ് പറഞ്ഞു വെച്ചു. ഊഹിക്കാവുന്നതിലും അപ്പുറം ആയുധങ്ങളുടെ വൻ ശേഖരം അമേരിക്കയ്ക്ക് ഉണ്ടെന്ന് വെളിപ്പെടുത്തിയ ട്രംപ് ഇറാൻ ഒരു കരാറിന് തയ്യാറായില്ലെങ്കിൽ പൂർണ്ണമായ ഉന്മൂലനത്തിന് വിധേയരാകും എന്ന മുന്നറിയിപ്പ് നല്കുകയായിരുന്നു.

"ഇസ്രയേലിനെതിരെ നടത്തുന്ന ആക്രമണങ്ങൾ മനുഷ്യരാശിക്ക് വേണ്ടിയുള്ള സേവനമാണെന്ന് ഇറാൻ പറയുന്നു. ഞാനൊരു തീരുമാനം എടുക്കേണ്ടിയിരിക്കുന്നു. ഇറാനെ മുന്നത്തെക്കാൾ മികച്ച രാജ്യമായി മാറ്റുന്ന ഒരു കരാർ? അല്ലെങ്കിൽ പൂർണ്ണമായ ഉന്മൂലനം? ഒരിക്കൽകൂടി മനുഷ്യരെയും രാജ്യങ്ങളെയും നശിപ്പിക്കാൻ ഇറാന് അവസരം കൊടുക്കില്ല" - ഡോണള്‍ഡ് ട്രംപ്

ഭീഷണിപ്പെടുത്തി വരുതിയിലാക്കുക എന്ന തന്ത്രമാണ് ട്രംപ് സ്വീകരിക്കുന്നത് എന്ന കാര്യം സ്പഷ്ടമാണ്. ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൽ ഇറാൻ മാത്രമല്ല അമേരിക്കയുടെ ഭീഷണിക്ക് പാത്രമായത്. രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടി അമേരിക്കൻ മിലിറ്ററി സന്നാഹങ്ങളെ വിന്യസിക്കാൻ വെനിസ്വേല സമ്മതിച്ചതായി ട്രംപ് അവകാശപ്പെടുന്നു. എന്നാൽ വെനിസ്വേല ഇതുവരെ അങ്ങനെ ഒരു നീക്കം നടത്തിയിട്ടില്ല എന്നതാണ് യാഥാർഥ്യം.

മെക്സിക്കോ ലഹരി മാഫിയയുടെ കേന്ദ്രമാണെന്ന്‌ പറഞ്ഞ ട്രംപ് അമേരിക്കയ്ക്ക് അത് ഉൾകൊള്ളാൻ കഴിയില്ലെന്നും അത്തരം പ്രവർത്തനങ്ങൾക്ക് തടയിടാൻ വേണ്ട നടപടികൾ ആലോചിച്ച് വരുകയാണെന്നും വ്യക്തമാക്കി. പ്രസംഗത്തിൽ ക്യൂബയെ 'പരാജയപ്പെട്ട രാജ്യം' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ക്യൂബയെ രക്ഷപ്പെടുത്താൻ ട്രംപ് ഭരണകൂടം തയ്യാറാണെന്നും, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും ക്യൂബ അമേരിക്കയുടെ നിബന്ധനകൾ അംഗീകരിക്കുന്ന പക്ഷം ക്യൂബക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്നുമാണ് ട്രംപ് പറഞ്ഞ് വെച്ചത്.

തീർന്നില്ല ഗ്രീൻലണ്ടിന്റെയും ഡെന്മാർക്കിന്റെയും സുരക്ഷക്ക് വേണ്ടി രണ്ട് മിലിറ്ററി ബേസുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ കാൽപ്പാടുകൾ ആർട്ടിക്കിലേക്കും നോർത്ത് അറ്റ്ലാന്റിലേക്കും വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും ട്രംപ് ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തിൽ വ്യക്തമാക്കി.

ട്രംപിന്റെ പ്രസംഗത്തിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. വിവിധ രാജ്യങ്ങളുടെ അധിനിവേശമാണ് ലക്ഷ്യം. ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തിലെ പ്രസംഗത്തിൽ ട്രംപ് ആവർത്തിച്ചാവർത്തിച്ച്‌ പറഞ്ഞ ഒരു വാക്ക് ഉണ്ട്, "Greater Protection". ട്രംപ് അമേരിക്കൻ മിലിട്ടറിയെ ചില രാജ്യങ്ങളിൽ വിന്യസിക്കുന്നത് ആ രാജ്യങ്ങളുടെ രക്ഷക്ക് വേണ്ടിയാണ് എന്നാണ് അവകാശപ്പെടുന്നത്. കൂട്ടത്തിൽ ഒരു കാര്യം കൂടി വ്യക്തമാണ്. ഇത് തുടരാൻ ആണ് ട്രംപിന്റെ ഭാവം. അതുകൊണ്ടാണ് ആർട്ടിക്, നോർത്ത് അറ്റ്ലാന്റിക് തുടങ്ങിയവയുടെ പേര് കൂടി പുതുതായി ട്രംപിന്റെ ലിസ്റ്റിന്റെ ഉൾപ്പെട്ടിരിക്കുന്നത്. സുരക്ഷയുടെ പേര് പറഞ്ഞുള്ള അധിനിവേശം.

അമേരിക്ക മറ്റ് രാജ്യങ്ങളുടെ മേൽ ഉയർന്ന തിരുവ ചുമത്തുന്നത് വ്യാപകമായ വിമർശനത്തിന് കാരണമാകുന്ന ഈ സാഹചര്യത്തിൽ പോലും ഒരു കുലുക്കവുമില്ലാതെ ഇനിയും തിരുവ ഉയർത്തേണ്ടിവന്നാൽ അങ്ങനെ ചെയ്യുമെന്ന് ട്രംപ് യുഎൻ പൊതുസമ്മേളനത്തിൽ വെളിപ്പെടുത്തിയതും അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ എതിർത്തതുമെല്ലാം സ്വേച്ഛാധിപതിയെന്ന നിലയിലുള്ള ട്രംപിൻ്റെ രീതികളെ അരക്കിട്ട് ഉറപ്പിക്കുന്നതായിരുന്നു.

"ഞങ്ങൾ തീവ്രവാദികൾ അല്ല"

അമേരിക്കൻ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെയും സ്കൂൾ വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ യുഎൻ വേദിയിൽ ഉയർത്തിക്കാട്ടിയാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ തന്റെ പ്രസംഗം ആരംഭിച്ചത്. ശേഷം ട്രംപിൻറെ പ്രസംഗത്തിൽ ഇറാനെ "തീവ്രവാദികൾ" എന്ന് പരാമർശിച്ചതിനെ രൂക്ഷമായി വിമർശിച്ച പെസെഷ്കിയാൻ ഇറാൻ ചെയ്തത് തീവ്രവാദപ്രവർത്തനമല്ല മറിച്ച്‌ ആക്രമണങ്ങളെ പ്രതിരോധിക്കുകയാണ് ചെയ്തത് എന്ന ന്യായീകരണമാണ് നടത്തിയത്. "ഞങ്ങൾ ഒരു ഭീഷണിക്ക് മുന്നിലും മുട്ട് മടക്കില്ല. ഞങ്ങൾ ആരുടേയും മുന്നിൽ തലകുനിക്കുകയുമില്ല". ഇറാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കി.

Iran President Masoud Pezeshkian
അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾ ഐക്യരാഷ്ട്രസഭയിൽ ഉയർത്തിക്കാണിക്കുന്ന പ്രസിഡന്റ് പെസെഷ്കിയാൻ

ട്രംപിന്റെ പേര് ആവർത്തിച്ച് എടുത്തു പറഞ്ഞാണ് പെസെഷ്കിയാൻ ഓരോ കാര്യവും വ്യക്തമാക്കിയത്. ഇത്രയും ദൃഢവും എന്നാൽ രൂക്ഷവുമായ ഭാഷയിൽ ട്രംപിനെ മറ്റാരും പൊതുസമ്മേളനത്തിൽ എതിർത്തില്ല എന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്. ഇത് ഇറാൻ അടങ്ങി ഇരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന പ്രഖ്യാപനം കൂടിയായാണ് വിലയിരുത്തപ്പെടുന്നത്. അത് പെസെഷ്കിയാൻ വ്യക്തമാക്കുകയും ചെയ്തു. "ഞങ്ങളുടെ രാജ്യത്തെ പരിരക്ഷിക്കാനും ആക്രമണങ്ങളെ തടയാനും ഞങ്ങൾക്ക് ആരുടേയും അനുമതി ആവശ്യമില്ല. ആക്രമിക്കപ്പെട്ട ഇറാനിലെ ഒരു നഗരവും മറുപടി പറയാതിരിക്കില്ല". എന്നായിരുന്നു പെസെഷ്കിയാന്റെ പ്രഖ്യാപനം.

"ഞങ്ങൾ ഒരു ഭീഷണിക്ക് മുന്നിലും മുട്ട് മടക്കില്ല. ഞങ്ങൾ ആരുടേയും മുന്നിൽ തലകുനിക്കുകയുമില്ല. ഞങ്ങളുടെ രാജ്യത്തെ പരിരക്ഷിക്കാനും ആക്രമണങ്ങളെ തടയാനും ഞങ്ങൾക്ക് ആരുടേയും അനുമതി ആവശ്യമില്ല. ആക്രമിക്കപ്പെട്ട ഇറാനിലെ ഒരു നഗരവും മറുപടി പറയാതിരിക്കില്ല" - മസൂദ് പെസെഷ്കിയാൻ

ശരിക്കും തീവ്രവാദപ്രവർത്തനം നടത്തുന്നത് ഇസ്രയേൽ ആണെന്നും അതിന് ട്രംപിന്റെ അകമഴിഞ്ഞ പിന്തുണയുണ്ടെന്നും പെസെഷ്കിയാൻ തുറന്നടിച്ചു. ഇസ്രയേലിന്റെ കയ്യിൽ വൻ ആയുധശേഖരം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ പെസെഷ്കിയാൻ ഇറാന് വേണ്ടത് പ്രത്യേക പരിഗണന അല്ല മറിച്ച്‌ അന്താരഷ്ട്രത്തലത്തിൽ തുല്യ നീതിയാണ് ആവശ്യമെന്നും വ്യക്തമാക്കി അമേരിക്കയുടെ അതിരുകവിഞ്ഞ അധികാരപ്രയോഗത്തെ പ്രസംഗത്തിൽ ഉടനീളം പെസെഷ്കിയാൻ ചോദ്യം ചെയ്തു. "അധികാരം കയ്യിലുള്ളവർ 'രക്ഷകർ' എന്ന പേരിൽ ആക്രമണം നടത്തുന്നു. അന്താരാഷ്ട്ര കോടതിക്ക് പോലും അവരെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല" പെസെഷ്കിയാന്റെ വാക്കുകൾ കൃത്യവും വ്യക്തവുമായിരുന്നു. ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തിൽ ഇറാൻ ആക്രമണം നടത്തിയിട്ടില്ല എന്ന് പെസെഷ്കിയാൻ പറയഞ്ഞില്ല. ആക്രമണം നടത്തി പക്ഷെ അത് പ്രതിരോധ നടപടി ആയിരുന്നു. ഹോർമൂസ് കടലിടുക്ക് അടച്ചത് പോലും അതിന്റെ ഭാഗമായിരുന്നു എന്നായിരുന്നു പെസെഷ്കിയാന്റെ വാദം.

'സംരക്ഷണനയം ആർക്കും ഗുണം ചെയ്യില്ല'

ബ്രിക്സ് രാജ്യങ്ങളിൽ ഉൾപ്പെട്ട ചൈനയുടെ നിലപാടും ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തിൽ വിഭിന്നമായിരുന്നില്ല. യുഎൻ വേദിയിൽ ചൈനയും പേര് പരാമർശിക്കാതെ തന്നെ അമേരിക്കയെ വിമർശിച്ചു. 'Relevant country' എന്ന പദം ഉപയോഗിച്ചാണ് ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ് അമേരിക്കയ്ക്ക് എതിരെ ഒളിയമ്പെയ്തത്.

വൻശക്തികൾ ഉത്തരവാദിത്തം കാണിക്കണമെന്നും, വലിപ്പം കാണിച്ച് മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തിൽ കടന്നുകയറുന്നത് വിശ്വാസ്യത നഷ്ടപ്പെടാൻ കാരണമാകുമെന്നും ചൈന അമേരിക്കക്ക് ഐക്യരാഷ്ട്രസഭയിൽ മുന്നറിയിപ്പ് നൽകി. ക്യൂബയ്ക്കുമേലുള്ള ഉപരോധങ്ങൾ, ഉയർന്ന തീരുവ നയം, സാമ്പത്തിക അധിനിവേശം തുടങ്ങി അമേരിക്ക നടത്തുന്ന അതിരുവിട്ട കളികൾക്കെതിരെ പേര് പരാമർശിക്കാതെ തന്നെ രൂക്ഷ വിമർശനമാണ് ചൈന നടത്തിയത്. ഒപ്പം ആഗോള ദക്ഷിണ മേഖലയിലെ രാജ്യങ്ങൾക്ക് പൂർണപിന്തുണ ചൈന പ്രഖ്യാപിച്ചത് അമേരിക്കക്ക് ലഭിച്ച ഒരു പ്രഹരം തന്നെയാണ്. കൂടാതെ അമേരിക്കയുടെ രക്ഷക വേഷത്തെയും ചൈന വിമർശിക്കാൻ മറന്നില്ല. 'സംരക്ഷണനയം (protectionism) ആർക്കും ഗുണം ചെയ്യില്ല' എന്ന് ചൈന തുറന്നടിച്ചു.

Chinese Vice President Han Zheng
ഐക്യരാഷ്ട്രസഭയിൽ ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ്

മറ്റ് ബ്രിക്സ് രാജ്യങ്ങളെ പോലെ തന്നെ ചൈനയും പറയാനുള്ളത് പറഞ്ഞ ശേഷം അമേരിക്കയുമായി നല്ല നയതന്ത്ര ബന്ധത്തിലാണെന്ന് വരുത്തിത്തീർക്കുകയും ചെയ്തു. അമേരിക്കയെ പൂർണ്ണമായി വെറുപ്പിച്ചാൽ നിലനിൽക്കുന്ന കരാറുകളെ അത് ബാധിക്കുമെന്നും നഷ്ടം സ്വന്തം രാജ്യത്തിന് തന്നെയാണ് എന്ന തിരിച്ചറിവിൽ നിന്നാണ് തള്ളാതെയും കൊള്ളാതെയുമുള്ള സമീപനം ചൈനയും സ്വീകരിച്ചിരിക്കുന്നത്.

അമേരിക്കയ്ക്ക് എതിരെ ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക

ബ്രിക്സിൽ ഉൾപ്പെട്ട ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും അമേരിക്കക്കെതിരെ പേര് പരാമർശിക്കാതെ കടുത്ത വിമർശനമാണ് ഉയർത്തിയത്. അമേരിക്കൻ സാമ്പത്തിക ആധിപത്യത്തിനും ആയുധവൽക്കരണത്തിനുമെതിരെ ഇന്ത്യ ശക്തമായി യുഎൻ വേദിയിൽ എതിർപ്പ് പ്രകടിപ്പിച്ചു. യുദ്ധങ്ങളും തർക്കങ്ങളും നടക്കുമ്പോൾ പെട്ടുപോകുന്നത് വികസ്വര രാജ്യങ്ങളാണ്. ഈ രാജ്യങ്ങൾ 4F (ഭക്ഷണം, ഇന്ധനം, വളം, ധനകാര്യം) പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ യുഎൻ വേദിയിൽ തുറന്നുകാട്ടി. ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ്' എന്ന അധിനിവേശ രാഷ്ട്രീയത്തിനെതിരെ ശക്തമായിത്തന്നെ ഇന്ത്യ നിലപാടെടുത്തു. ഒപ്പം ദക്ഷിണ മേഖല രാജ്യങ്ങൾക്ക് പൂർണ്ണ പിന്തുണ ഇന്ത്യ പ്രഖ്യാപിച്ചതോടെ അമേരിക്കയ്ക്ക് ഇടിവെട്ടേറ്റത് പോലെയായി. അന്താരാഷ്ട്ര നിയമങ്ങളും യുഎൻ തത്വങ്ങളും തങ്ങൾക്ക് സൗകര്യമുള്ളപ്പോൾ മാത്രം ഉപയോഗിക്കുകയും അല്ലാത്തപ്പോൾ തള്ളിക്കളയുകയും ചെയ്യുന്ന ട്രംപിന്റെ ശൈലി ആഗോള സമാധാനത്തിന് വിഘാതമാണെന്നും പേര് പരാമർശിക്കാതെ ഇന്ത്യ വ്യക്തമാക്കി.

Indian Foreign Minister S Jaishankar
ഐക്യരാഷ്ട്രസഭയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ

റഷ്യയും പാശ്ചാത്യ രാജ്യങ്ങളുടെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ട്രംപ് പല രാജ്യങ്ങൾക്കെതിരെ നടത്തുന്ന ഭീഷണി അന്താരാഷ്ട്ര സമാധാനത്തിന് വൻ ഭീഷണിയാണെന്ന് റഷ്യ വ്യക്തമാക്കി. നിലവിൽ അന്താരാഷ്ട്ര സുരക്ഷാ സമിതിയിൽ പാശ്ചത്യ രാജ്യങ്ങൾക്കാണ് പ്രാതിനിധ്യം. ഇക്കാരണത്താൽ ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങൾക്ക് നിർണ്ണായക ഘട്ടങ്ങളിൽ വേണ്ടത്ര സുരക്ഷാ സഹായം ലഭിക്കാതെ വരുന്ന ഒരു സാഹചര്യവും നിലവിലുണ്ട്. ഇതിന് പരിഹാരമെന്നോണം ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങൾക്ക് സുരക്ഷാ സമിതിയിൽ കൂടുതൽ പ്രാതിനിധ്യം വേണമെന്ന് റഷ്യ ആവശ്യപ്പെട്ടു.

ദക്ഷിണാഫ്രിക്കയുടെ നിലപാടും വിഭിന്നമായിരുന്നില്ല. അമേരിക്കയുടെ നിലപാടുകൾക്കെതിരെ 'certain countries' എന്ന പദം ഉപയോഗിച്ചാണ് ദക്ഷിണാഫ്രിക്ക പ്രതികരിച്ചത്. അടുത്തിടെ ദക്ഷിണാഫ്രിക്ക വംശീയത കാണിക്കുന്നു എന്ന ട്രംപിന്റെ പ്രതികരണത്തിന് കടുത്ത ഭാഷയിൽ വിദേശകാര്യ മന്ത്രി റോണാൾഡ് ലാമോള പേര് പരാമർശിക്കാതെ തിരിച്ചടിച്ചു. ദക്ഷിണാഫ്രിക്കയുടെ സ്വത്വം പരിരക്ഷിക്കുമെന്നും എന്നാൽ തങ്ങൾക്ക് വേണ്ട അംഗീകാരം ആഗോളതലത്തിൽ ലഭിക്കണമെന്നും റോണാൾഡ് ലാമോള പറഞ്ഞു.

ചുരുക്കത്തിൽ ബ്രിക്സ് രാജ്യങ്ങളിൽ യുഎഇ, സൗദി അറേബ്യാ എന്നീ രാജ്യങ്ങൾ ഒഴികെ മറ്റെല്ലാ രാജ്യങ്ങളും ട്രംപിന്റെ അധിനിവേശ നിലപാടുകളെ ഒറ്റകെട്ടായി എതിർക്കുന്ന കാഴ്ചക്കാണ് 2026ലെ ഐക്യരാഷ്ട്രസഭ പൊതുസമ്മേളനം വേദിയായത്. യുഎഇ, സൗദി അറേബ്യാ രാജ്യങ്ങൾക്ക് ട്രംപിന്റെ ചില രീതികൾ സ്വീകാര്യമല്ലെങ്കിലും യുദ്ധാന്തരീക്ഷം നിലനിൽക്കുന്നതിനാൽ അമേരിക്കയ്ക്ക് എതിരെ ഒരക്ഷരം പോലും ഉരിയാടാൻ പറ്റാത്ത അവസ്ഥയിലാണ്. ബ്രിക്സ് രാജ്യങ്ങൾ പരോക്ഷമായി എന്നാൽ കാര്യങ്ങൾ വ്യക്തമാകണം എന്ന ഉദ്ദേശത്തോടെയാണ് അമേരിക്കയെ എതിർത്തത്. ഐക്യരാഷ്ട്രസഭയിൽ ഈ രാജ്യങ്ങൾ നല്കിയ കൊട്ടുകളെല്ലാം കൂട്ടിവെച്ച്‌ അമേരിക്ക എങ്ങനെ തിരിച്ചടിക്കും എന്ന് അറിയാനുള്ള കൗതുകത്തിലാണ് രാഷ്ട്രീയനിരീക്ഷകരും ലോകരാജ്യങ്ങളും.

Content Highlights: At the 2026 UN General Assembly, anti-american sentiment surged as BRICS and other nations strongly criticized Trump's aggressive unilateral policies.

dot image
To advertise here,contact us
dot image