
"ഒരു മാന്യയായ പെണ്‍കുട്ടി രാത്രി ഒന്‍പത് മണിക്ക് ശേഷം പുറത്ത് കറങ്ങി നടക്കില്ല. ബലാത്സംഗത്തിന് ആണ്‍കുട്ടിയേക്കാള്‍ കൂടുതല്‍ ഉത്തരവാദി പെണ്‍കുട്ടിയാണ്"
"പുലര്‍ച്ചെ 12.30ന് അവള്‍ എങ്ങനെയാണ് പുറത്തുവന്നത്?…പെണ്‍കുട്ടികളെ രാത്രിയില്‍ പുറത്ത് പോകാന്‍ അനുവദിക്കരുത്. അവര്‍ സ്വയം സംരക്ഷിക്കുകയും വേണം."
നിങ്ങളിപ്പോള്‍ വായിക്കുന്ന ഈ രണ്ട് വാചകങ്ങളും അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട രണ്ട് യുവതികളെ പറ്റി രണ്ട് പേര്‍ നടത്തിയിട്ടുള്ള നിഷ്ഠൂരമായ പ്രതികരണങ്ങളാണ്. വിരോധാഭാസം എന്തെന്നാൽ ആദ്യത്തെ പ്രസ്താവന നടത്തിയിരിക്കുന്നത് ആ ഹീനകൃത്യം നടത്തിയ ഒരു കൊടും ക്രിമിനലും രണ്ടാമത്തേത് ഒരു സംസ്ഥാനം ഭരിക്കുന്ന ഒരു മുഖ്യമന്ത്രിയുമാണ് എന്നുള്ളതാണ്.
വര്‍ഷം 2012 ഡല്‍ഹിയിലെ തെരുവില്‍ ഓടുന്ന ബസില്‍ അതിദാരുണമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ നീതിക്കായി കോച്ചുന്ന തണുപ്പിലും വലിയ സമരങ്ങള്‍ നടന്നിരുന്നു. അവയുടെ പശ്ചാതലത്തില്‍ അന്ന് ബ്രിട്ടീഷ് ചലച്ചിത്ര സംവിധായികയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ലെസ്‌ലി ഉഡ്വിന്‍ 'ഇന്ത്യാസ് ഡോട്ടര്‍' എന്ന് ഡോകുമെൻ്ററിക്കായി നിര്‍ഭയ കേസിലെ പ്രതികളുമായി ഒരു അഭിമുഖം നടത്തുകയുണ്ടായി, അതില്‍ പ്രതികളിലൊരാളായ മുകേഷ് സിംഗ് പറഞ്ഞ കുറ്റബോധം തൊട്ടുതീണ്ടാത്ത വാക്കുക്കളാണ് തുടക്കത്തിൽ ആദ്യം ഉദ്ധരിച്ചത്. മാന്യയായ പെണ്‍കുട്ടികള്‍ രാത്രിയില്‍ പുറത്തിറങ്ങില്ലെന്നും സ്ത്രീയാണ് ബലാത്സംഗത്തിന് പുരുഷനെക്കാള്‍ ഉത്തരവാദിയെന്നും ഒരു ക്രൈം നടത്തിയ ക്രിമിനല്‍ പറയുമ്പോള്‍ വലിയ അത്ഭുതമൊന്നും തോന്നിയെന്ന് വരില്ല.
എന്നാല്‍ താന്‍ ഭരിക്കുന്ന സംസ്ഥാനത്തെ ഒരു വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയാകുമ്പോള്‍ മമത ബാനര്‍ജിയെന്ന വനിതാ മുഖ്യമന്ത്രി ഈ നിലയിൽ അഭിപ്രായം പറയുന്നത് എത്രത്തോളം ഗുരുതരമാണെന്ന് ആലോചിച്ചു നോക്കൂ. പുലര്‍ച്ചെ 12.30 ന് അവള്‍ എങ്ങനെയാണ് പുറത്തുവന്നത്? പെണ്‍കുട്ടികളെ രാത്രിയില്‍ പുറത്ത് പോകാന്‍ അനുവദിക്കരുത്. അവര്‍ സ്വയം സംരക്ഷിക്കുകയും വേണമെന്ന് മമത പറയുമ്പോള്‍ ആ പ്രസ്താവനയുടെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ പലതാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്ന ഒരു ഭരണാധികാരിയില്‍ നിന്നാണ് ഇത്തരം പ്രതികരണം ഉണ്ടായത്.
ഏതൊരു കുറ്റകൃത്യത്തിലും കുറ്റകൃത്യം ചെയ്യുന്നവരാണ് പ്രതിസ്ഥാനത്ത് വരുന്നതും വിചാരണ നേരിടുന്നതും. എന്നാൽ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രങ്ങളില്‍ മാത്രം പ്രതിസ്ഥാനത്തുള്ള വ്യക്തിയേക്കാള്‍ ആക്രമിക്കപ്പെടുന്നതും ആള്‍ക്കൂട്ട വിചാരണ നേരിടേണ്ടി വരുന്നതും അതിജീവിതകളായ സ്ത്രീകൾക്കാണ്. എന്താണ് ഇതിലെ ലോജിക്ക്? അവളുടെ വസ്ത്രവും അവള്‍ പുറത്തിറങ്ങിയ സമയവും ഓഡിറ്റ് ചെയ്യപ്പെടുന്ന വിക്ടിങ് ബ്ലെയ്മിങ്ങ് കുറഞ്ഞപക്ഷം ഒരു മുഖ്യമന്ത്രിയില്‍ നിന്ന് അതും ഒരു വനിതാ മുഖ്യമന്ത്രിയില്‍ നിന്ന് സ്ത്രീകളെങ്കിലും പ്രതീക്ഷിക്കുന്നില്ല.
ആണധികാര ചിന്താഗതികളാല്‍ രൂപപ്പെട്ട ഒരു സമൂഹത്തിൻ്റെ പ്രതിനിധിയാണെന്ന കാര്യം അംഗീകരിക്കാം. പക്ഷെ വികലമായ പാട്രിയാര്‍ക്കല്‍ ചട്ടകൂടിനുള്ളില്‍ നിന്ന് അതിജീവിതയെ മഴയത്ത് നിര്‍ത്തി കുറ്റവാളിയെ ചേര്‍ത്ത് നിര്‍ത്തുന്ന സമീപനമമല്ല ഒരു ഭരണാധികാരി ചെയ്യേണ്ടത്. ഒരു ഭരണാധികാരിയെന്ന നിലയില്‍ മമതയുടെ ചിന്തകൾ ലിംഗനീതിയുടെ പുരോഗമന കാഴ്ചപ്പാടുകളിലേയ്ക്ക് വളരേണ്ടതുണ്ട്. ആണധികാര ബോധത്തിൽ രൂപപ്പെട്ട നിലപാടുകൾ തിരുത്തേണ്ടതുണ്ട്. വോട്ട് നല്‍കി വിജയിപ്പിച്ചവരുടെ കൂട്ടത്തിൽ സ്ത്രീകൾ കൂടിയുണ്ടെന്ന് മമത മറക്കരുതായിരുന്നു. അവർക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ ഭരണകൂടത്തിന് സംഭവിച്ച വീഴ്ച മറയ്ക്കാന്‍ വിക്ടിം ബ്ലെയ്മിങ് നടത്തുന്ന നിരുത്തരവാദിത്വപരമായ നിലപാടുകൾ മമതയെന്ന ഭരണാധികാരി വീണ്ടും ആവർത്തിച്ചിരിക്കുകയാണ്.
ഇതാദ്യമായല്ല അതിജീവിതമാരെ കുറ്റപ്പെടുത്തി മമത രംഗത്തെത്തുന്നത്. 2012-ല്‍ കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റിനടുത്ത് ഓടുന്ന കാറില്‍ നടന്ന കൂട്ടബലാത്സംഗക്കേസില്‍ അവര്‍ നടത്തിയ പ്രതികരണം ഓര്‍മയില്ലേ? ആണ്‍പെണ്‍കുട്ടികളും തമ്മിലുള്ള ഇടപഴകല്‍ വര്‍ധിച്ചതോടെയാണത്രേ ബലാത്സംഗക്കേസുകള്‍ ഉയര്‍ന്നത്. പിന്നീട് 2022ല്‍ 14 വയസ്സുള്ള ഒരു പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി കൊല്ലപ്പെട്ട സംഭവത്തിലും ഇരയാകപ്പെട്ട കുട്ടിയെ വിക്ടിം ബ്ലെയിം ചെയ്താണ് തന്റെ സര്‍ക്കാരിനെ മമത പ്രതിരോധിച്ചത്. 'അത് യഥാര്‍ത്ഥത്തില്‍ ഒരു ബലാത്സംഗ കേസാണോ? അതോ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നോ? അവള്‍ക്ക് പ്രണയബന്ധമുണ്ടോ?' എന്നെല്ലാമായിരുന്നു മമതയുടെ ചോദ്യം.
പോക്‌സോ നിയമം തന്നെ എന്തിനുവേണ്ടിയുള്ളതാണെന്ന് അറിയാത്തമട്ടിലുള്ള പ്രതികരണം.
രാജ്യത്തെ നടുക്കിയ ആര്‍ജികാര്‍ ബലാത്സംഗ കൊലപാതക കേസിലും സമാനമായ നിലപാടാണ് മമത എടുത്തത്. യുവ ഡോക്ടർക്ക് നേരെ രാത്രിയിലാണ് ആക്രമണം ഉണ്ടായതെന്ന് കണക്കിലെടുത്ത് മമത പുതിയ തൊഴില്‍ മാനദണ്ഡങ്ങള്‍ തന്നെ പുറത്തിറക്കി. സ്ത്രീകള്‍ക്ക് നൈറ്റ് ഡ്യൂട്ടി കുറയ്ക്കാം! ഇത് എലിയെ പേടിച്ച് ഇല്ലം ചുടുന്നത് പോലെയാണെന്നുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.സുരക്ഷ ശക്തമാക്കുക എന്നതിന് പകരം രാത്രി ഷിഫ്റ്റുകളോടുള്ള ഭീതി പരത്തുന്ന സമീപനമാണ് മമത സ്വീകരിച്ചത്. രാജ്യത്തെ ഏതൊരു പൗരനും അത് സ്ത്രീയായാലും പുരുഷനായാലും പുറത്തിറങ്ങി നടക്കാന്‍ പാകത്തില്‍ സുരക്ഷ ഉറപ്പാക്കുക എന്നുള്ളതാണ് ഭരണകൂടത്തിന്റെ കടമ.
ഒരു വനിതാ മുഖ്യമന്ത്രിയിൽ നിന്നാണ് ഇത്തരം പ്രസ്താവനകൾ ഉണ്ടായതെന്നതാണ് ഏറ്റവും ഖേദകരം. അധികാര സ്ഥാനങ്ങളിലേയ്ക്ക് വനിതകൾ കൂടുതലായി ഉയർന്ന് വരണമെന്ന ചർച്ചകൾ നിലവിൽ സജീവമാണ്. തന്ത്രപ്രധാനമായ പദവികളില്‍ സ്ത്രീകളുടെ എണ്ണം കുറവാണെന്നത് കാലാകാലങ്ങളായി നിലനില്‍ക്കുന്ന ആക്ഷേപമാണ്. കേരളത്തില്‍ ഇന്നും ഒരു വനിതാമുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്നത് വേറെ കാര്യം. അവിടെയെല്ലാം മമത എന്ന രാഷ്ട്രീയ നേതാവ് ഒരു മാതൃകയാണ്. പ ജീര്‍ണിച്ച യാഥാസ്ഥിതിക പിന്തിരിപ്പന്‍ ആശയങ്ങളുമായി, പാട്രിയാര്‍ക്കല്‍ സമൂഹത്തിന്റെ പ്രതിനിധിയായി ഒരു വനിതാ ഭരണാധികാരി വരുമ്പോള്‍ അവിടെ തകരുന്നത് സ്ത്രീപക്ഷ നിലപാടുകളെക്കുറിച്ചുള്ള പ്രതീക്ഷകളാണ്. ഏതെങ്കിലും ഒരു വനിത മുന്‍നിരയിലേക്ക് വരുന്നു എന്നതിലും പ്രധാനമാണ് പുരോഗമന സമത്വ ചിന്തകളുള്ള, അനീതികള്‍ക്കെതിരെ അതിശക്തമായി നിലപാടെടുക്കുന്ന, സ്ത്രീകളെ പൊതിഞ്ഞുപിടിക്കാതെ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നേതാവ് ഭരണാധികാരിയായി വരിക എന്നത്. അത്തരം ഭരണധികാരികളെയാണ് കാലം ആവശ്യപ്പെടുന്നത്. അവർ സ്ത്രീയായാലും പുരുഷനായാലും. യുവതികളെ നല്ല നടപ്പിന് ഉപദേശിക്കാതെ സമാധാനത്തോടെ, സുരക്ഷിതത്വത്തോടെ സ്വതന്ത്രമായി വിഹരിക്കാനുള്ള ഇടം അവള്‍ക്കും ഒരുക്കുകയാണ് വേണ്ടതെന്നാണ് ഭരണാധികാരികൾ തിരിച്ചറിയേണ്ടത്.
Content Highlights- Opinion on Mamata banerjee's mysogynist remarks