
നടന് മോഹന്‍ലാലിനെ അഭിനന്ദിച്ച് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍. ദൈവാനുഗ്രഹം ഉള്ള മുഖമാണ് മോഹന്‍ലാലിന്റേതെന്നും ഏത് റോളിലേക്കും അദ്ദേഹം പെട്ടെന്ന് ഇണങ്ങി ചേരുമെന്നും ബച്ചന്‍ പറഞ്ഞു. കോന്‍ ബനേഗാ ക്രോര്‍പതി ഷോയ്ക്കിടെ അമിതാഭ് ബച്ചന് പിറന്നാളാശംസിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ വേദിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന് നന്ദി പറയവേയാണ് അദ്ദേഹം മോഹന്‍ലാലിനെക്കുറിച്ച് പ്രശംസിച്ചത്. ജാവേദ് അക്തര്‍, ഫര്‍ഹാന്‍ അക്തര്‍ എന്നിവരായിരുന്നു ഷോയില്‍ അതിഥികളായി എത്തിയത്.
'പ്രിയ അമിത് ജി, ജന്മദിനാശംസകള്‍. നിങ്ങള്‍ പ്രചോദനത്തിന്റെ വറ്റാത്ത ഉറവിടമാണ്. നിങ്ങളുടെ അച്ചടക്കം, വിനയം, കരുത്ത് എന്നിവയില്‍നിന്ന് ലോകം ഒരുപാട് കാര്യങ്ങള്‍ പഠിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങളുമായുള്ള ഓരോ സംഭാഷണവും നിങ്ങളുടെ ജീവിതയാത്രയില്‍നിന്ന് എത്രമാത്രം ഉള്‍ക്കൊള്ളാനുണ്ടെന്ന് എന്നെ ഓര്‍മ്മിപ്പിക്കുന്നു. എപ്പോഴും നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ', എന്നായിരുന്നു മോഹന്‍ലാലിന്റെ വീഡിയോ സന്ദേശം.
'സര്‍, അദ്ദേഹത്തിന് അടുത്തിടെ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചു. അദ്ദേഹം അത്രയ്ക്ക് മികച്ച ഒരു നടനാണ്. ഏത് വേഷം നല്‍കിയാലും അദ്ദേഹം പൂര്‍ണ്ണമായും അതിലേക്ക് രൂപാന്തരപ്പെടും. ദൈവാനുഗ്രഹം ലഭിച്ച മുഖമാണ് അദ്ദേഹത്തിന്റേത്. എല്ലാ വികാരങ്ങളും അദ്ദേഹത്തിന്റെ ഭാവങ്ങളിലൂടെ സ്വാഭാവികമായി ഒഴുകിയെത്തുന്നു', അമിതാഭ് ബച്ചന്റെ മറുപടി.
നേരത്തെ കോന്‍ ബനേഗാ കോര്‍പതി എന്ന പരിപാടിയില്‍ അമിതാഭ് ബച്ചന്‍ മുന്നില്‍ മോഹന്‍ലാലിന്റെ ഡയലോഗ് പറഞ്ഞു മുണ്ട് മടക്കി കുത്തുന്ന റിഷബ് ഷെട്ടിയുടെ വീഡിയോ വൈറലായിരുന്നു. 'എന്താ മോനെ ദിനേശാ..' എന്ന ഡയലോഗ് പറഞ്ഞു കൊണ്ടാണ് റിഷബ് ഷെട്ടി മുണ്ട് മടക്കി കുത്തുന്നത്. നിറഞ്ഞ കയ്യടിയാണ് സദസിലും ശേഷം സോഷ്യല്‍ മീഡിയയിലും നടന് ലഭിക്കുന്നത്. റിഷബ് ഒരു പക്കാ ഫാന്‍ ബോയ് എന്നാണ് കമന്റുകള്‍ നിറയുന്നത്. അതേസമയം, അമിതാഭ് ബച്ചനൊപ്പം വേദി പങ്കിട്ട നിമിഷത്തിന് നന്ദി പറഞ്ഞുകൊണ്ട് റിഷബ് ഷെട്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
Content Highlights: Amitabh bachchan about Mohanlal