'മമ്മൂട്ടി എന്നു പേരിട്ടയാൾ ദാണ്ടെ…അവിടിരിപ്പുണ്ട്'; ആ വ്യക്തിയെ വേദിയിലേക്ക് വിളിച്ച് മമ്മൂക്ക; ആന്റോ ജോസഫ്

മമ്മൂട്ടിയെന്നുവിളിച്ചയാൾക്കരികെ ശശിധരൻ എന്ന പഴയ സഹപാഠി കൈകൂപ്പി നിന്ന നിമിഷവും ആന്റോ കുറിപ്പിൽ പങ്കുവെച്ചു

'മമ്മൂട്ടി എന്നു പേരിട്ടയാൾ ദാണ്ടെ…അവിടിരിപ്പുണ്ട്'; ആ വ്യക്തിയെ വേദിയിലേക്ക് വിളിച്ച് മമ്മൂക്ക; ആന്റോ ജോസഫ്
dot image

മമ്മൂട്ടി എന്ന് പേരിട്ടയാളെ വേദിയിലേക്ക് മമ്മൂക്ക ക്ഷണിച്ച വിവരം കുറിപ്പിലൂടെ പറഞ്ഞ് നിർമാതാവ് ആന്റോ ജോസഫ്. ഈ ദൃശ്യം സദസ്സിൽ ഇരുന്ന് കണ്ടപ്പോൾ 'കഥ പറയുമ്പോൾ' എന്ന സിനിമയിലെ ക്ലൈമാക്സ് രംഗമാണ് ഓർമ്മ വന്നതെന്നും ആന്റോ പറഞ്ഞു. ആദ്യമായി മമ്മൂട്ടിയെന്നുവിളിച്ചയാൾക്കരികെ ശശിധരൻ എന്ന പഴയ സഹപാഠി കൈകൂപ്പി നിന്ന നിമിഷവും ആന്റോ കുറിപ്പിൽ പങ്കുവെച്ചു. ഫേസ്ബുക്കിൽ ശശിധരൻ മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആന്റോ ജോസഫ് കുറിച്ചത്.

Also Read:

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

'എനിക്കറിയാവുന്ന, എനിക്ക് മമ്മൂട്ടി എന്നു പേരിട്ടയാൾ ദാണ്ടെ…അവിടിരിപ്പുണ്ട്…' മമ്മൂക്ക പറഞ്ഞപ്പോൾ എല്ലാവരും സദസ്സിന്റെ ഒരു വശത്തേക്ക് ഉറ്റുനോക്കി. പിന്നെ നിങ്ങൾക്ക് കാണാനായി അദ്ദേഹത്തെ ഞാൻ ഇങ്ങോട്ടുവിളിക്കുകയാണ് എന്നു പറഞ്ഞ് മമ്മൂക്ക ഒരാളെ സദസ്സിലേക്ക് വിളിച്ചു കയറ്റി, പരിചയപ്പെടുത്തി. 'ഇദ്ദേഹത്തിന്റെ പേര് ശശിധരൻ…എടവനക്കാടാണ് വീട്…ഇദ്ദേഹമാണ് എനിക്ക് മമ്മൂട്ടിയെന്ന് പേരിട്ടത്.'-മമ്മൂക്ക പറഞ്ഞു. മലയാള മനോരമയുടെ ഹോർത്തൂസ് എന്ന സാഹിത്യോത്സവവേദിയിലൂടെ അങ്ങനെ ലോകം മമ്മൂക്കയ്ക്ക് മമ്മൂട്ടിയെന്നുപേരിട്ടയാളെ കണ്ടു. ആ ദൃശ്യം സദസ്സിലൊരാളായി കണ്ടുകൊണ്ടുനിന്നപ്പോൾ 'കഥ പറയുമ്പോൾ' എന്ന സിനിമയിലെ ക്ലൈമാക്സ് ഓർത്തു (അവതാരകയും മമ്മൂക്കയുടെ പ്രസം​ഗത്തിനുശേഷം അതുതന്നെ പറഞ്ഞു) കൊച്ചിക്കായലിനരികെയുള്ള വേദിയിൽ ഇന്ന് വൈകീട്ട് നിൽക്കുമ്പോൾ മമ്മൂക്ക ആ പഴയ മഹാരാജാസുകാരനായിരുന്നു. അവിടെവച്ച് താൻ മമ്മൂട്ടിയായ കഥ അദ്ദേഹം ഓർത്തെടുത്തു'.

Also Read:

'മുഹമ്മദ് കുട്ടി എന്ന പേര് പറയാൻ മടിച്ച് ചോദിക്കുന്നവരോടൊക്കെ തന്റ പേര് ഒമർ ഷെരീഫ് എന്നു പറഞ്ഞുനടന്ന കാലത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ എല്ലാവരും ഒമറേ എന്നുവിളിച്ച അന്നൊരിക്കൽ പോക്കറ്റിൽനിന്ന് ഐഡന്റിറ്റികാർഡ് താഴെ വീണു. പിന്നീടുള്ള സംഭവം മമ്മൂക്കയുടെ വാക്കുകളിൽ തന്നെ കുറിക്കുന്നു: 'ഐഡി കാർഡ് എടുത്തു നോക്കിയിട്ട് ഒരുത്തൻ ചോദിച്ചു, നിന്റെ പേര് ഒമറെന്നല്ലല്ലോ..മമ്മൂട്ടിയെന്നല്ലേ എന്ന്… അന്നുമുതലാണ് ഞാൻ എന്റെ സുഹൃത്തുക്കൾക്കിടയിലും ഇപ്പോൾ നിങ്ങൾക്കിടയിലും മമ്മൂട്ടിയായത്…പലരും ചോദിച്ചിട്ടുണ്ട് ആരാണ് മമ്മൂട്ടിയെന്നുപേരിട്ടതെന്ന്. താനാണ് എന്ന് അവകാശപ്പെട്ട് സ്വമേധയാ മുന്നോട്ടുവന്ന പലരുമുണ്ട്. പല ആളുകളും പത്രങ്ങളിൽ എഴുതുകയും ചെയ്തു. പക്ഷേ എനിക്കറിയാവുന്ന,എനിക്ക് പേരിട്ടയാൾ ഇദ്ദേഹമാണ്. ഇത്രയും കാലം ഞാൻ ഇദ്ദേഹത്തെ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു…ഒരു സർപ്രൈസ്..നാലുപേര് കാൺകെ പരിചയപ്പെടുത്തണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു…' ലോകത്തോളം വളർന്ന, താൻ ആദ്യമായി മമ്മൂട്ടിയെന്നുവിളിച്ചയാൾക്കരികെ ശശിധരൻ എന്ന പഴയ സഹപാഠി കൈകൂപ്പി നിന്നു. അപ്പോൾ കൊച്ചിയിലെ കായലും സായാഹ്നവും അതുകണ്ടുനിന്നു…', ആന്റോ ജോസഫ് കുറിച്ചു.

Content Highlights: Anto Joseph shares a note about mammootty calling his friend to stage

dot image
To advertise here,contact us
dot image