ആശങ്ക വേണ്ടാ! ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ കാണാം, പ്രഖ്യാപനം ഉടന്‍

സംപ്രേഷണാവകാശം അന്തിമഘട്ടത്തിലേക്ക്, ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി എഐഎഫ്എഫ് ജനറല്‍ സെക്രട്ടറി

ആശങ്ക വേണ്ടാ! ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ കാണാം, പ്രഖ്യാപനം ഉടന്‍
dot image

ഇന്ത്യയിലെ ഫുട്‌ബോള്‍ പ്രേമികളുടെ പ്രധാന ആശങ്ക ഫുട്‌ബോള്‍ ലോകകപ്പ് തത്സമയം കാണാന്‍ പറ്റില്ലേയെന്നാണ്. വലിയ തുക നല്‍കി സംപ്രേഷണാവകാശം ഏറ്റെടുക്കാന്‍ ചാനലുകള്‍ വിസമ്മതിച്ചതോടെ അമേരിക്കന്‍ ലോകകപ്പ് തത്സമം കാണാന്‍ പറ്റില്ലേയെന്ന ആശങ്കയേറി. എന്നാല്‍ ചര്‍ച്ചകള്‍ വഴിമുട്ടിയ സാഹചര്യത്തില്‍ ഫിഫ നേരിട്ടുതന്നെ ഇന്ത്യയിലേക്ക് എത്തി. ഒടുവില്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത എത്താന്‍ പോകുന്നു; സംപ്രേഷണം സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപം ഉടനെന്ന്. ഇക്കാര്യം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഷാജി പ്രഭാകരന്‍ സ്ഥിരീകരിച്ചു. കാത്തിരിപ്പ് അവസാനിച്ചെന്നും ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. അടുത്ത ആഴ്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ലോകകപ്പ് ഇന്ത്യയില്‍ കാണാന്‍ കഴിയുമെന്നും ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് കാത്തിരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

സംപ്രേഷണത്തുക സംബന്ധിച്ച തര്‍ക്കമാണ് നേരത്തെ ആരും ഏറ്റെടുക്കാത്തതിന് കാരണമായത്. ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണം ചെയ്തേക്കുമെന്ന വിവരമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം തള്ളി. ഇതോടെ ഈ സാധ്യതയും അടഞ്ഞു. ഫിഫയുമായി ചര്‍ച്ച നടത്തിയെങ്കിലും ഇനി ചര്‍ച്ചയുണ്ടാകില്ലെന്ന് ദൂരദര്‍ശന്‍ അധികൃതര്‍ അറിയിച്ചു. 500 കോടി രൂപയാണ് ഫിഫ ആവശ്യപ്പെടുന്നത്. ഇത് താങ്ങാനാകില്ലെന്നാണ് ദൂരദര്‍ശന്‍ അധികൃതര്‍ പറഞ്ഞത്.

ചൈനയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മീഡിയ ഗ്രൂപ്പുമായി ഫിഫ ധാരണയിലെത്തിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് കരാറിലെത്തിയത്. ഇന്ത്യയിലെ സംപ്രേഷണ കാര്യത്തില്‍ മാത്രമാണ് ഇനി തീരുമാനമാകാനുള്ളത്. ഇന്ത്യയിലെ വലിയ മാധ്യമ ശൃംഖലയായ റിലയന്‍സ്-ഡിസ്നിയുമായി ഫിഫ നേരത്തെ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.

content highlights: No need to worry! World Cup matches can be watched in India; announcement expected soon

dot image
To advertise here,contact us
dot image