

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയില്‍ ആശങ്കയുണ്ടെന്ന് ഉമാ തോമസ് എംഎല്‍എ. കേസിലെ പ്രമുഖര്‍ തടിതപ്പുമോ എന്നതില്‍ ആശങ്കയുണ്ടെന്നും 50-50 ചാന്‍സാണ് കാണുന്നതെന്നും അവര്‍ പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിക്കൊപ്പമായിരുന്നു പി ടി തോമസ് എന്നുമുണ്ടായിരുന്നതെന്നും ഉമാ തോമസ് കൂട്ടിച്ചേര്‍ത്തു. ആ കുട്ടിക്ക് നീതി ലഭിക്കേണ്ടിയിരുന്നത് പി ടിയുടെ ആവശ്യമായിരുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. പി ടിക്ക് കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. മൊഴി കൊടുക്കരുത് എന്ന് പറഞ്ഞവരുണ്ട്. പി ടിക്ക് കൃത്യമായ നിലപാടുണ്ടായിരുന്നു. പി ടിയെ സംസാരിപ്പിക്കാതിരിക്കാന്‍ പലരും ശ്രമിച്ചു. പല പ്രതിസന്ധികളും പിടിയ്ക്ക് നേരിടേണ്ടി വന്നു. പി ടിയെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായി. പല തരത്തിലുള്ള സുരക്ഷാ ഭീഷണിയും നേരിടേണ്ടി വന്നു. കേസുമായി ബന്ധപ്പെട്ട് ഒന്നും കൂട്ടിപ്പറയാനും കുറച്ചു പറയാനും തയ്യാറല്ലെന്ന് അന്നേ പി ടി പറഞ്ഞുവെന്നും ഉമ പറഞ്ഞു.
പെണ്‍കുട്ടി വലിയ ആശങ്കയിലാണ്. പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നു. കേസ് ഇവിടെ അവസാനിക്കും എന്ന് തോന്നുന്നില്ലെന്നും ഉമാ തോമസ് കൂട്ടിച്ചേര്‍ത്തു. വലിയ ടെന്‍ഷനിലാണ് നടി. ചേച്ചീ എനിക്കറിയില്ല, ഭയങ്കര ടെന്‍ഷനാണെനിക്ക് എന്നാണ് പറഞ്ഞത്. ദൈവം എന്തായാലും കൂടെയുണ്ടാകും. കൃത്യമായ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ നിർണായക വിധിക്കായി കാത്തിരിക്കുകയാണ് രാജ്യം. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി പറയുന്നത്. നടൻ ദിലീപ് ഉൾപ്പെടെ പത്ത് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. വിധി പ്രസ്താവിക്കുന്ന ഇന്ന് എല്ലാ പ്രതികളോടും കോടതിയിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സുനിൽ എൻ എസ്/ പൾസർ സുനി, മാർട്ടിൻ ആൻറണി, ബി. മണികണ്ഠൻ, വി പി വിജീഷ്, സലിം എച്ച്/ വടിവാൾ സലിം, പ്രദീപ്, ചാർലി തോമസ്, പി ഗോപാലകൃഷ്ണൻ/ ദിലീപ്, സനിൽ കുമാർ/ മേസ്തിരി സനിൽ, ശരത് ജി നായർ എന്നിവരാണ് കേസിലെ ഒന്ന് മുതൽ 10വരെയുള്ള പ്രതികൾ.
2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം വെച്ചാണ് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിർത്തി ഒരുസംഘം അതിക്രമിച്ച് കയറിയത്. പിന്നീട് ഇവർ അതിജീവിതയെ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും അപകീർത്തികരമായ വീഡിയോയും ചിത്രങ്ങളും പകർത്തുകയും ചെയ്തു. പിന്നാലെ അക്രമിസംഘം കടന്നു കളഞ്ഞു.
സംഭവത്തിന് ശേഷം അതിജീവിത സംവിധായകനും നടനുമായ ലാലിൻ്റെ വസതിയിലാണ് അഭയം തേടിയത്. വിവരം അറിഞ്ഞ് സ്ഥലം എംഎൽഎ ആയിരുന്ന പി ടി തോമസ് ലാലിൻ്റെ വസതിയിലെത്തി അതിജീവിതയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിന്നാലെ അതിജീവിത പൊലീസിൽ പരാതി നൽകുകയായിരുന്നു. 2017 ഫെബ്രുവരി 18ന് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനത്തിൻ്റെ ഡ്രൈവറായ കൊരട്ടി പൂവത്തുശേരി മാർട്ടിൻ ആൻ്റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാർട്ടിൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന പൾസർ സുനി എന്ന സുനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിജീവിതയെ ആക്രമിച്ചതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ പ്രതികൾ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് കണ്ടെത്തി.
പിന്നാലെ കേസിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരാൻ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. 2017 ഏപ്രിൽ 18ന് പൾസർ സുനിയെ ഒന്നാം പ്രതിയാക്കി പൊലീസ് അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
ഇതിന് പിന്നാലെയാണ് കേസിൽ നടൻ ദിലീപിൻ്റെ പങ്കാളിത്തം വ്യക്തമാകുന്ന സംഭവവികാസങ്ങൾക്ക് തുടക്കമാകുന്നത്. വിഷ്ണു എന്നയാൾ ഫോണിൽ വിളിച്ചു സംഭവത്തിൽ ബന്ധപ്പെടുത്താതിരിക്കാൻ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടെന്ന് ദിലീപ് ഡിജിപിക്ക് പരാതി നൽകി. 2017 ജൂൺ 23ന് കേസിൽ ദിലീപിൻ്റെ പങ്ക് വെളിപ്പെടുത്തി പൾസർ സുനി എഴുതിയ കത്ത് റിപ്പോർട്ടർ ടിവി പുറത്ത് വിട്ടത് കേസിലെ നിർണ്ണായക വഴിത്തിരിവായി. പിറ്റേന്ന് തന്നെ ദിലീപിൻ്റെ പങ്ക് വെളിപ്പെടുത്തുന്ന നിർണ്ണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതിന് പിന്നാലെ ദിലീപിനെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ പൾസർ സുനിയുടെ സഹതടവുകാരായ വിഷ്ണു, സനൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
2017 ജൂൺ 28ന് ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിർഷയെയും പൊലീസ് ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബ്ബിൽവെച്ച് ഏതാണ്ട് 13 മണിക്കൂറോളമാണ് ഇരുവരും ചോദ്യം ചെയ്യലിന് വിധേയമായത്. ചോദ്യം ചെയ്യലിന് ശേഷം വിട്ടയയ്ക്കപ്പെട്ട ദിലീപ് പിറ്റേന്ന് നടന്ന അമ്മ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തിരുന്നു. ദിലീപ് നായകനായി അഭിനയിച്ച ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ പൾസർ സുനി എത്തിയതിൻ്റെ തെളിവ് പൊലീസ് ശേഖരിച്ചു. 2017 ജൂലൈ 10ന് ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിറ്റേന്ന് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ദിലീപിനെ റിമാൻഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു.
ഇതിന് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ ദിലീപിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ദിലീപ് ജയിലിൽ തുടരവെ 2017 ഓഗസ്റ്റ് 15ന് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ദിലീപിന്റെ അമ്മ കത്തയച്ചു. പിന്നാലെ അച്ഛൻ്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ 2017 സെപ്റ്റംബർ രണ്ടിന് കോടതി ദിലീപിന് അനുമതി നൽകി. പിന്നീട് 85 ദിവസത്തെ ജയിൽവാസത്തിന് ശേഷം 2017 ഒക്ടോബർ മൂന്നിന് കർശന ഉപാധികളോടെ ദിലീപിന് ജാമ്യം ലഭിച്ചു.
2018 മാർച്ച് എട്ടിന് എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതിയിൽ നടിയെ ആക്രമിച്ച് കേസിൻ്റെ വിചാരണ ആരംഭിച്ചു. കേസിൽ വിചാരണ പുരോഗമിക്കുന്നതിനിടെ സാക്ഷികളെ അടക്കം കൂറ് മാറ്റി കേസ് അട്ടിമറിക്കാൻ ദിലീപ് ശ്രമിക്കുന്നതായുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. കേസ് നീട്ടിക്കൊണ്ട് പോകുക എന്ന ലക്ഷ്യത്തോടെ പ്രതികൾ സിബിഐ അന്വേഷണം അടക്കം ആവശ്യപ്പെട്ട് മേൽക്കോടതികളെ അടക്കം നിരന്തരം സമീപിക്കുന്ന സാഹചര്യവുമുണ്ടായി.
ഇതിനിടയിലാണ് 2021 ഡിസംബർ 25 സംവിധായകൻ ബാലചന്ദ്രകുമാർ നടിയെ ആക്രമിച്ച കേസിൽ റിപ്പോർട്ടറിലൂടെ നിർണ്ണായക വെളിപ്പെടുത്തൽ നടത്തുന്നത്. നടൻ ദിലീപിന്റെ ആലുവയിലെ വീടായ ‘പത്മസരോവര'ത്തിൽവെച്ച് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിന് ഗൂഢാലോചന നടന്നതായി ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. പൾസർ സുനി ദിലീപിൻ്റെ വീട്ടിലെത്തിയെന്നും പണവുമായി മടങ്ങിയെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. നടിയെ അക്രമിച്ച് പകർത്തിയ പീഡനദൃശ്യങ്ങൾ ദിലീപിൻ്റെ കൈവശം ഉണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖയും ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് നൽകി.
2024 സെപ്റ്റംബർ 24ന് കേസിൻ്റെ രണ്ടാം ഘട്ട വിചാരണ നടപടികൾ ആരംഭിച്ചു. മെമ്മറി കാർഡ് തുറന്നു പരിശോധിച്ചതിലെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഉപഹർജി 2024 ഒക്ടോബർ 14ന് ഹൈക്കോടതി തള്ളി. മെമ്മറി കാർഡിലെ നിയമവിരുദ്ധ പരിശോധനയിൽ അതിജീവിത 2024 ഡിസംബർ 10ന് രാഷ്ട്രപതിക്ക് കത്തയച്ചു. നീണ്ടുപോയ വിചാരണയിൽ 2024 ഡിസംബർ 11ന് കോടതിയിൽ അന്തിമവാദം ആരംഭിച്ചു. ഇതിനിടെ കേസിൽ സിബിഐ അന്വേഷണം വേണമെന്ന ദിലീപിൻ്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. 2025 ഏപ്രിൽ ഒൻപതിന് പ്രതിഭാഗത്തിൻ്റെ വാദം പൂർത്തിയായി. 2025 ഏപ്രിൽ 11നാണ് കേസിൽ അന്തിമവാദം പൂർത്തിയായത്.
Content Highlights: uma thomas mla on actress attack case