

നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിൻ നിഗം നായകനാകുന്ന സിനിമയാണ് ഹാൽ. ഇപ്പോഴിതാ ചിത്രത്തിൽ നിന്ന് ചില രംഗങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുകയാണ് സെൻസർ ബോർഡ്. സെൻസർ ബോർഡിന്റെ ഈ നീക്കത്തിൽ മനസുതുറക്കുകയാണ് സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണൻ.
മലയാള സിനിമകൾക്ക് നേരെയാണ് സ്ഥിരമായി ഇത്തരം പ്രവർത്തികൾ നടക്കുന്നതെന്നും അതിൽ കൃത്യമായ രാഷ്ട്രീയം ഒളിഞ്ഞിരിപ്പുണ്ടെന്നും ബി ഉണ്ണികൃഷ്ണൻ റിപ്പോർട്ടറിനോട് പറഞ്ഞു. ജാനകി എന്ന പേരുള്ളതിനാൽ രാവണപ്രഭുവിനും കട്ട് വരുമോ എന്ന ചോദ്യത്തിന് രാവണപ്രഭുവിൽ കട്ട് വരില്ല എന്നതിന്റെ തെളിവാണല്ലോ അതിന്റെ റീ റിലീസ് എന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. 'പ്രാദേശിക കമ്മിറ്റി ഒരു സിനിമ കാണുന്നു. അതിൽ ചെയർമാന്റെ ഒപ്പിനായി മുംബൈയിൽ എത്തുമ്പോൾ ഏകപക്ഷീയമായി സിനിമയെക്കുറിച്ച് മുൻധാരണകൾ രൂപപ്പെടുത്തി സിനിമ തടയുകയാണ്. പിന്നെ കോടതിയിൽ പോകുമ്പോഴാണ് റിവൈസിംഗ് കമ്മറ്റിക്ക് വിടുന്നത്. അവർ സിനിമ കണ്ടിട്ട് യാതൊരു വിധമുള്ള യുക്തിയുമില്ലാത്ത ഭേദഗതികൾ പറയുകയാണ്.
പക്ഷെ അതിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. എന്നാൽ അതെല്ലാം ഇപ്പോഴും മലയാള സിനിമയ്ക്ക് നേരെ മാത്രമാണ് വരുന്നത്. ഇത് സിനിമയുടെ നിലനിൽപ്പിന് ഒരു ഭീഷണിയാണ്. തുടർച്ചയായി ഇത് മലയാള സിനിമ നേരെ ഉണ്ടാകുന്നു എന്നതും ഓർക്കണം. രാവണപ്രഭുവിൽ കട്ട് വരില്ല എന്നതിന്റെ തെളിവാണല്ലോ അതിന്റെ റീ റിലീസ്. കട്ടുകൾ എവിടെയാണ് വരേണ്ടത് എന്നതിൽ ഒരു നിലപട് അവർക്ക് കൃത്യമായി ഉണ്ട്', ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
ബീഫ് ബിരിയാണി രംഗം ഒഴിവാക്കണം എന്നാണ് സിബിഎഫ്‌സി ആവശ്യപ്പെട്ടിരിക്കുന്നത്. ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി പരാമര്‍ശങ്ങൾ എന്നിവ നീക്കം ചെയ്യാമെന്നാണ് സെൻസർ ബോർഡിൻറെ നിർദേശം. ഇവയെല്ലാം അടക്കം 15 സീനുകളില്‍ മാറ്റങ്ങള്‍ വേണമെന്ന് സിബിഎഫ്സി അറിയിച്ചു. ഈ മാറ്റങ്ങള്‍ വരുത്തിയാല്‍ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് സിബിഎഫ്‌സിയുടെ നിലപാട്. സിബിഎഫ്സി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ജെ വി ജെ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlights: B Unnikrishnan about Ravanaprabhu and Haal