

നടൻ കാർത്തിയെക്കുറിച്ച് കൃതി ഷെട്ടി പറഞ്ഞ വാക്കുകൾ ചർച്ചയാകുകയാണ്. താൻ കാർത്തിയുടെ വലിയ ഫാൻ ആണെന്നും അദ്ദേഹത്തിനെ നേരിട്ട് കണ്ടതിന് ശേഷം ആ ഇഷ്ടം കൂടുകയാണ് ചെയ്തതെന്നും കൃതി പറഞ്ഞു. തന്റെ ഏറ്റവും പുതിയ സിനിമയായ വാ വാതിയാരെയുടെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു നടി.
'ഞാൻ കാർത്തി സാറിന്റെ ഭയങ്കര ഫാൻ ആണ്. ഞാൻ എത്ര തവണ പയ്യ കണ്ടിട്ടുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല. നിങ്ങൾ ഒരാളുടെ ഫാൻ ആണെങ്കിൽ അയാളെ ഒരിക്കലും മീറ്റ് ചെയ്യരുത് എന്ന് പലരും പറയാറുണ്ട് പക്ഷെ കാർത്തി സാറിന്റെ കാര്യത്തിൽ എന്റെ ഇഷ്ടം കൂടിയിട്ടേ ഉള്ളൂ. എല്ലാവർക്കും എപ്പോഴും നല്ലത് നടക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് കാർത്തി സാർ', കൃതി ഷെട്ടിയുടെ വാക്കുകൾ.
അതേസമയം, കാർത്തി ചിത്രമായ വാ വാതിയാരെ ഡിസംബർ 12 ന് പുറത്തിറങ്ങും. 'സൂദു കവ്വും' എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ നളൻ കുമാരസാമിക്കൊപ്പം നടൻ കാർത്തി ഒന്നിക്കുന്ന ചിത്രം ആണ് വാ വാതിയാർ. സത്യരാജ് ആണ് കാർത്തിയുടെ വില്ലനായി എത്തുന്നത്. നടൻ രാജ് കിരണും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നേരത്തെ ചിത്രം ഡിസംബർ 26 പുറത്തിറങ്ങുമെന്ന് അറിയിച്ചെങ്കിലും റിലീസ് മാറ്റിവെക്കുകയായിരുന്നു. 8 വർഷത്തെ ഇടവേളക്ക് ശേഷമാണ് നളൻ കുമാരസാമി സിനിമയിലേക്ക് തിരികെ എത്തുന്നത്. കാതലും കടന്തു പോവും ആണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഇറങ്ങിയ അവസാന പടം.

തൊണ്ണൂറുകളിൽ ഇറങ്ങിയ എല്ലാ മസാല ചിത്രങ്ങൾക്കും ഉള്ള ആദരവാണ് തന്റെ ചിത്രമെന്ന് സംവിധായകൻ പറഞ്ഞിരുന്നു. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയാണ് ചിത്രം നിർമ്മിച്ചത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ടീസർ നേരത്തെ പുറത്തുവിട്ടിരുന്നു. ഒരു പക്കാ കൊമേർഷ്യൽ പടം ആകും എന്ന സൂചനയാണ് ടീസർ നൽകുന്നത്.
Content Highlights: Actress Krithi Shetty about Karthi