

ദൃശ്യം 3യുടെ റിലീസിന്റെ ഭാഗമായി സിനിമയിലെ അഭിനേതാക്കളും ഫസ്റ്റ് ഷോ കാണാന്‍ തീയേറ്ററുകളിലെത്തിയിരുന്നു. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ സിനിമ കാണുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിനോടൊപ്പം വൈറലായ ഒരു വീഡിയോ ആയിരുന്നു സിനിമ കണ്ട് മോഹന്‍ലാലിന്റെ അരികിലിരുന്ന് വിതുമ്പുന്ന എസ്തര്‍ അനിലിന്റെ വിഡിയോ.
ഇപ്പോഴിതാ ആ വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റിന് എസ്‌തേര്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മോഹന്‍ലാലിനടുത്തിരുന്നു കരഞ്ഞു കണ്ണ് തുടയ്ക്കുന്ന എസ്തറിനെ പരിഹസിക്കുന്ന രീതിയില്‍ ആയിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. 'എന്റെ മോളെ, അയാള്‍ ഇതിലും വലുത് ചെയ്തതും കണ്ടതും ആണ്; അപ്പോഴാ നിന്റെ മോങ്ങല്‍…' എന്നായിരുന്നു കമന്റ് കമന്റ് ചെയ്ത വ്യക്തിക്ക് മറുപടിയുമായി എസ്തറുമെത്തി. 'മോളേ, എന്താണ് നിന്റെ പ്രശ്‌നം?' എന്നായിരുന്നു എസ്തറിന്റെ ചോദ്യം. താരത്തിന്റെ ഈ പ്രതികരണം നിമിഷനേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്. മോഹന്‍ലാലിനൊപ്പം ഇത്രയും കാലം അഭിനയിച്ച കുട്ടിയാണ് അടുത്തിരിക്കുന്നത് എന്ന ബോധം പോലും ഇല്ലാതെയാണ് ചിലര്‍ ചോദ്യം ചോദിക്കുന്നതെന്നാണ് കമന്റുകള്‍. സിനിമയില്‍ ജോര്‍ജ് കുട്ടിയുടെ ഇളയ മകള്‍ അനുവായിട്ടാണ് താരം എത്തിയത്.
അതേസമയം, ദൃശ്യം 3ക്ക് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദൃശ്യത്തിന്റെ മൂന്നാംഭാഗം മികച്ച ദൃശ്യാനുഭവമായി മാറിയെന്നത് ക്ലൈമാക്സിനു ശേഷം തിയറ്ററിലെ പ്രേക്ഷകരുടെ കയ്യടികള്‍ തെളിവാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ഡേ കളക്ഷന്‍ റിപ്പോട്ടുകളാണ് എത്തുന്നത്.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്റെ കണക്കനുസരിച്ച് ചിത്രം ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം നേടിയ ഗ്രോസ് 18.37 കോടിയും നെറ്റ് കളക്ഷന്‍ 15.85 കോടിയുമാണ്. ജിസിസി അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളില്‍ വന്‍ പ്രതികരണമാണ് ചിത്രം ആദ്യ ദിനം നേടിയത്. 30 കോടിയ്ക്കടുത്ത് കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം ചിത്രം 48 .37 കോടി നേടിയതെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഇത് ആദ്യ കണക്കുകളാണ്. സിനിമയ്ക്ക് 50 കോടി കളക്ഷന്‍ ലഭിക്കാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ആദ്യ ദിനം വൈകിട്ട് 4 മണിയൊക്കെ ആയപ്പോഴേക്കും ചിത്രത്തിന്റെ തിയറ്റര്‍ ഒക്കുപ്പന്‍സി 90 ശതമാനത്തിന് മുകളിലേക്ക് എത്തിയിരുന്നു. കേരളത്തില്‍ അഞ്ഞൂറില്‍ അധികം ലേറ്റ് നൈറ്റ് ഷോകള്‍ ഇന്നലെ നടന്നു എന്നാണ് കണക്ക്. സിനിമയ്ക്ക് പ്രതീക്ഷിച്ചതിലും മുകളില്‍ നേട്ടം ഉണ്ടാക്കാന്‍ ആകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളത്തില്‍ ത്രില്ലര്‍ സിനിമകള്‍ക്ക് പുതിയൊരു ബെഞ്ച്മാര്‍ക്ക് നല്‍കിയ ചിത്രമായിരുന്നു മോഹന്‍ലാല്‍ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'.ജോര്‍ജ്കുട്ടിയും കുടുംബവും അവരുടെ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉള്‍പ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
Content Highlights: esther anil reacted the bad comment of her video with mohanlal