
രഹസ്യപ്രണയങ്ങള്‍ മുതല്‍ പരസ്യമായ പ്രണയ അപവാദങ്ങള്‍ വരെ..രാഷ്ട്രീയ എതിരാളികളോട് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാതെ പോരാടുന്ന ലോക നേതാക്കള്‍ പലരും കാല്‍തെറ്റി വീണിട്ടുള്ളത് പ്രണയ അപവാദങ്ങളിലാണ്. അവിടെ അധികാരമോ പണമോ അല്ല ഹൃദയ വികാരങ്ങളാണ് എന്നും മുന്നിട്ട് നില്‍ക്കാറുള്ളത്. തങ്ങളുടെ നേതൃത്വത്തിനൊപ്പം പ്രണയ ജീവിതത്തിന്റെ പേരിലും മാധ്യമങ്ങളില്‍ തലക്കെട്ടുകള്‍ സൃഷ്ടിച്ച ലോകനേതാക്കള്‍ നമുക്ക് മുന്നിലുണ്ട്..അവരില്‍ ഏറ്റവും ഒടുവില്‍ വാര്‍ത്താതലക്കെട്ടായിരിക്കുകയാണ് മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.
ട്രൂഡോയും അമേരിക്കന്‍ ഗായിക കാറ്റി പെറിയും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് പിറകെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍. കലിഫോര്‍ണിയയിലെ സാന്റ ബാര്‍ബറ തീരത്ത് ഒരു നൗകയില്‍ ഇരുവരും ആലിംഗനബദ്ധരായി ചുംബിച്ച് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രം വൈറലായതിന് പിറകേ വാര്‍ത്ത സ്ഥിരീകിച്ച് ഡെയ്‌ലി മെയില്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ ട്രൂഡോയോ, കാറ്റി പെറിയോ പ്രതികരണം നടത്തിയിട്ടുമില്ല. എന്നാല്‍ ഇതാദ്യമായല്ല ഇരുവരെയും ഒന്നിച്ച് കാണുന്നത്. ജൂലായില്‍ഇരുവരും ഒന്നിച്ച് ഡിന്നര്‍ കഴിക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. 53കാരനായ ട്രൂഡോ 2023ലാണ് ആദ്യഭാര്യയില്‍ നിന്ന് വിവാഹമോചനം നേടുന്നത്. 18 വര്‍ഷം നീണ്ട ദാമ്പത്യത്തിന് ഒടുവിലായിരുന്നു വിവാഹമോചനം. ഈ ബന്ധത്തില്‍ മൂന്നുമക്കളുണ്ട്. ഗ്രാമി പുരസ്‌കാരം നേടിയിട്ടുള്ള കാറ്റിക്ക് 40 വയസ്സാണ് പ്രായം.
ട്രൂഡോയ്ക്ക് മുന്‍പ് ഇത്തരത്തില്‍ മാധ്യമങ്ങള്‍ ആഘോഷിച്ച ബന്ധമായിരുന്നു മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍-മോണിക്ക ലെവിന്‍സ്‌കി പ്രണയം. 1990കളിലാണ് ഈ പ്രണയം മാധ്യമങ്ങളില്‍ കത്തിപ്പടര്‍ന്നത്. അത് ലോക രാഷ്ട്രീയത്തില്‍ തന്നെ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് 98ല്‍ ക്ലിന്റണ്‍ ഇംപീച്ച്‌മെന്റ് ചെയ്യപ്പെടുകവരെയുണ്ടായി. അധികാരത്തെയും രാഷ്ട്രീയത്തെയും സ്വകാര്യതയെയും ലോകം എങ്ങനെയാണ് നിരീക്ഷിക്കുന്നതെന്നും വിലയിരുത്തുന്നതെന്നുമുള്ളതിന്റെ ഉദാഹരണമായിരുന്നു ബില്‍ ക്ലിന്റണ്‍-മോണിക്ക ബന്ധം
ഇറ്റലിയുടെ മുന്‍പ്രധാനമന്ത്രിയായിരുന്ന സില്‍വിയോ ബെര്‍ലുസ്‌കോനി അപവാദങ്ങള്‍ക്ക് സുപരിചിതനാണ്. സില്‍വിയോ നടപ്പാക്കിയ രാഷ്ട്രീയ പരിഷ്‌ക്കാരങ്ങളേക്കാള്‍ അദ്ദേഹത്തിന്റെ ബംഗ ബംഗ പാര്‍ട്ടികളിലെ അദ്ദേഹത്തിന്റെ സാന്നിധ്യമാണ് പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്. ചെറുപ്പക്കാരായ യുവതികളെത്തുന്ന ആഡംബരപാര്‍ട്ടികളാണ് ബംഗ ബംഗ. അധികാര ദുര്‍വിനിയോഗം, അഴിമതി, സ്ത്രീകളുമായുള്ള ചങ്ങാത്തം എന്നിവയുമായി ബന്ധപ്പെട്ട് ഒട്ടേറെ ആരോപണങ്ങള്‍ അദ്ദേഹത്തിന് നേര്‍ക്ക് ഉയര്‍ന്നിട്ടുണ്ട്. വിമര്‍ശനങ്ങള്‍ നേരിടുമ്പോഴും വര്‍ഷങ്ങളോളം ഇറ്റാലിയന്‍ രാഷ്ട്രീയത്തില്‍ പ്രബലനായിരുന്നു സില്‍വിയോ.
അമേരിക്കയുടെ പ്രിയങ്കരനായ പ്രസിഡന്റാണ് ജോണ്‍ എഫ് കെന്നഡി. കെന്നഡിയും ഹോളിവുഡ് ഐക്കണ്‍ മെര്‍ലിന്‍ മണ്‍റോയും തമ്മിലുള്ള ബന്ധം അക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. ഹാപ്പി ബര്‍ത്ത്‌ഡേ മിസ്റ്റര്‍ പ്രസിഡന്റ് എന്ന പേരില്‍ 1962ല്‍ മെര്‍ലിന്‍ നടത്തിയ ഒരു പെര്‍ഫോമന്‍സ് അവരുടെ ബന്ധവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെ ശക്തിപ്പെടുത്തുന്നതായിരുന്നു. പക്ഷെ ഒരിക്കല്‍പോലും ഇരുവരും ഇതേക്കുറിച്ച് പരസ്യമായി ഒരു പ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല.
Content Highlights: From Trudeau to Clinton: A Look at the Scandalous Affairs of World Leaders