

ഇന്നലെ നടക്കാനിരുന്ന സൂപ്പർ ലീഗ് കേരള സെമി ഫൈനൽ മാറ്റി വെച്ചതിൽ ആരാധകരുടെ പ്രതിഷേധം. തൃശൂർ മാജിക് എഫ് സിയും മലപ്പുറം എഫ് സിയും തമ്മിലുള്ള ആദ്യ സെമി ഫൈനലാണ് മാറ്റിവെച്ചത്.
മത്സരത്തിന്റെ അഞ്ചുമണിക്കൂർ മുമ്പ് മാത്രമാണ് മത്സരം മാറ്റിവെച്ചതായി അറിയിപ്പ് ലഭിച്ചിരുന്നത്.
മാത്രമല്ല, രാത്രി ഏഴ് മണിക്ക് തുടങ്ങുന്ന മത്സരത്തിന് ഉച്ചയ്ക്ക് രണ്ടര വരെ ടിക്കറ്റ് വില്പനയും നടന്നിരുന്നു. ഈ അപ്രതീക്ഷിത മാറ്റിവെക്കലിലാണ് ആരാധകരുടെ പ്രതിഷേധം ഉയർന്നത്.
വൈകീട്ടോടെ മലപ്പുറത്തുനിന്ന് സ്റ്റേഡിയത്തിലെത്തിയ ഇരുപതോളം ആരാധകരാണ് പ്രതിഷേധമുയർത്തിയത്. ഈ സമയം സംഘാടകർ പരിസരത്തുണ്ടായിരുന്നില്ല. പൊലീസ് ഉടനെ സ്ഥലത്തെത്തി ആരാധകരെ ശാന്തരാക്കി. തുടർന്ന് സംഘാടകരുമായി ബന്ധപ്പെട്ട് ഓൺലൈനായി ബുക്കുചെയ്തവർക്ക് തുക മടക്കിനൽകാനും നേരിട്ട് ടിക്കറ്റെടുത്തവർക്ക് അടുത്ത കളി കാണാനും അവസരമൊരുക്കുമെന്നറിയിച്ചു.
സുരക്ഷാ കാരണങ്ങളാൽ തൃശൂർ പൊലീസ് കമീഷണറുടെ പ്രത്യേകത നിർദേശത്തിലാണ് മത്സരം മാറ്റിയത്. തിരഞ്ഞെടുപ്പ്, ശബരിമല ഡ്യൂട്ടി എന്നിവമൂലം വേണ്ടത്ര പോലീസുകാരെ വിന്യസിക്കാനാകില്ലെന്നും അതിനാൽ കളി മാറ്റിവയ്ക്കണമെന്നും നിർദേശിച്ച് ശനിയാഴ്‌ച തന്നെ തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ സംഘാടകർക്ക് നോട്ടീസയച്ചിരുന്നു.
ഡിസംബർ 10ന് നടത്താനിരുന്ന നടക്കാനിരിക്കുന്ന കാലിക്കറ്റ് എഫ് സിയും കണ്ണൂർ വാരിയർസ് എഫ് സിയും തമ്മിലുള്ള മത്സരവും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
Content highlights:super league kerala semi final postponded ; fans slams late decision