നടി ആക്രമിക്കപ്പെട്ടതിന് ശേഷം ദിലീപ് സിനിമകളില്‍ നിറഞ്ഞത് ഇരവാദം; പക്ഷെ ബോക്‌സ് ഓഫീസില്‍ സംഭവിച്ചതോ?

ദിലീപിന്റെ കരിയറിനെയും ചിത്രങ്ങളെയും നടി ആക്രമിച്ച കേസിന് ശേഷവും എന്ന് കൃത്യമായി വേര്‍തിരിച്ചു കാണാന്‍ കഴിയും.

നടി ആക്രമിക്കപ്പെട്ടതിന് ശേഷം ദിലീപ് സിനിമകളില്‍ നിറഞ്ഞത് ഇരവാദം; പക്ഷെ ബോക്‌സ് ഓഫീസില്‍ സംഭവിച്ചതോ?
dot image

മലയാള സിനിമാമേഖലയുടെ വിവിധ മേഖലകളില്‍ പ്രതാപിയായി വാണിരുന്ന കാലത്താണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രതി ചേര്‍ക്കപ്പെടുന്നതും അറസ്റ്റിലാകുന്നതും. മലയാള സിനിമയിലെ സൂപ്പര്‍താരം എന്നതിന് പുറമെ നിര്‍മാണ-വിതരണ-തിയേറ്റര്‍ രംഗങ്ങളില്‍ ദിലീപ് സര്‍വാധിപത്യത്തിലേക്ക് നീങ്ങുന്ന സമയം കൂടിയായിരുന്നു അത്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവം എല്ലാത്തിനെയും പിടിച്ചുകുലുക്കി. ദിലീപിന്റെ കരിയറിനെയും ചിത്രങ്ങളെയും ആ സംഭവത്തിന് മുന്‍പും ശേഷവും എന്ന് കൃത്യമായി വേര്‍തിരിച്ചു കാണാന്‍ കഴിയും. സിനിമകളുടെ ജയപരാജയങ്ങളില്‍ പല ഘടകങ്ങളും ഭാഗമാണെങ്കിലും ആ ചിത്രങ്ങളിലൂടെ ദിലീപ് ആവര്‍ത്തിച്ചു പറയാന്‍ ശ്രമിച്ച ചില കാര്യങ്ങളുണ്ടായിരുന്നു.

വലിയ വിജയം നേടിയ രാംലീല എന്ന ത്രില്ലര്‍ ചിത്രത്തില്‍ ചെയ്യാത്ത കാര്യങ്ങളുടെ പേരില്‍ കുറ്റക്കാരനായി ചിത്രീകരിക്കപ്പെടുന്ന, പിന്നീട് അതിനോട് പ്രതികാരം വീട്ടുന്ന നായകനായിരുന്നു. പിന്നീട് വന്ന പല സിനിമകളിലും ഈ പാറ്റേണ്‍ ആവര്‍ത്തിക്കുന്നത് പ്രേക്ഷകര്‍ കണ്ടു. 2024ല്‍ പുറത്തിറങ്ങിയ 'വോയ്സ് ഓഫ് സത്യനാഥന്‍' അടക്കമുള്ള ചിത്രങ്ങളിലും അകാരണമായി വേട്ടയാടപ്പെടുന്ന നായകനായിരുന്നു. കമ്മാരസംഭവം നേരിട്ട് ഈ ഗണത്തില്‍ വരുന്നതല്ലെങ്കിലും, നമ്മള്‍ കേട്ടും വിശ്വസിച്ചും പോരുന്ന കാര്യങ്ങളെല്ലാം സത്യമല്ലെന്ന് പറയുന്ന ഈ ചിത്രവും ദിലീപിന്റെ നരേറ്റീവിന് വേണ്ടിയുള്ളതാണെന്ന് ചില വ്യാഖ്യാനങ്ങളുണ്ടായിരുന്നു.

Dileep in Ramaleela
രാമലീല

കോമഡി കലര്‍ന്ന കുടുംബ ചിത്രങ്ങളും കുറച്ച് ത്രില്ലറും - ഇതായിരുന്നു നേരത്തെയും ദിലീപ് ചിത്രങ്ങളുടെ ചേരുവ. പക്ഷെ നടി ആക്രമിക്കപ്പെട്ട കേസിന് ശേഷമുള്ള ചിത്രങ്ങളില്‍ 'തെറ്റിദ്ധരിക്കപ്പെട്ട നായകന്‍' എന്ന ബിംബത്തിനായിരുന്നു കൂടുതല്‍ പ്രാധാന്യം. മറ്റുള്ളവരുടെ നന്മയ്ക്കായി, മനസില്‍ നല്ലത് കരുതി പലതും ചെയ്യുന്ന നായകനെ ചുറ്റുമുള്ളവരും നിയമസംവിധാനവും മാധ്യമങ്ങളും പ്രതികാരചിന്തയോടെ കുരുക്കിലാക്കുന്നു എന്നതിന്റെ ആവര്‍ത്തനങ്ങള്‍ ഭൂരിഭാഗം ചിത്രങ്ങളിലും കാണാം.

റിലീസിന് മുന്‍പുള്ള പ്രൊമോഷന്‍ മെറ്റീരിയലുകളാണ് സിനിമയേക്കാള്‍ ദിലീപിന്റെ ന്യായീകരണ നരേറ്റീവിനോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കാറുള്ളത്. ദിലീപോ മറ്റ് കഥാപാത്രങ്ങളോ ടീസറില്‍ പറയുന്ന ഡയലോഗുകള്‍ 'ദിലീപേട്ടന്‍ ആരാധകര്‍' ആഘോഷിക്കാറുണ്ട്. അതിജീവിതയെയും അവര്‍ക്കൊപ്പം നിന്നവരെയും അധിക്ഷേപിക്കാനും ഇതേ ഡയലോഗുകള്‍ സമൂഹമാധ്യമങ്ങളില്‍ ഉപയോഗിക്കപ്പെടുന്നതും കാണാം.

Dileep in Kammara sambavam
കമ്മാര സംഭവം

സിനിമകളുടെ റിലീസിനോട് അനുബന്ധിച്ച് ദിലീപ് നല്‍കുന്ന അഭിമുഖങ്ങളായിരുന്നു നടന്റെ അടുത്ത തട്ടകം. എല്ലാവരാലും വേട്ടയാടപ്പെടുന്ന വ്യക്തിയായി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ദിലീപ് എത്തി. എന്തിനാണ് തന്നെ ഇങ്ങനെ വിടാതെ പിന്തുടര്‍ന്ന് ബുദ്ധിമുട്ടിക്കുന്നത് എന്ന് മനസിലാകുന്നില്ലെന്ന് ആവര്‍ത്തിച്ചു. അഭിമുഖങ്ങളിലെയും ഇവന്റുകളിലെയും ദിലീപന്റെ വാക്കുകള്‍ ദിലീപ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

ഇത്രയൊക്കെ ചെയ്തിട്ടും, പ്രമേയത്തിലും ബോക്സ് ഓഫീസിലും ദിലീപ് ചിത്രങ്ങള്‍ നിരന്തരം നിരാശപ്പെടുത്തിയ വര്‍ഷങ്ങളായിരുന്നു 2017ന് ശേഷമുണ്ടായത്. നായകനായെത്തിയ 14 സിനിമകളില്‍ ഭൂരിഭാഗവും തിയേറ്റുറകളില്‍ അമ്പേ പരാജയപ്പെട്ടു. രാംലീല, വോയസ് ഓഫ് സത്യനാഥന്‍, പ്രിന്‍സ് ആന്റ് ഫാമിലി, കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നീ ചിത്രങ്ങള്‍ മാത്രമാണ് ഭേദപ്പെട്ട പെര്‍ഫോമന്‍സ് നടത്തിയത്.

നടി ആക്രമിക്കപ്പെട്ട സംഭവം ജനങ്ങള്‍ക്കിടയില്‍ ദീലിപിന്റെ 'നല്ലവന്‍' ഇമേജിന് ഏല്‍പിച്ച കോട്ടം മാത്രമല്ലായിരുന്നു അതിന് കാരണം. മാറിയ മലയാള സിനിമയെ മനസിലാക്കാന്‍ ദിലീപ് എന്ന നടന് സാധിക്കാത്തിടത്ത് കൂടിയാണ് ആ സിനിമകള്‍ പരാജയമായത്. പഴകിത്തേഞ്ഞ കോമഡികളും കഥാസന്ദര്‍ഭങ്ങളുമായാണ് ദിലീപ് ചിത്രങ്ങളെല്ലാം എത്തിയത്. ഇതില്‍ നിന്നും വ്യത്യസ്തമായ ഏതെങ്കിലും കഥ എത്തിയാല്‍ അവയെ തന്റെ ശൈലിയിലാക്കാന്‍ ദിലീപ് നടത്തുന്ന 'സജഷന്‍സി'നെ കുറിച്ച് ചിലരെല്ലാം പറഞ്ഞിട്ടുമുണ്ട്.

Dileep in Keshu ee veedinte Nadhan
കേശു ഈ വീടിന്‍റെ നാഥന്‍

മലയാള സിനിമയുടെ അകത്തും പുറത്തുമുണ്ടായ മാറ്റങ്ങളുടെ ഒരു അംശം പോലും ദിലീപിലെത്തിയിട്ടില്ല എന്നത് പുറത്തിറങ്ങുന്ന ഓരോ ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. പൊളിറ്റിക്കല്‍ കറക്ട്നെസ് കാരണം തനിക്കൊരു തമാശ പറയാന്‍ ആകുന്നില്ലേ എന്ന് വേവലാതിപ്പെടുന്ന ദിലീപിനെ എത്രയോ തവണ കണ്ടിരിക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ വിധിക്കൊപ്പം ദിലീപ് എന്ന നടന്റെ കരിയറില്‍ എന്ത് സംഭവിക്കുമെന്നതിന്റെ സൂചന കൂടിയാകും ഒരുപക്ഷെ നാളത്തെ ദിവസം കാണാന്‍ പോകുന്നത്.

Content Highlights: The shift in Dileep movies after actress attack case

dot image
To advertise here,contact us
dot image