

ദൃശ്യം 2ന്റെ ഒടിടി റിലീസിനെ കുറിച്ചും കൊവിഡ് കാലത്ത് ചെയ്ത പല സിനിമകളെ കുറിച്ചും മനസ് തുറക്കുകയാണ് മോഹൻലാൽ. ദൃശ്യം 2 ഒടിടിയിൽ റിലീസ് ചെയ്തത് മലയാള സിനിമ ലോകം മുഴുവൻ അറിയപ്പെടാനുള്ള കാരണങ്ങളിലൊന്നായി മാറിയെന്ന് മോഹൻലാൽ പറഞ്ഞു. കൊവിഡ് കാലത്ത് സിനിമാ മേഖലയെ ആശ്രയിച്ച് കഴിയുന്നവർ പ്രതിസന്ധിയിലാകാതിരിക്കാൻ കൂടിയാണ് താൻ സിനിമകൾ ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ദൃശ്യം 2ന്റെ ഒടിടി റിലീസ് നേടിയ വലിയ സ്വീകാര്യതയാണോ അതോ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ കഴിയാത്തതിലെ നിരാശയാണോ ഇപ്പോൾ മനസിൽ ഉള്ളത് എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മോഹൻലാൽ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പല സിനിമകളുടെ ഷൂട്ടിനായി പോകുമ്പോൾ വ്യത്യസ്ത നാടുകളിൽ നിന്നുള്ളവർ ദൃശ്യം 2 കണ്ടതിനെ കുറിച്ച് തന്നോട് വന്ന് സംസാരിച്ചത് ഒടിടി റിലീസിന്‍റെ ഫലമാണെന്ന് മോഹൻലാൽ പറഞ്ഞു.
'ദൃശ്യം എന്ന ഫ്രാഞ്ചൈസി മാത്രമല്ല മലയാള സിനിമ തന്നെ പുറംലോകത്ത് അറിയപ്പെടാൻ കാരണമായ ചിത്രങ്ങളിലൊന്നാണ് ദൃശ്യം 2. ബിഹാറിലും ജയ്‌സാൽമറിലും വരെയുള്ള ആൾക്കാർ എന്നോട് വന്ന് ദൃശ്യം 3 എപ്പോഴാണ് വരുന്നതെന്ന് ചോദിച്ചിട്ടുണ്ട്. അവരെല്ലാം മലയാളത്തിൽ ദൃശ്യം കണ്ടവരായിരുന്നു. ഒറിജിനൽ സിനിമ സബ്‌ടൈറ്റിലൊക്കെ വെച്ച് കാണാനാണ് അവർ ആഗ്രഹിക്കുന്നത്.
ദൃശ്യം 2 ഒടിടിയിൽ ഇറക്കുക എന്നത് നമ്മൾ മനപ്പൂർവ്വം എടുത്ത തീരുമാനം അല്ലായിരുന്നു. കൊവിഡ് സമയത്ത് നമുക്ക് വേണമെങ്കിൽ സിനിമ ചെയ്യാതെ ഇരിക്കാം. പക്ഷെ നമ്മുടെ കൂടെ വർക്ക് ചെയ്യുന്ന ഒരുപാട് ആൾക്കാരും അവരുടെ കുടുംബങ്ങളും ജോലിയില്ലാതെ ബുദ്ധിമുട്ടും. അങ്ങനെ സംഭവിക്കരുതല്ലോ. അങ്ങനെ സിനിമകൾ ഒടിടിയ്ക്കായി ചെയ്തു. കൊവിഡ് കാലത്ത് ഏഴോളം സിനിമകളാണ് ഞാൻ ഏറ്റവും ചെയ്തത്. ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തത് ഞാനായിരുന്നു. ഏഴോളം സിനിമകൾ ചെയ്തു. ഒടിടിയ്ക്കായി ചെയ്ത് ചില സിനിമകൾ പിന്നീട് തിയേറ്ററിലിറങ്ങി. അവ പലതും മോശമായി പോവുകയും ചെയ്തു,' മോഹൻലാൽ പറഞ്ഞു.
അതേസമയം, ദൃശ്യം 3 മികച്ച വിജയമാണ് തിയേറ്ററുകളിൽ നേടുന്നത്. മെയ് 21ന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിവസം തന്നെ 50 കോടിയ്ക്കടുത്ത് കളക്ഷൻ നേടിയിരുന്നു. ചിത്രം വൈകാതെ തന്നെ പല കളക്ഷൻ റെക്കോർഡുകളും മറികടക്കുമെന്നാണ് കരുതപ്പെടുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം നാലാം ഭാഗത്തിനുള്ള സാധ്യതകളും തുറന്നുവെക്കുന്നുണ്ട്.
Content Highlights: Mohanlal opens up about his box office flops after Covid and ott releases. He talks about how some of his films which were originally meant for OTT during Covid time got released in theatre and failed