
നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിൻ നിഗം നായകനാകുന്ന സിനിമയാണ് ഹാൽ. ഇപ്പോഴിതാ ചിത്രത്തിൽ നിന്ന് ചില രംഗങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുകയാണ് സെൻസർ ബോർഡ്. സെൻസർ ബോർഡിന്റെ ഈ നീക്കത്തിൽ കൂടുതൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്തായ നിഷാദ് കോയ.
പത്തിലേറെ മാറ്റങ്ങൾ ആണ് ഹാൽ സിനിമയ്ക്ക് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നതെന്ന് നിഷാദ് കോയ റിപ്പോർട്ടറിനോട് പറഞ്ഞു. കമ്യൂണൽ വിഷയങ്ങൾ ഉള്ളതിനാൽ 'എ' സർട്ടിഫിക്കറ്റ് നൽകിയെന്നാണ് സെൻസർ ബോർഡിൻ്റെ വാദമെന്നും നിഷാദ് കോയ ചൂണ്ടിക്കാണിച്ചു. 'പൊളിറ്റിക്കൽ സറ്റയറിന്റെ രൂപത്തിൽ ചില കാര്യങ്ങൾ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയ മത വിഭാഗങ്ങളുടെയും തെറ്റായ ചിന്താഗതികളെ ഞങ്ങൾ വിമർശിച്ചിട്ടുണ്ട്. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി പരാമര്‍ശം എന്നിവ നീക്കം ചെയ്യണമെന്നാണ് സെൻസർ ബോർഡിൻ്റെ നിർദ്ദേശമെന്നും നിഷാദ് കോയ പറഞ്ഞു.
'സിനിമയിൽ നായിക ഒരു റാപ്പ് സോങ്ങിന്റെ ഭാഗമായിട്ട് പർദ്ദയിട്ടിട്ട് ഡാൻസ് കളിക്കുന്നുണ്ട്. ആ പർദ്ദ ഉള്ള സീൻ കട്ട് ചെയ്യണം എന്നാണ് പറയുന്നത്. ഈ കട്ടുകൾ ചെയ്താൽ പോലും സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് മാത്രമേ കിട്ടൂ. അത് അംഗീകരിക്കാൻ പറ്റാത്തതുകൊണ്ട് ഞങ്ങൾ ഹൈക്കോടതിയെ സമീപിക്കുകയാണ്. ഞങ്ങൾ കാത്തിരിക്കാൻ തയ്യാറാണ്', നിഷാദ് കോയ റിപ്പോർട്ടറിനോട് പറഞ്ഞു.
ഷെയിന്‍ നിഗത്തിന്‍റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായി എത്തുന്ന 'ഹാൽ' സിനിമയിൽ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്‍റണി, നത്ത്, വിനീത് ബീപ്‍കുമാർ, കെ. മധുപാല്‍, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എന്‍റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന. ബോളിവുഡിലെ ശ്രദ്ധേയ ഗായകൻ അങ്കിത് തിവാരി മലയാളത്തിലേക്ക് ആദ്യമായി എത്തുന്ന സിനിമ കൂടിയാണിത്.
സംഗീതത്തിന് പ്രാധാന്യം നൽകി എത്തുന്ന ചിത്രം ജെ വി ജെ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ഒരുങ്ങുന്നത്. ഹാലിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന സിനിമയാണ് 'ഹാൽ'. തിങ്ക് മ്യസിക്കാണ് മ്യൂസിക് പാർട്നർ.
Content Highlights: Nishad koya talks about haal censor issues