ചന്ദ്രയാകാൻ കല്യാണിയേക്കാള്‍ അര്‍ഹതയുള്ള മറ്റാരുമില്ല; ഏറ്റവും ബെസ്റ്റാണ് കല്യാണി നല്‍കിയത്: ദുൽഖർ സൽമാൻ

'കല്യാണിയെ പ്രശംസിച്ചുകൊണ്ടുള്ള മീമുകളെല്ലാം ഞാന്‍ തന്നെ അയച്ചുകൊടുക്കാറുണ്ട്'

ചന്ദ്രയാകാൻ കല്യാണിയേക്കാള്‍ അര്‍ഹതയുള്ള മറ്റാരുമില്ല; ഏറ്റവും ബെസ്റ്റാണ് കല്യാണി നല്‍കിയത്: ദുൽഖർ സൽമാൻ
dot image

ആഗോള ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് മുന്നേറുകയാണ് ലോക. ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ 100 കോടിയിലധികം കളക്ഷനാണ് സിനിമ നേടിയത്. ആഗസ്റ്റ് 28ന് റിലീസ് ചെയ്ത ചിത്രം വെറും ആറ് ദിവസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. ഇപ്പോഴിതാ നടി കല്യാണി പ്രിയദര്‍ശനെ അഭിനന്ദിച്ചു കൊണ്ട് ദുല്‍ഖര്‍ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ചന്ദ്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കല്യാണിയേക്കാള്‍ അര്‍ഹതയുള്ള മറ്റാരുമില്ലെന്നാണ് താന്‍ കരുതുന്നതെന്നെന്ന് ദുല്‍ഖര്‍ പറഞ്ഞു. എല്ലാ കാര്യങ്ങളിലും കല്യാണി ബെസ്റ്റ് ആണ് നല്‍കിയതെന്നും ദുല്‍ഖര്‍ പറഞ്ഞു. ലോകയുടെ തെലുങ്ക് സക്സസ് മീറ്റിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.

'കല്യാണി പ്രിയദര്‍ശന്‍ അല്ലാതെ ചന്ദ്ര എന്ന കഥാപാത്രത്തിന് മറ്റാരും അനുയോജ്യമാണെന്ന് ഞാന്‍ കരുതുന്നില്ല. കഥാപാത്രത്തിൻ്റെ ലുക്ക് മുതല്‍ ഫിസിക്കല്‍ ട്രെയ്നിങ്ങ് അടക്കമുള്ള എല്ലാ കാര്യങ്ങളിലും കല്യാണി തൻ്റെ ബെസ്റ്റ് ആണ് നല്‍കിയത്. നിര്‍മാതാക്കളോ സംവിധായകനോ ആവശ്യപ്പെടുന്നതിന് മുന്‍പ് തന്നെ കല്യാണി ട്രെയ്നിങ്ങ് ആരംഭിച്ചിരുന്നു. താനൊരു സൂപ്പര്‍ഹീറോ സിനിമ സൈന്‍ ചെയ്തിട്ടുണ്ട് അപ്പോള്‍ അത് തൻ്റെ ചുമതലയാണ് എന്ന ചിന്തയാണ് കല്യാണിയെകൊണ്ട് അത് ചെയ്യിപ്പിച്ചത്. കല്യാണിയെ പ്രശംസിച്ചുകൊണ്ടുള്ള മീമുകളെല്ലാം ഞാന്‍ തന്നെ അയച്ചുകൊടുക്കാറുണ്ട്. കല്യാണിയേക്കാള്‍ ചന്ദ്രയുടെ വേഷം ചെയ്യാന്‍ അര്‍ഹതയുള്ള മറ്റാരുമില്ലെന്ന് ഞാന്‍ കരുതുന്നു,' ദുല്‍ഖറിൻ്റെ വാക്കുകള്‍.

മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് 'ലോക'. സംവിധായകന്‍ ഡൊമിനിക് അരുണ്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 30 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് റിലീസിന് ശേഷം ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴും ടിക്കറ്റുകള്‍ ലഭിക്കാത്തതിനാല്‍ മിക്ക തിയേറ്ററുകളിലും സ്പെഷ്യല്‍ ഷോകള്‍ നടത്തുകയാണ്. കേരളത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനം കൂടുതല്‍ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോള്‍ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷന്‍ ബുക്കിംഗ് ആപ്പുകളില്‍ ട്രെന്‍ഡിങ്ങായി കഴിഞ്ഞു.സിനിമയുടെ ടെക്‌നിക്കല്‍ വശങ്ങള്‍ക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആര്‍ട്ട് വര്‍ക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.

നസ്ലെന്‍, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി മാസ്റ്റര്‍ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്. ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിര്‍മിക്കാന്‍ തയ്യാറായ ദുല്‍ഖര്‍ സല്‍മാനും കയ്യടികള്‍ ഉയരുന്നുണ്ട്. സംവിധാനവും കഥയും തിരക്കഥയും നിര്‍വഹിച്ച ഡൊമിനിക് അരുണിനും അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ ഒരുക്കിയ ശാന്തി ബാലചന്ദ്രനും വലിയ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.

Content Highlights: Dulquer salmaan praises Kalyani Priyadarshan

dot image
To advertise here,contact us
dot image