

രണ്ട് വർഷത്തിലേറെയായി സുഡാനിൽ തുടരുന്ന ആഭ്യന്തര കലാപം വംശഹത്യയുടെ ഏറ്റവും ഭീകരമായ അവസ്ഥയിലേയ്ക്ക് മാറിയിരിക്കുകയാണ്. ആർഎസ്എഫ് അഥവാ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് ഗ്രൂപ്പ് എന്ന സായുധസംഘം അഴിച്ചുവിടുന്ന അക്രമപരമ്പരകൾക്കിടയിൽ, ഈ കലാപത്തെ ആളിക്കത്തിച്ചു നിർത്തുന്ന ബാഹ്യഇടപെടലുകൾ കൂടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. സുഡാനിൽ പരസ്പരം പോരടിക്കുന്ന സായുധസംഘങ്ങൾക്ക് എങ്ങനെയാണ് ആയുധങ്ങൾ ലഭിക്കുന്നത് എന്നാണ് ഇപ്പോൾ ചോദ്യമുയരുന്നത്.
റഷ്യ, ചൈന, സെർബിയ, യുകെ, യുഎഇ തുടങ്ങി പല രാജ്യങ്ങളിൽ നിർമിച്ച ആയുധങ്ങൾ സുഡാനിലെ ഗ്രൂപ്പുകളുടെ കയ്യിലുണ്ട് എന്നതിന്റെ ചിത്രമടക്കമുള്ള തെളിവുകൾ പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. ആംനെസ്റ്റി ഇന്റർനാഷണൽ ഇവ സംബന്ധിച്ച് വിശദമായ റിപ്പോർട്ടും പുറത്തുവിട്ടിരുന്നു. സുഡാനിലെ പ്രബല സായുധ സംഘങ്ങളായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെയോ സുഡാനി ആംഡ് ഫോഴ്‌സിനെയോ പിന്തുണക്കുന്നുവെന്ന് ലോകത്തെ ഒരു രാജ്യവും പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആയുധങ്ങൾ ഇവിടേക്ക് എത്തുന്നുണ്ട് എന്നുള്ളതാണ് വാസ്തവം. കലാപം ആരംഭിച്ച് ഏറെ നാളുകൾക്ക് ശേഷം, യുഎൻ സെക്യൂരിറ്റി കൗൺസിൽ ആയുധവിൽപന തടഞ്ഞുകൊണ്ടുള്ള നടപടിയെടുത്തതായി അറിയിച്ചെങ്കിലും അവയൊന്നും ഫലം ചെയ്തില്ലെന്നാണ് പിന്നീട് ആ രാജ്യത്ത് നടന്ന ഓരോ കൂട്ടുക്കുരുതിയും വ്യക്തമാക്കുന്നത്.
സുഡാനിലേക്ക് ആയുധം എത്തുന്നതുമായി ബന്ധപ്പെട്ട് യുഎഇയുടെ പേരാണ് കൂടുതലായി ഉയർന്ന് കേൾക്കുന്നത്. ആർഎസ്എഫിന് ആയുധങ്ങൾ എത്തിച്ചുനൽകുന്നത് യുഎഇ ആണെന്ന ആരോപണം നേരത്തെ മുതൽ തന്നെ ഉണ്ടായിരുന്നു. 2024ൽ വിവിധ മാധ്യമങ്ങളും സന്നദ്ധ സംഘടനകളും ഇത് സംബന്ധിച്ച റിപ്പോർട്ടുകളും പുറത്തുവിട്ടിരുന്നു. ഇപ്പോൾ സുഡാനിൽ ആർഎസ്എഫ് അതിക്രമം നടത്തിയ സ്ഥലങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്ന് ബ്രിട്ടീഷ് ആയുധങ്ങൾ കണ്ടെത്തിയപ്പോഴും യുഎഇയുടെ നേർക്ക് തന്നെയാണ് വിരൽ ചൂണ്ടപ്പെടുന്നത്. നേരത്തെ ചൈനീസ് ഡ്രോണുകളുടെ ചിത്രങ്ങൾ സുഡാനിൽ നിന്നും പുറത്തുവന്നപ്പോഴും യുഎഇ തന്നെയായിരുന്നു കുറ്റപ്പെടുത്തലുകൾ നേരിട്ടത്. കാരണം, വംശഹത്യ നടത്തുന്ന ആർഎസ്എഫിന് ആയുധങ്ങൾ നൽകുന്ന യുഎഇയുമായി ആയുധവിൽപന നടത്തരുതെന്ന് യുകെയോടും ചൈനയോടും പല മനുഷ്യാവകാശ സംഘടനകളും ഏറെ നാളുകളായി ആവശ്യപ്പെടുന്നുണ്ട്.
2024ൽ മിഡിൽ ഈസ്റ്റ് ഐ പുറത്തുവിട്ട റിപ്പോർട്ടിൽ എയർ മിസൈലുകളടക്കമുള്ള വമ്പൻ ആയുധങ്ങൾ യുഎഇ സുഡാനിൽ എത്തിക്കുന്നതായി ആരോപിച്ചിരുന്നു. ലിബിയ, ചാഡ്, ഉഗാണ്ട എന്നീ രാജ്യങ്ങളിലൂടെ കടത്തിയാണ് ഈ ആയുധങ്ങൾ സുഡാനിൽ എത്തിക്കുന്നതെന്നും ഈ റിപ്പോർട്ടിലുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 28ന് ഇതേ മാധ്യമം പുറത്തുവിട്ട മറ്റൊരു റിപ്പോർട്ടിൽ യുഎഇ ആർഎസ്എഫിന് ചൈനീസ് ഡ്രോണുകൾ നൽകിയതായും പറഞ്ഞിരുന്നു.

2024 ജൂലൈയിൽ യുഎഇ-ആർഎസ്എഫ് ബന്ധത്തെക്കുറിച്ചുള്ള മറ്റൊരു സുപ്രധാന തെളിവും പുറത്തുവന്നു. സുഡാനിലെ ഓംദുർമാൻ എന്ന സ്ഥലത്ത് വെച്ച് നടന്ന ഒരു ആക്രമണത്തിന് ശേഷം, ആർഎസ്എഫ് ഉപയോഗിച്ചിരുന്ന ഒരു യുദ്ധവാഹനത്തിൽ നിന്നും യുഎഇ പാസ്‌പോർട്ടുകൾ ലഭിച്ചിരുന്നു. യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ കൈവശമുള്ള ഇത് സംബന്ധിച്ച രേഖകളെ ഉദ്ധരിച്ച് ദ ഗാർഡിയൻ അടക്കമുള്ള മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്ത.
ആർഎസ്എഫുമായി ഒരു ആയുധ ഇടപാടും ഇല്ലെന്നാണ് ഈ ആരോപണങ്ങൾ ഉയരുന്ന സമയത്തെല്ലാം യുഎഇയുടെ മറുപടി. എന്നാൽ ഇവരും ആർഎസ്എഫും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന് നിരവധി സാമൂഹ്യ നിരീക്ഷകരും ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളും അഭിപ്രായപ്പെട്ടിട്ടുണ്ട്. സുഡാനിൽ ഇപ്പോൾ നടക്കുന്ന കലാപത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായ സ്വർണഖനികൾ തന്നെയാണ് യുഎഇ-ആർഎസ്എഫ് ബന്ധത്തിന്റെയും ആണിക്കല്ലായി ആരോപിക്കപ്പെടുന്നത്. ആർഎസ്എഫ് ഖനനം ചെയ്‌തെടുക്കുന്ന സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത് യുഎഇയിലോ യുഎഇ വഴിയോ ആണെന്നാണ് റിപ്പോർട്ടുകൾ. സുഡാനിലെ കാർഷികമേഖലയിലും തുറമുഖ രംഗത്തും യുഎഇ ഏറെ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു. അതുകൊണ്ട് തന്നെ സുഡാനെ തങ്ങളുടെ വരുതിക്ക് നിർത്താൻ യുഎഇ ആഗ്രഹിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.

സുഡാനിലെ ആഭ്യന്തര കലാപം നടത്തുന്ന രണ്ട് സായുധ സംഘങ്ങൾക്ക് ഏതെങ്കിലും വിദേശരാജ്യങ്ങളുടെ പിന്തുണ ഉള്ളതായി റിപ്പോർട്ടുകളില്ലെങ്കിലും സുഡാനിലെ വംശഹത്യയോട് ലോകം മുഴുവൻ മൗനം പാലിക്കുന്നതും നിസംഗത പുലർത്തുന്നതും ഇത്തവണയും ചർച്ചയാകുന്നുണ്ട്. ലോകരാജ്യങ്ങളൊന്നും സുഡാനിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുമ്പോട്ട് വരാത്തത് എന്തുകൊണ്ട് എന്ന ചോദ്യവും ഉയരുന്നുണ്ട്. യുഎഇയുടെ ആയുധ വിതരണത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ കൂടി പുറത്തുവന്നതോടെ സുഡാനിലെ ആഭ്യന്തര കലാപത്തിൽ നിന്നും ലാഭം ഊറ്റിയെടുക്കാൻ നിൽക്കുകയാണോ മറ്റ് രാജ്യങ്ങൾ എന്ന ആശങ്കയാണ് ശക്തമാകുന്നത്.
Content Highlights: why UAE is under radar on sudan conflict?