

ശിവകാർത്തികേയനെ നായകനാക്കി സുധ കൊങ്കാര സംവിധാനം ചെയ്ത പരാശക്തിയും വിജയ് നായകനായി റിലീസ് ചെയ്യാനിരുന്ന ജനനായകനും തമ്മിൽ പൊങ്കലിന് വലിയ മത്സരം നടക്കുമെന്നായിരുന്നു എല്ലാവരും കണക്കുകൂട്ടിയിരുന്നത്. വിജയ് തന്റെ അവസാന ചിത്രവുമായി തിയേറ്ററുകൡലെത്തുമ്പോൾ എന്തിനാണ് ക്ലാഷിന് ഒരുങ്ങുന്നത് എന്ന പരാശക്തി ടീമിനോട് പലരും ചോദിച്ചിരുന്നു. സുധ കൊങ്കാരയ്ക്കും ശിവ കാർത്തികേയനും പരാശക്തിക്കും എതിരെയുള്ള വലിയ പ്രചാരണങ്ങളിലേക്കും കാര്യങ്ങൾ നീങ്ങിയിരുന്നു.
ഒരിക്കലും വിജയ്‌യുമായി ഒരു മത്സരം താനോ ടീമോ ചിന്തിച്ചിട്ടില്ലെന്ന് പറയുകയാണ് സുധ കൊങ്കാര ഇപ്പോൾ. വിജയ് രാജ്യത്തെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ ആണെന്നും അദ്ദേഹത്തിന്റെ ചിത്രം തിയേറ്ററുകളിലെത്തണമെന്ന് താൻ ഏറെ ആഗ്രഹിച്ചിരുന്നെന്നും സുധ കൊങ്കാര പറഞ്ഞു. ഇന്ത്യാ ടുഡേയോടാണ് സുധയുടെ പ്രതികരണം.

'എനിക്ക് വിജയ്‌യെ ഒരുപാട് ഇഷ്ടമാണ്. ഒരുപക്ഷെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഫാൻ ഞാൻ ആയിരിക്കും. അതിലൊരു സംശയവും വേണ്ട. വിജയ്ക്കും ഇക്കാര്യം അറിയാം. അദ്ദേഹത്തോട് നേരിട്ട് ഞാനിത് പറഞ്ഞിട്ടുണ്ട്. ഒരിക്കൽ വിജയ്‌യുമായി ഒരു സിനിമ ചെയ്യാൻ ആലോചിച്ചിരുന്നു. അതിന്റെ ചർച്ചകൾ നടന്നിരുന്നെങ്കിലും പിന്നീട് പല കാരണങ്ങളാൽ നടന്നില്ല.
എനിക്ക് ഏറെ ഇഷ്ടമുള്ള നടനാണ് വിജയ്. വിജയ് സിനിമകൾ തിയേറ്ററുകളിൽ കാണുക എന്നത് എനിക്കൊരു ഹരമാണ്. ഞാൻ എന്റെ സിനിമകൾ ആയിരക്കണക്കിന് പ്രാവശ്യം കണ്ടുകാണും. പക്ഷെ ഒരു വിജയ് സിനിമ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുക എന്നത് വേറെ തന്നെ അനുഭവമാണ്. ജനനായകൻ സിനിമ തിയേറ്ററിൽ പോയി കാണണമെന്ന് അത്രമേൽ ആഗ്രഹിച്ചതാണ്.

വിജയ് നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ സൂപ്പർസ്റ്റാറാണ്. അദ്ദേഹത്തോട് ആരെങ്കിലും മത്സരിക്കുമോ, ഒരിക്കലുമില്ല. ജനനായകനും റിലീസ് ചെയ്യുന്നു, ഞങ്ങളുടെ പടവും റിലീസ് ചെയ്യുന്നു. അങ്ങനെയേ കരുതിയിട്ടുള്ളു. ഞങ്ങൾക്ക് ഏതെങ്കിലും ഒരു ആഘോഷ സമയം വേണമെന്നേ ഉണ്ടായിരുന്നുള്ളു.
ജനനായകന് സംഭവിച്ചത് മറ്റൊരു സിനിമയ്ക്കും സംഭവിക്കരുത്. റിലീസിന് രണ്ട് ദിവസം മുൻപാണ് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാൻ മടിച്ചു നിന്നത്. അത് ഒരിക്കലും ഒരു സിനിമയ്ക്കും സംഭവിക്കരുത്,' സുധ കൊങ്കാര പറഞ്ഞു.
Content Highlights: Sudha Kongara calls Vijay the biggest superstar in the country and says Parasakthi never wanted to compete with Jana Nayagan