
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ വീണ്ടും തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ നടപടി. അസിസ്റ്റന്റ് എഞ്ചിനീയർ കെ സുനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്തു.
സുനിൽ കുമാറിൻറെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന വിജിലൻസ് കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. എട്ട് ഉദ്യോഗസ്ഥരാണ് പ്രതിപട്ടികയിൽ ഉള്ളത്. മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ മുരാരി ബാബുവും കെ സുനിൽ കുമാറും നിലവിൽ സർവീസിലുള്ളവരാണ്. മുരാരി ബാബുവിനെതിരെ നേരത്തെ തന്നെ ബോർഡ് നടപടി എടുക്കുകയും സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
സ്വർണം പൊതിഞ്ഞ ചെമ്പുതകിടുകളാണ് ദ്വാരപാലക ശില്പങ്ങളിൽ എന്ന് അറിയാമായിരുന്നിട്ടും വെറും ചെമ്പ് തകിടുകൾ എന്നെഴുതി തയ്യാറാക്കിയ മഹ്‌സറിൽ സാക്ഷിയായി ഒപ്പുവെച്ച് ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൊടുത്തു വിടാൻ ഇടയാക്കി എന്നതാണ് സുനിൽ കുമാറിനെതിരായ പ്രധാന കണ്ടെത്തൽ. വിരമിച്ച ഉദ്യോഗസ്ഥർക്കെതിരായ നടപടി കോടതിയുടെ ഉത്തരവ് അനുസരിച്ച് സ്വീകരിക്കാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ദേവസ്വം ആസ്ഥാനത്തെത്തി. ഔദ്യോഗിക അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് നീക്കം. സ്വർണപ്പാളിയിലെ രേഖകളിലാണ് പരിശോധന. ദേവസ്വം വിജിലൻസ് എസ് പി അടക്കമുള്ള ഉദ്യോഗസ്ഥരെയും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരേയും അന്വേഷണ സംഘം കാണും.
Content Highlights: Devaswom Board Suspended Assistant engineer in connection with Sabarimala gold theft case