

മോഹൻലാലിനെ ചെറുപ്പം മുതൽക്കേ തനിക്ക് അറിയാമെന്ന് നടൻ ജനാർദ്ദനൻ. ആ സമയത്ത് മോഹൻലാലിനെ മറ്റുള്ളവർ വിളിച്ചുകൊണ്ടിരുന്നു ഒരു പേരുണ്ടെന്നും അതിപ്പോൾ പറഞ്ഞാൽ ചിലപ്പോൾ തല്ല് കിട്ടുമെന്നും തമാശ രൂപേണ ജനാർദ്ദനൻ പറഞ്ഞു. പൂജപ്പുരയിലെ തന്റെ സഹോദരന്റെ വീട്ടിൽ ഇരിക്കുമ്പോൾ മോഹൻലാൽ ഇങ്ങനെ നടന്ന് പോകുന്നത് കാണാമെന്നും അന്ന് ആൾ നല്ല സുന്ദരകുട്ടപ്പൻ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജനാർദ്ദനൻ പഴയ ഓർമ്മകൾ പങ്കുവെച്ചത്.
'മോഹൻലാൽ ചെറുപ്പം ആയിരിക്കെ മുതൽ എനിക്ക് അവനെ അറിയാം. അവനെ അന്ന് വിളിച്ചോണ്ടിരുന്ന ഒരു പേരുണ്ട്, അത് പറഞ്ഞാൽ എന്നെ അവൻ തല്ലും. പഠിച്ചുകൊണ്ടിരുന്ന കാലത്ത് സുന്ദരകുട്ടപ്പൻ ആയിരുന്നു. കുറച്ച് വണ്ണം ഒക്കെ ഉണ്ട്. പൂജപ്പുരയിലെ എന്റെ സഹോദരന്റെ വീട്ടിൽ ഇരിക്കുമ്പോൾ ഇവൻ ഇങ്ങനെ പോകുന്നത് കാണാം. അപ്പോൾ അവിടെയുള്ള കുറച്ച് പിള്ളേർ വന്ന് പറഞ്ഞു സാറേ ഇത് വിശ്വനാഥൻ സാറിന്റെ മകനാണ്. ഇവനെ പൂവൻപഴം എന്നാണ് എല്ലാവരും വിളിക്കുന്നത്. ഇതുവരെ ഞാൻ ഇത് മോഹൻലാലിനോട് പോലും പറഞ്ഞിട്ടില്ല…പിന്നെ ഞങ്ങൾ തമ്മിൽ അത്രയും ആത്മബന്ധമുണ്ട്', ജനാർദ്ദനൻ പറഞ്ഞു.
അതേസമയം, ഹൃദയപൂർവ്വം എന്ന സിനിമയിലാണ് മോഹൻലാലും ജനാർദ്ദനനും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. ഈ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ 'ഹൃദയപൂർവ്വം' അഞ്ചാം സ്ഥാനത്താണ്. ചിത്രം ആഗോളതലത്തിൽ 70 കോടി രൂപയോളം നേടി വൻവിജയം സ്വന്തമാക്കി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം ആന്റണി പെരുമ്പാവൂരാണ് നിർമിച്ചത്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. അനൂപ് സത്യന്‍ സിനിമയില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിർവഹിച്ചു.
Content Highlights: actor Janardhanan recalls his memories with Mohanlal