

ഒരു സിനിമാ സംവിധായകന്‍, നടന്‍ എന്നതിലപ്പുറം ബേസില്‍ ജോസഫ് എന്ന വ്യക്തിയെ മലയാളികള്‍ക്ക് വളരെ ഇഷ്ടമാണ്. അതു കൊണ്ട് തന്നെ ബേസിലിന്റെ ഇന്റര്‍വ്യൂസ് കാണാനും സ്റ്റേജില്‍ നിന്ന് സംസാരിക്കുന്നതൊക്കെ കേള്‍ക്കാനും ആളുകള്‍ക്ക് വളരെ താല്പര്യവുമുണ്ട്്. പ്രേക്ഷകര്‍ നല്‍കുന്ന ഈ ഇഷ്ടം എങ്ങിനെ മലയാളത്തിന് പുറത്തും ലഭിക്കുന്നു എന്ന ചേദ്യത്തിന് മറുപടി നല്‍കുകയാണ് ബേസില്‍. അതിരടിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ റിപ്പോര്‍ട്ടര്‍ ഫിലിംസിനോട് സംസാരിക്കുകയായിരുന്നു ബേസില്‍.
'ആദ്യമൊക്കെ എനിക്ക് നല്ല പേടിയുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ മലയാളത്തിന് പുറത്തുള്ള അഭിമുഖങ്ങളിലും സ്‌റ്റേജ് ഷോകളിലും സംസാരിക്കാന്‍ പേടിയില്ല. അതുകൊണ്ട് നമുക്ക് നമ്മളായി തന്നെ സംസാരിക്കാന്‍ കഴിയുന്നുണ്ട്. അവരെന്നെ എന്തു വേണമെങ്കിലും ജഡ്ജ് ചെയ്തോട്ടെ. എന്റെ ഭാഷയെ ജഡ്ജ് ചെയ്തോട്ടെ, എന്റെ ഇംഗ്ലീഷിനെ ജഡ്ജ് ചെയ്തോട്ടെ, എന്താണെങ്കിലും എനിക്ക് പ്രശ്നമല്ല. ഇപ്പോ ഞാന്‍ പോയി എനിക്ക് പറ്റുന്ന ഭാഷയില്‍ സംസാരിക്കും അതു വച്ച് എന്നെ ജഡ്ജ് ചെയ്യണ്ട ആവശ്യമില്ല ഞാന്‍ ചെയ്യുന്ന സിനിമ കണ്ടിട്ട് എന്നെ ജഡ്ജ് ചെയ്താല്‍ മതി'- ബേസിലിന്റെ മറുപടി.
അതേസമയം, ബേസിലും ടോവിനോയും നായകന്‍-വില്ലന്‍ വേഷത്തില്‍ ആടിതിമിര്‍ത്ത 'അതിരടി' 50 കോടി ക്ലബ്ബിലെത്തി. ആഗോള ബോക്‌സ് ഓഫീസില്‍ നിന്നാണ് ചിത്രം മിന്നും വിജയം നേടിയത്. . കാമ്പസിന്റെ പശ്ചാത്തലത്തില്‍ ആക്ഷനും കോമഡിയും കോര്‍ത്തിണക്കി ഒരു പക്കാ ഫെസ്റ്റിവല്‍ ചിത്രമായാണ് അതിരടി ഒരുക്കിയത്. അതുകൊണ്ട് തന്നെ വെക്കേഷന്‍ കാലത്ത് എല്ലാത്തരം പ്രേക്ഷകര്‍ക്കും തീയേറ്ററില്‍ വന്നു ആഘോഷിച്ചു കാണാവുന്ന രീതിയിലാണ് ചിത്രം എത്തുന്നത്.
അതേസമയം കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ ലോഞ്ച് ചെന്നൈയില്‍ വച്ച് നടന്നിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ആണ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ ലോഞ്ച് ചെന്നൈയില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ വെച്ച് ഔദ്യോഗികമായി നിര്‍വഹിച്ചത്. ബേസില്‍ ജോസഫും സഹ താരങ്ങളും ഉള്‍പ്പെടെ ഒട്ടേറെ പേര്‍ ചടങ്ങില്‍ പങ്കെടുത്തു. മെയ് 22 നാണ് ചിത്രത്തിന്റെ തമിഴ് പതിപ്പ് തമിഴ്‌നാട്ടില്‍ റിലീസിന് എത്തുന്നത്. പ്രേക്ഷകരുടെ ഇഷ്ട താരമായ ബേസില്‍ ജോസഫിന്റെ ആദ്യ നിര്‍മ്മാണ സംരംഭം എന്ന നിലയിലും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ ഏറെ വലുതാണ്. മിന്നല്‍ മുരളിക്ക് ശേഷം ബേസില്‍ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ചിത്രം പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.
Content Highlights: Basil Joseph says he doesn't mind being judged by English people