

ഇന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന എസ്എസ്എംബി 29. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങിയൊരു വൻതാരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുമുണ്ട്. എസ്എസ്എംബി 29 യുടെ അപ്ഡേറ്റ് നവംബറിൽ എത്തുമെന്നും മുമ്പ് ഒരിക്കലും കാണാത്ത ഒരു വെളിപ്പെടുത്തലാക്കി ഇതിനെ മാറ്റാൻ ഞങ്ങൾ ശ്രമിക്കുകയാണ് എന്നും രാജമൗലി നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ മഹേഷ് ബാബുവും രാജമൗലിയും എക്സിലൂടെ പരസ്പരം ട്രോളുന്ന കാഴ്ചയാണ് ആരാധകരെ ചിരിപ്പിക്കുന്നത്.
'നവംബർ എത്തി രാജമൗലി' എന്നായിരുന്നു മഹേഷ് ബാബുവിന്റെ ആദ്യത്തെ ട്വീറ്റ്. ഇതിന് മറുപടിയായി നടനെ കളിയാക്കികൊണ്ട് 'ഈ മാസം ഏത് സിനിമയുടെ റിവ്യൂ ആണ് ഇടാൻ പോകുന്നത്' എന്നാണ് രാജമൗലിയുടെ മറുപടി. പുറത്തിറങ്ങുന്ന പുതിയ സിനിമകൾ കണ്ടതിന് ശേഷം റിവ്യൂ ഇടുന്ന ശീലം മഹേഷ് ബാബുവിനുണ്ട്. ഇതിനെയാണ് രാജമൗലി ട്രോളിയത്. ഇതിന് ഉടനെ മറുപടിയുമായി മഹേഷ് ബാബു എത്തിയിട്ടുണ്ട്. 'നിങ്ങൾ നിർമിക്കുന്ന മഹാഭാരതത്തിന്റെ റിവ്യൂ ആണ് ഇടുന്നത്. ഒന്നാമതായി, നവംബറിൽ നിങ്ങൾ ഞങ്ങൾക്ക് ഒരു കാര്യം വാഗ്ദാനം ചെയ്തു. ദയവായി നിങ്ങളുടെ വാക്ക് പാലിക്കുക' എന്നാണ് മഹേഷ് ബാബു കുറിച്ചത്. എന്തായാലും ഇരുവരുടെയും ട്വീറ്റുകൾ നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.
റിപ്പോർട്ടുകൾ പ്രകാരം സിനിമയുടെ ആദ്യ ടീസർ നവംബർ 16 ന് എത്തും. അതേസമയം, സിനിമയുടെ പേരിനെക്കുറിച്ചുള്ള റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'വാരണാസി' എന്നാണ് സിനിമയുടെ പേരെന്നാണ് തെലുങ്ക് ട്രാക്കർമാർ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ഹോളിവുഡ് ഇതിഹാസ സംവിധായകൻ ജെയിംസ് കാമറൂൺ പുറത്തിറക്കുമെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു. നേരത്തെ ആർആർആർ കണ്ടിട്ട് രാജമൗലിയെ ജെയിംസ് കാമറൂൺ അഭിനന്ദിച്ചിരുന്നു.
ലോസ് ഏഞ്ചൽസിൽ വെച്ച് നടന്ന ഒരു അവാർഡ് നിശയ്ക്കിടെയാണ് രാജമൗലിയെ ജെയിംസ് കാമറൂൺ വാനോളം പുകഴ്ത്തിയത്.ആർ ആർ ആറിന്റെ മേക്കിങ്ങും തിരക്കഥയും ഇഷ്ടമായെന്നും പറഞ്ഞ കാമറൂൺ സിനിമയിലെ ഓരോ രംഗങ്ങളെപ്പറ്റിയും എടുത്തു പറഞ്ഞു അഭിനന്ദിച്ചു. എന്നെങ്കിലും ഹോളിവുഡിൽ ഒരു സിനിമ ചെയ്യണമെന്ന് തോന്നിയാൽ നമുക്ക് സംസാരിക്കാമെന്നും അന്ന് രാജമൗലിയോട് ജെയിംസ് കാമറൂൺ പറഞ്ഞിരുന്നു.
It’s November already @ssrajamouli 👀
— Mahesh Babu (@urstrulyMahesh) November 1, 2025
പൃഥ്വിരാജ് സുകുമാരനും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 2028-ലായിരിക്കും ചിത്രം റിലീസിനെത്തുക. ചിത്രത്തിന്റെ ഷൂട്ടിന്റെ ആദ്യ ഷെഡ്യൂൾ നേരത്തെ പൂർത്തിയായിരുന്നു. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോർട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
Content Highlights: Mahesh babu and ss rajamouli tweet goes viral