

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിനെ തള്ളി പാർട്ടി നേതൃത്വം. രാഷ്ട്രീയ വിമർശനങ്ങൾ ആവാം, എന്നാൽ വിമർശനങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകാൻ പാടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഭരണകൂടത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവൻ ആയതുകൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പുവെച്ചതെന്നായിരുന്നു പിഎംഎ സലാമിന്റെ അധിക്ഷേപ പരാമർശം. വാഴക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു സലാം ഇത്തരം പരാമർശം നടത്തിയത്. 'ഹൈന്ദവ തത്വങ്ങളും വികലമായ വീക്ഷണങ്ങളും പഠിപ്പിക്കാനുള്ള ഹൈന്ദവത്വം പ്രചരിപ്പിക്കുന്ന തീവ്രഹിന്ദുത്വ വാദം പ്രചരിപ്പിക്കുന്ന വിദ്യാഭ്യാസ നയം കൊണ്ടുവരാൻ ഒപ്പിട്ടിരിക്കുന്ന സാഹചര്യമാണ് കേരളത്തിലുണ്ടായിട്ടുള്ളത്. അതിനെ എതിർക്കുന്ന മുഖ്യമന്ത്രിമാർ ഇന്ത്യയിലുണ്ട്. പതിനായിരം കോടി രൂപ തന്നാലും ഇത്തരം വർഗീയ വിഷം തങ്ങളുടെ സംസ്ഥാനത്തേക്ക് കൊണ്ടുവരില്ലെന്ന് വനിതാ മുഖ്യമന്ത്രിയായ പശ്ചിമ ബംഗാളിലെ മമത ബാനർജി പറഞ്ഞിട്ടുണ്ട്. കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണും കെട്ടതുകൊണ്ടാണ് അതിൽ ഒപ്പിട്ടത്. ഒന്നുകിൽ മുഖ്യമന്ത്രി ആണോ അല്ലെങ്കിൽ പെണ്ണോ ആകണം. ഇത് രണ്ടും അല്ലാത്ത മുഖ്യമന്ത്രിയെ നമുക്ക് കിട്ടിയതാണ് നമ്മുടെ അപമാനം' എന്നായിരുന്നു സലാമിന്‍റെ പ്രസംഗം.
പരാമർശം വിവാദമായതോടെ സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് രംഗത്തെത്തി. പിഎംഎ സലാമിന്റേത് തരംതാണ നിലപാടാണെന്നും രാഷ്ട്രീയ മര്യാദകള്‍ പാലിക്കാത്ത നിലപാടാണെന്നുമായിരുന്നു മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. മുസ്‌ലീം ലീഗിന്റെ അപചയമാണ് ഇതിലൂടെ വ്യക്തമായതെന്നും വ്യക്തി അധിക്ഷേപം പിന്‍വലിച്ച് പിഎംഎ സലാം കേരളീയ സമൂഹത്തോട് മാപ്പുപറയണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അനുകരണീയമല്ലാത്ത മാതൃകയാണ് പിഎംഎ സലാമില്‍ നിന്നുണ്ടായതെന്നും ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിന്റെ നേതൃനായകനായ മുഖ്യമന്ത്രിയെ അധിക്ഷേപത്തിലൂടെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Content Highlights : Muslim league rejects PMA Salam for abusive remarks against Chief Minister Pinarayi Vijayan