

തിരുവനന്തപുരം: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ട് പൂട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സിജെപിയെന്ന യുവജന കൂട്ടായ്മയുടെ എക്‌സ് അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുളള അസഹിഷ്ണുതയാണെന്നും രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായി അത് വളര്‍ന്നുവരുമോ എന്ന ആശങ്കയാണ് സര്‍ക്കാരിനെന്നും പിണറായി വിജയന്‍ പറഞ്ഞു. തൊഴിലില്ലായ്മയും അവഗണനയും അനുഭവിക്കുന്ന യുവജനങ്ങള്‍ ഈ പൊടുന്നനെയുളള പ്രതിഷേധത്തില്‍ ആകൃഷ്ടരായത് നിലവിലുളള സാമൂഹിക- രാഷ്ട്രീയ സാഹചര്യത്തോടുളള കടുത്ത അസന്തുഷ്ടിയുടെ പ്രതിഫലനമാണെന്നും ആ വികാരം കൂടുതല്‍ വ്യാപിക്കുമെന്ന ഭയമാണ് കേന്ദ്രസര്‍ക്കാരിനെ ജനാധിപത്യപരമായ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന നടപടികളിലേക്ക് നയിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'എന്തിനാണ് ബിജെപി ഇങ്ങനെ പേടിക്കുന്നത്? 'പാറ്റകള്‍' എന്ന വിശേഷണത്തിനെതിരായ പ്രതിഷേധം ക്ഷിപ്ര പ്രതികരണമായി ചുരുക്കി കാണേണ്ട ഒന്നല്ല. തൊഴിലില്ലായ്മയും അസമത്വവും ചൂഷണവും നിറഞ്ഞ വ്യവസ്ഥിതിക്കെതിരായ ശക്തമായ രാഷ്ട്രീയ പ്രതികരണത്തിന്റെ തീഷ്ണത അതില്‍ കാണാവുന്നതാണ്. ആ വികാരം കൂടുതല്‍ വ്യാപിക്കുമെന്ന ഭയമാണ് കേന്ദ്രസര്‍ക്കാരിനെ ജനാധിപത്യപരമായ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന നടപടികളിലേക്ക് നയിക്കുന്നത്. ഒരു രാഷ്ട്രീയ ആശയത്തോടോ പ്രതിഷേധ രൂപത്തോടോ വിയോജിപ്പുണ്ടാകാം. എന്നാല്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്രവും സംഘടനാ സ്വാതന്ത്രവും വിനിയോഗിക്കുന്ന ഒരു യുവജന പ്രതിഷേധത്തെ നിയമങ്ങളെയോ ഭരണനടപടികളെയോ ദുരുപയോഗം ചെയ്ത് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യ ഇന്ത്യയുടെ ആത്മാവിനും ഭരണഘടനാപരമായ മൂല്യങ്ങള്‍ക്കും വിരുദ്ധമാണ്' പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും ജനാധിപത്യത്തിലും അഭിപ്രായസ്വാതന്ത്രത്തിലും വിശ്വസിക്കുന്ന എല്ലാ ശക്തികളും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതിന് പിന്നാലെ ഇന്ന് അവരുടെ വെബ്‌സൈറ്റും കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. 10 ലക്ഷം പേര്‍ അംഗങ്ങളായ cockroachjantaparty.org എന്ന വെബ്‌സൈറ്റാണ് മരവിപ്പിച്ചത്. തന്റെ വ്യക്തിഗത ഇന്‍സ്റ്റഗ്രാം അക്കൗണ്ടും സിജെപിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടതായി സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ അറിയിച്ചിരുന്നു. നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുളള ഡിജിറ്റല്‍ ക്യാംപെയ്‌ന് വലിയ പിന്തുണയാണ് ലഭിച്ചത്. ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുളള പെറ്റീഷനില്‍ 6 ലക്ഷം പേരാണ് ഒപ്പിട്ടത്. അതേസമയം കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ ഫോളോവേഴ്‌സിന്റെ എണ്ണം രണ്ട് കോടി 22 ലക്ഷമായി ഉയര്‍ന്നു.
Content Highlights:'Central government is intolerant of democratic protests'; Pinarayi Vijayan on CJP X account block