
ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളില്‍ ഇടം പിടിച്ച ഹര്‍ഷിത് റാണയെ പരസ്യമായി വിമർശിച്ച മുന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഒളിയമ്പുമായി പരിശീലകന്‍ ഗൗതം ഗംഭീര്‍. കൃഷ്ണമാചാരി ശ്രീകാന്ത്, രവിചന്ദ്രൻ അശ്വിൻ അടക്കമുള്ള മുന്‍ താരങ്ങൾ റാണയെ ടീമുകളിൽ ഉൾപ്പെടുത്തിയതിനെ വിമർശിച്ച് തങ്ങളുടെ യൂട്യൂബ് ചാനലിൽ വീഡിയോ പങ്കുവെച്ചിരുന്നു. ഇത് വളരെ നാണക്കേടാണെന്ന് പറഞ്ഞ ഗംഭീർ സ്വന്തം യൂട്യൂബ് ചാനലുകൾ നടത്തിക്കൊണ്ടുപോകുന്നതിന് വേണ്ടി 23 വയസുള്ള താരങ്ങളെ പോലും വെറുതെ വിടുന്നില്ലെന്നും തുറന്നടിച്ചത്.വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഇന്ത്യ വൈറ്റ്‌വാഷ് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗംഭീര്‍.
'ഇതെല്ലാം എത്ര നാണക്കേടാണെന്ന് നോക്കൂ. നിങ്ങളുടെ യൂട്യൂബ് ചാനലുകള്‍ നടത്തിക്കൊണ്ടുപോകുന്നതിന് വേണ്ടി 23 വയസുള്ള കുട്ടികളെ പോലും വെറുതെ വിടാത്തത് എത്ര അന്യായമാണ്. ഇത് തീര്‍ത്തും അന്യായമായ കാര്യം തന്നെയാണ്, കാരണം അദ്ദേഹത്തിന്റെ (ഹര്‍ഷിത്തിന്റെ) അച്ഛന്‍ മുന്‍ താരമോ മുന്‍ ചെയര്‍മാനോ എന്തിന് എന്‍ആര്‍ഐ പോലുമല്ല', ഗംഭീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'ഏത് ക്രിക്കറ്റ് കളിച്ചാലും അത് ഹര്‍ഷിത് സ്വന്തം മെറിറ്റിലാണ് കളിക്കുന്നത്. ഇനി ഭാവിയിലായാലും അദ്ദേഹത്തിന്റെ സ്വന്തം മെറിറ്റിലായിരിക്കും കളിക്കാന്‍ പോകുന്നത്. ഏതെങ്കിലും താരത്തെ വ്യക്തിപരമായി ലക്ഷ്യമിടുന്നത് ന്യായമായ കാര്യമല്ല. അവരുടെ പ്രകടനത്തെ വെച്ച് ടാര്‍ഗറ്റ് ചെയ്യാം. പക്ഷേ അതിന് വേണ്ടി ഇവിടെ ആളുകളുണ്ട്, സെലക്ടര്‍മാരുമുണ്ട്', ഗംഭീര്‍ ചൂണ്ടിക്കാട്ടി.
'23 വയസുള്ള കുട്ടിയെ കുറിച്ച് ഓരോന്ന് പറയുമ്പോള്‍ സോഷ്യല്‍ മീഡിയ അതിനെ കൂടുതലായി പൊലിപ്പിച്ച് കാണിക്കും. ഇതെല്ലാം കേള്‍ക്കുന്ന ആ താരത്തിന്റെ മാനസികാവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. ഒരുപക്ഷേ നാളെ നിങ്ങളുടെ മക്കളും ഇന്ത്യന്‍ ടീമിലെത്തിയേക്കാം. അവര്‍ക്കും ഈ അവസ്ഥ വന്നേക്കാം. ഹര്‍ഷിത്തിന് 33 വയസല്ല പ്രായം 23 ആണെന്നാണ് നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യം. നിങ്ങള്‍ക്ക് എന്നെ വിമര്‍ശിക്കാം. എനിക്കത് ഒരുപക്ഷേ കൈകാര്യം ചെയ്യാന്‍ സാധിക്കും. പക്ഷേ 23 വയസുള്ള കുട്ടിക്ക് അത് കഴിയണമെന്നില്ല. അത് അംഗീകരിക്കാനും സാധിക്കില്ല', ഗംഭീര്‍ പറഞ്ഞു.
Gautam Gambhir hits back at people who are trolling Harshit Rana. 🔥#Cricket #Harshit #Gambhir #India pic.twitter.com/IpxwO9e1yA
— Sportskeeda (@Sportskeeda) October 14, 2025
'ഇന്ത്യന്‍ ക്രിക്കറ്റ് ടീമെന്നത് ഡ്രസിങ് റൂമില്‍ ഇരിക്കുന്നയാളുകളുടെ മാത്രമല്ല. അത് നിങ്ങളുടെ എല്ലാവരുടെയും സ്വന്തമാണ്. എന്താണ് പറയേണ്ടതെന്ന് മനസിലാക്കേണ്ടത് നിങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തമാണ്. ഇത് ഹര്‍ഷിത്തിന്റെ മാത്രം കാര്യമല്ല. ഭാവിയിലും ഇങ്ങനെ യുവതാരങ്ങളെ ടാര്‍ഗറ്റ് ചെയ്യരുത്. താരങ്ങളുടെ പ്രകടനത്തെയാണ് ലക്ഷ്യമിടേണ്ടത്, വ്യക്തികളെയല്ല', ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Gautam Gambhir fires back at Srikkanth, Ashwin for “shameful” comments on Harshit Rana