

ആദ്യ സിനിമയിലേക്ക് എത്തുന്നതിന് മുൻപുള്ള അനുഭവങ്ങൾ പങ്കുവെച്ച് നടൻ നിവിൻ പോളി. നല്ല സ്റ്റേബിൾ ആയ ജോലിയും നിറയെ അവസരങ്ങൾ കളഞ്ഞാണ് രാജിവെക്കുന്നതെന്നും എന്നാൽ ആ സമയത്താണ് അൽഫോൺസ് പുത്രൻ അടക്കമുള്ളവരുമായി കൂടി അടുക്കുന്നതെന്നും നിവിൻ പറഞ്ഞു. സിനിമയുമായി ഒരു ബന്ധമില്ല എന്നിട്ടും ആദ്യമായി ഓഡിഷന് പോയ സിനിമയിൽ മെയിൻ വേഷം കിട്ടുക ഭാഗ്യമാണെന്നും നിവിൻ പറഞ്ഞു. സിനിമകൾ വർക്ക് ആകാതെ ഇരിക്കുമ്പോഴും ഒരു വെള്ളിയാഴ്ച എല്ലാം ശരിയാകുമെന്ന് അറിയാമായിരുന്നു എന്നും നിവിൻ പറഞ്ഞു. ദി എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിലാണ് നിവിൻ മനസുതുറന്നത്.
'നല്ല സ്റ്റേബിൾ ആയ ജോലിയും ഇൻഫോസിസ് പോലെയൊരു ഒരു കമ്പനിയും നിറയെ അവസരങ്ങൾ വിട്ട് പെട്ടെന്നാണല്ലോ രാജിവെക്കുന്നത്. മുന്നോട്ടുള്ള യാത്ര എന്താണെന്ന് ഒരു ഐഡിയ ഇല്ലാതെയാണ് അന്ന് ഇരുന്നത്. പക്ഷെ ആ ജോലിയിൽ ഞാൻ ഹാപ്പി ആയിരുന്നില്ല. എങ്ങനെയോ രണ്ട് കൊല്ലം പിടിച്ചുനിന്നു. രണ്ട് കൊല്ലം തികയുന്നതിന് അന്ന് രാജി വെച്ചു. അൽഫോൺസും ആലുവ ഗ്യാങ്ങുമായി ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് അപ്പോഴാണ്. വിനീതിന്റെ സിനിമ ആദ്യ ചിത്രമായി എനിക്ക് കിട്ടി എന്നുള്ളത് എന്റെ ഭാഗ്യമാണ്. കാരണം എത്രയോ പേർ സിനിമയ്ക്കായി ശ്രമിക്കുന്നുണ്ട്. സിനിമയുമായി ഒരു ബന്ധമില്ല എന്നിട്ടും ആദ്യമായി ഓഡിഷന് പോയ സിനിമയിൽ മെയിൻ വേഷം കിട്ടുക, ആ സിനിമയും നന്നായി പോയി എന്നതും ഭാഗ്യമാണ്.
കാല് ഒടിഞ്ഞിരിക്കുന്ന സമയത്താണ് ഓഡിഷന് പോകുന്നത്. ജോലി ഇല്ലാതെ വീട്ടിൽ ഇരിക്കുമ്പോൾ കാല് കൂടി ഒടിഞ്ഞു അപ്പൊ ആളുകൾക്ക് പറയാൻ പിന്നെയും കാരണം കിട്ടി. അത്രയും മോശം സമയത്ത് നിൽക്കുമ്പോഴാണ് സ്വിച്ച് ഇട്ട പോലെ മലർവാടി നടക്കുന്നത്. എന്റെ സിനിമകൾ വർക്ക് ആകാതെ പോകുമ്പോഴും എന്റെ ഉള്ളിൽ അറിയാമായിരുന്നു ഒരു ദിവസം ശരിയാകും ഒരു വെള്ളിയാഴ്ച വരും എന്ന്. നമ്മൾ നിർത്തി പോകാതെ ഇരുന്നാൽ മതി', നിവിന്റെ വാക്കുകൾ.

അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ വലിയ വിജയമാണ് തിയേറ്ററിൽ നിന്നും നേടുന്നത്. ആഗോള ബോക്സ് ഓഫീസിൽ സിനിമ ഇതിനോടകം 100 കോടി പിന്നിട്ടുകഴിഞ്ഞു. കേരളത്തിലും വലിയ നേട്ടമാണ് സിനിമ ഉണ്ടാക്കുന്നത്. പത്ത് ദിവസങ്ങൾ പിന്നിടുമ്പോൾ കേരളത്തിൽ നിന്ന് മാത്രം സിനിമ 50 കോടി പിന്നിട്ടു.
Content Highlights: Nivin talks about his friendship with alphonse puthren and aluva gang