

വിവാഹമോചനം തേടുകയാണെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടൻ ഗോവിന്ദ. ഭാര്യ സുനിത അഹുജയടക്കം ഏറ്റവും അടുത്ത കുടുംബാംഗങ്ങളെ പോലെ തനിക്കെതിരെയുള്ള ഗൂഢാലോചനയ്ക്കായി ചിലർ ഉപയോഗിക്കുകയാണെന്ന് ഗോവിന്ദ പറഞ്ഞു. നാളുകൾക്ക് മുമ്പ്, ഗോവിന്ദയ്ക്ക് ചില വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നു എന്ന് തുറന്നു പറഞ്ഞുകൊണ്ട് സുനിത രംഗത്ത് വന്നത് കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഗോവിന്ദയും സുനിതയും വിവാഹമോചിതരാകുമെന്ന വാർത്തകൾ ശക്തമായത്.

എന്നാൽ വിവാഹമോചന വാർത്തകളെ നിഷേധിക്കുന്ന തരത്തിലാണ് ഇപ്പോൾ ഗോവിന്ദയുടെ പ്രതികരണം വന്നിരിക്കുന്നത്. ഇത്രയും നാൾ പ്രതികരിക്കാതിരുന്നപ്പോൾ പലരും തന്നെ ബലഹീനനായി കാണാൻ തുടങ്ങിയെന്നും എന്നാൽ യാഥാർത്ഥ്യമതല്ലെന്നും ഗോവിന്ദ പറഞ്ഞു. എഎൻഐയോടാണ് ഗോവിന്ദയുടെ പ്രതികരണം.
'മിണ്ടാതിരുന്നാൽ നമ്മൾ ബലഹീനരാണെന്ന് കരുതപ്പെടുമെന്ന് ഇപ്പോഴാണ് എനിക്ക് മനസിലായത്. അല്ലെങ്കിൽ നമ്മുടെ ഭാഗത്ത് തെറ്റുള്ളതുകൊണ്ടാണ് മിണ്ടാത്തത് എന്ന് ചിലർ പറയും. അതുകൊണ്ട് ഇന്ന് ഞാൻ പ്രതികരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. എന്റെ കുടുംബത്തിലെ അംഗങ്ങളെ പോലും എനിക്കെതിരെ തിരിക്കുന്ന വലിയ ഗൂഢാലോചനയാണ് ഇവിടെ നടക്കുന്നത്. തങ്ങളെ ഇക്കൂട്ടർ ഉപയോഗിക്കുകയാണ് എന്ന് അവർക്ക് മനസിലാകുന്നില്ല. അവരെ ഓപ്പണിംഗ് ബാറ്ററെ പോലെ ഇറക്കിവിട്ടിരിക്കുകയാണ്.

സിനിമയിലെ പ്രശസ്തി പരിധിയും വിട്ട് വർധിക്കുമ്പോൾ ഇത്തരം പ്രശ്‌നങ്ങളുണ്ടാകും. പലരും നിങ്ങളെ തകർക്കാൻ ശ്രമിക്കും. ഈ പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കി തരണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുകയാണ് ഞാൻ. എന്റെ കുട്ടികൾക്ക് നല്ലത് മാത്രം വരുത്തണേ എന്നും പ്രാർത്ഥിക്കുന്നുണ്ട്. തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങളിൽ വീഴരുതേ എന്നാണ് എനിക്ക് എന്റെ കുടുംബാംഗങ്ങളോട് പറയാനുള്ളത്,' ഗോവിന്ദ പറയുന്നു.
1987ലാണ് ഗോവിന്ദയും സുനിതയും തമ്മിലുള്ള വിവാഹം നടന്നത്. ടിന അഹുജ, യഷ്‌വർധൻ അഹുജ എന്നിങ്ങനെ രണ്ട് മക്കളും ഇവർക്കുണ്ട്. 37 വർഷം നീണ്ട ഇവരുടെ ദാമ്പത്യ ജീവിതം ബോളിവുഡിലെ എക്കാലത്തെയും മികച്ച കപ്പിൾ ആണെന്ന പ്രകീർത്തിയും ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ എല്ലാം തകിടം മറിയുകയായിരുന്നു.
Content Highlights: Actor Govinda finally speaks up about divorce rumours and extra marital affair allegations from wife sunita. He says all of these are a part of bigger conspiracy against him and even family members are being used