

ഏതാനും ദിവസങ്ങള്‍ക്കിടെ മൂന്നാം തവണയാണ് ശനിയാഴ്ച പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചത്. മെയ് 15 മുതല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ ഘട്ടംഘട്ടമായി വില വര്‍ധിപ്പിച്ചുവരികയാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷമാണ് ആഗോള എണ്ണവില ഉയരാന്‍ പ്രധാന കാരണമായത്. ഇതിന്റെ പ്രതിഫലനമാണ് ഇന്ത്യയിലും ഇന്ധന വിലയില്‍ ഉണ്ടായിരിക്കുന്നത്. നഷ്ടം നികത്താന്‍ അടുത്ത മൂന്ന് മാസത്തേക്കെങ്കിലും എണ്ണക്കമ്പനികള്‍ വില കൂട്ടുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, വില കൂട്ടുന്ന സാഹചര്യത്തിലും ഇന്ത്യയിലെ ഇന്ധന വിലവര്‍ധന ലോകത്തിലെ പല പ്രധാന സമ്പദ്വ്യവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായപ്പോഴും വന്‍കിട സമ്പദ്വ്യവസ്ഥകളില്‍ ഇന്ത്യ മാത്രമാണ് 76 ദിവസത്തോളം ഇന്ധനവില മാറ്റമില്ലാതെ നിലനിര്‍ത്തിയതെന്ന് കേന്ദ്രം അവകാശപ്പെടുന്നു. യുഎഇ, യുഎസ്, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്ത്യയെക്കാള്‍ വളരെ കൂടുതലായി വില വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ യുഎസില്‍ 44.5 ശതമാനം, യുഎഇയില്‍ 52.4 ശതമാനം, പാക്കിസ്ഥാനില്‍ 54.9 ശതമാനം, യുകെയില്‍ 19.2 ശതമാനം, ബംഗ്ലാദേശില്‍ 16.7 ശതമാനം, ജപ്പാനില്‍ 9.7 ശതമാനം എന്നിങ്ങനെയാണ് വില ഉയര്‍ന്നതെന്ന് കേന്ദ്രം വ്യക്തമാക്കി. ഉപഭോക്തൃ സംരക്ഷണത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ എണ്ണക്കമ്പനികള്‍ക്കുണ്ടായ ഭീമമായ നഷ്ടം നികത്താന്‍ വിലവര്‍ധന അനിവാര്യമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ അധിക നികുതി ജനങ്ങള്‍ക്ക് ഭാരമാണെന്നും കേന്ദ്രം കുറ്റപ്പെടുത്തുന്നു.
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ക്ക് വന്‍ നഷ്ടമാണ് നേരിടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവിലെ നഷ്ടം നികത്താന്‍ പെട്രോള്‍-ഡീസല്‍ വില ലിറ്ററിന് 28 മുതല്‍ 33 രൂപ വരെ ഉയര്‍ത്തേണ്ട സാഹചര്യമുണ്ടാകാമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ നിയന്ത്രിതമായ വര്‍ധന രീതിയാണ് പിന്തുടരുന്നത്. എട്ടുദിവസത്തിനിടെ ആകെ 5 രൂപയോളമാണ് വില ഉയര്‍ന്നത്.
ഇന്ധനവില ഉയരുന്നത് ജനങ്ങളുടെ ജീവിതച്ചെലവിനെ നേരിട്ട് ബാധിച്ചേക്കുമെന്ന ആശങ്ക ശക്തമാണ്. ചരക്ക് ഗതാഗത ചെലവ് കൂടുന്നതോടെ പച്ചക്കറി, പഴം, പാല്‍, പലചരക്ക് എന്നിവയുടെ വിലയും ഉയരാനിടയുണ്ട്. ടാക്‌സി, ഓട്ടോ, ലോറി സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള ഗതാഗത മേഖലയിലും അധികഭാരം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. പെട്രോളിനും ഡീസലിനും പുറമെ സിഎന്‍ജിക്കും വില ഉയര്‍ന്നിട്ടുണ്ട്. വാണിജ്യ വാഹന ഡ്രൈവര്‍മാര്‍ക്കും ഗതാഗത മേഖലയ്ക്കും ഇത് കൂടുതല്‍ സമ്മര്‍ദ്ദമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
Content Highlights: Last three months saw the world panicking and passing the increased costs to consumers, but India held tightly on fuel pricing, until the first hike on May 15. India is the only major economy in the world to have held kept fuel prices unchanged through the first 76 days of the Hormuz disruption, the government said.