

മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ. നടനുമൊത്തുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രീരാമൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം മമ്മൂട്ടിയ്ക്ക് പേരിട്ടയാളെ നടൻ പരിചയെപ്പെടുത്തിയിരുന്നു. അദ്ദേഹത്തെ നേരിൽ കണ്ട് പൂച്ചെണ്ടുകൾ നൽകണമെന്ന് പറയുകയാണ് വി കെ ശ്രീരാമൻ. മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള ഓർമകളും പോസ്റ്റിൽ ശ്രീരാമൻ പങ്കിട്ടു. ഒരു യുഗത്തിന് നാമകരണം ചെയ്ത മഹത് വ്യക്തിയാണ് ശശിധരൻ എന്നും അദ്ദേഹം പറഞ്ഞു.
'30 വർഷം മുമ്പ് ദൂരദർശൻ നിർമ്മിച്ച 'നക്ഷത്രങ്ങളുടെ രാജകുമാരൻ' എന്ന ഡോക്യുമെൻ്ററിയുടെ ഷൂട്ട് നടക്കുന്ന സമയത്ത് ഞാൻ ചോദിച്ചു.
'നാട്ടിലോ വീട്ടിലോ ആരും നിങ്ങളെ മമ്മൂട്ടി എന്നു വിളിക്കുന്നത് കേട്ടില്ല. മമ്മൂഞ്ഞ്, കുഞ്ഞ് എന്നൊക്കെയാണ് വിളിക്കുന്നത്. എന്താ അതങ്ങനെ ?'ആ ചോദ്യത്തിനു ഉത്തരമായി മഹാരാജാസിൽ ചെന്നു ചേർന്ന കാലത്ത് പേരു ചോദിക്കുന്നവരോടെല്ലാം 'ഒമർഷറീഫ് 'എന്നാണ് പേരെന്നു പറഞ്ഞിരുന്നതെന്നും ഒരു ദിവസം ഐഡൻ്റിറ്റി കാർഡ് നിലത്തു വീണപ്പോൾ അതെടുത്ത് നോക്കിയ ശശിധരൻ എന്ന ഒരു വിദ്യാർത്ഥി മറ്റുള്ളവർ കേൾക്കെ "നിൻ്റെ യഥാർത്ഥ പേര് മുഹമ്മദുകുട്ടി എന്നാണല്ലേ? മമ്മൂട്ടി എന്നാണ് ശരിക്കു നിന്നെ വിളിക്കേണ്ടത്"

അതുകേട്ട് കൂടെ നിന്ന മറ്റു സുഹൃത്തുക്കൾ മമ്മൂട്ടി എന്ന് ഉച്ചത്തിൽ വിളിച്ച് അത് ഉറപ്പിക്കുകയും ചെയ്തു. അന്നു മുതലാണ് മമ്മൂട്ടിയായത്. പിന്നെ ഞാനതങ്ങു സ്വീകരിച്ചു " എന്തായാലും എടവനക്കാട്ടുകാരനായ ശശിധരനെ ഇന്നലെയാണ് ചിത്രത്തിൽ കണ്ടത്. ഏറെ സന്തോഷം. ഒരു യുഗത്തിന് നാമകരണം ചെയ്ത മഹത് വ്യക്തിയാണല്ലോ ശശിധരൻ. ചെന്നൊന്നു കാണണം. ഒരു പൂച്ചെണ്ടും കയ്യിൽ വെക്കണം,' വി കെ ശ്രീരാമൻ കുറിച്ചു.
മമ്മൂട്ടി എന്ന് പേരിട്ടയാളെ വേദിയിലേക്ക് മമ്മൂക്ക ക്ഷണിച്ച വിവരം കുറിപ്പിലൂടെ പറഞ്ഞ് നിർമാതാവ് ആന്റോ ജോസഫ് ആണ് പങ്കിട്ടത്. ഈ ദൃശ്യം സദസ്സിൽ ഇരുന്ന് കണ്ടപ്പോൾ 'കഥ പറയുമ്പോൾ' എന്ന സിനിമയിലെ ക്ലൈമാക്സ് രംഗമാണ് ഓർമ്മ വന്നതെന്നും ആന്റോ പറഞ്ഞു. ആദ്യമായി മമ്മൂട്ടിയെന്നുവിളിച്ചയാൾക്കരികെ ശശിധരൻ എന്ന പഴയ സഹപാഠി കൈകൂപ്പി നിന്ന നിമിഷവും ആന്റോ കുറിപ്പിൽ പങ്കുവെച്ചിരുന്നു.
Content Highlights: VK Sreeraman wants to meet and congratulate the person who named Mammootty