'അജയകുമാറിന് മാനസിക വിഭ്രാന്തി, സിപിഐഎം നിയന്ത്രിക്കുകയും തിരുത്തുകയും വേണം'; സുമലത മോഹൻദാസ്

പ്രാദേശിക പ്രശ്‌നത്തിൻ്റെ പേരിൽ സംസ്ഥാന സെക്രട്ടറിയെ അപമാനിച്ച് സംസാരിച്ചത് നിലവാരമില്ലായ്മയെന്ന് സുമലത മോഹൻദാസ്

'അജയകുമാറിന് മാനസിക വിഭ്രാന്തി, സിപിഐഎം നിയന്ത്രിക്കുകയും തിരുത്തുകയും വേണം'; സുമലത മോഹൻദാസ്
dot image

പാലക്കാട്: സിപിഐഎം നേതാവ് എസ് അജയകുമാറിന് മാനസിക വിഭ്രാന്തിയെന്ന് സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി സുമലത മോഹന്‍ദാസ്. സിപിഐഎം ജില്ലാ നേതൃത്വം അജയകുമാറിനെ തിരുത്തുകയും നിയന്ത്രിക്കുകയും വേണമെന്നും സുമലത പറഞ്ഞു. ബിനോയ് വിശ്വം രാജ്യത്തെ അറിയപ്പെടുന്ന നേതാവാണ്. 100 വര്‍ഷം പാരമ്പര്യമുള്ള പാര്‍ട്ടിയാണ് സിപിഐ, ആ പാരമ്പര്യം സിപിഐഎമ്മിന് പറയാനാകില്ലല്ലോ. പ്രാദേശിക പ്രശ്‌നത്തിന് സംസ്ഥാന സെക്രട്ടറിയെ അപമാനിച്ച് സംസാരിച്ചത് നിലവാരമില്ലായ്മയാണ്. ഈ വിഷയം എല്‍ഡിഎഫ് മുന്നണി യോഗത്തില്‍ ഉയര്‍ത്തുമെന്നും സുമലത മോഹന്‍ദാസ്.

ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെ പോലെ പെരുമാറിക്കൊണ്ടിരിക്കുന്നു എന്ന രൂക്ഷ വിമര്‍ശനമാണ് എസ് അജയകുമാര്‍ നടത്തിയത്. ഉത്തരം താങ്ങുന്നത് പല്ലിയാണ് എന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കാര്‍ക്കുള്ളതെന്നും എസ് അജയകുമാര്‍ കുറ്റപ്പെടുത്തിയിരുന്നു. സിപിഐഎം-സിപിഐ പേര് നടന്നു കൊണ്ടിരിക്കുന്ന ഒറ്റപ്പാലത്ത് മണ്ണൂരില്‍ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു എസ് അജയകുമാറിന്റെ പരാമര്‍ശം.

തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരമാണെന്ന് സിപിഐ നേരത്തെ വിലയിരുത്തിയിരുന്നു. സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലായിരുന്നു വിലയിരുത്തല്‍. ഇടതുമുന്നണിയെ സ്നേഹിച്ച വിവിധ വിഭാഗങ്ങളില്‍ ശക്തമായ വിമര്‍ശനം നിലനില്‍ക്കുന്നു. ഇതാണ് ഫലത്തില്‍ തെളിയുന്നത്. വോട്ട് ചെയ്യുമെന്ന് കരുതിയ വിവിധ വിഭാഗം ജനങ്ങള്‍ വോട്ട് ചെയ്തില്ല. മാത്രമല്ല എതിരായി വോട്ട് ചെയ്തതായിട്ടാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്നും സിപിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ പോരായ്മ, ശബരിമല വിഷയം, ന്യൂനപക്ഷ ഏകീകരണം, ന്യൂനപക്ഷത്തെ പ്രകോപിപ്പിച്ച് നടത്തിയ പ്രസ്താവനകള്‍ എന്നിവ പരാജയ കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് എല്‍ഡിഎഫ് യോഗത്തില്‍ ഉയര്‍ന്ന ചര്‍ച്ചയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍, സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന എക്സിക്യൂട്ടീവ് എന്നീ ഘടകങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിക്ക് മേല്‍ സിപിഐഎമ്മിന് നിയന്ത്രണമില്ല എന്ന അതിരൂക്ഷ വിമര്‍ശനമാണ് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ഉയര്‍ന്നത്. മുഖ്യമന്ത്രിക്ക് മേല്‍ സിപിഐഎമ്മിന് നിയന്ത്രണം ഉണ്ടെങ്കില്‍ വെള്ളാപ്പള്ളി വിഷയത്തില്‍ തിരുത്തിയെനെ എന്നതും ചൂണ്ടിക്കാണിക്കപ്പെട്ടു. വെള്ളാപ്പള്ളി നടേശനെ അതിര് വിട്ട് മുഖ്യമന്ത്രി ന്യായീകരിച്ചത് തെറ്റാണെന്ന വിമര്‍ശനവും കൗണ്‍സിലില്‍ ഉയര്‍ന്നിരുന്നു.

Content Highlight; Ajayakumar has a mental disorder and said the party needs to be controlled and corrected says Sumalatha Mohandas

dot image
To advertise here,contact us
dot image